ADVERTISEMENT

കൊച്ചി∙ രാജ്യത്തു സ്റ്റാർട്ടപ് സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നത് ആഡംബര കാർ വിപണിക്ക് ഊർജമേകുന്നു. പരമ്പരാഗത ബിസിനസുകളിൽനിന്നു വ്യത്യസ്തമായി സ്റ്റാർട്ടപ്പുകൾക്ക് വൻതോതിൽ മൂലധന നിക്ഷേപം (ഫണ്ടിങ്) ലഭിക്കുന്നതും ആ രംഗത്തെ സംരംഭകർ ബഹുഭൂരിപക്ഷവും യുവാക്കൾ ആണെന്നതുമാണു കാരണം

 

ബാങ്ക് വായ്പ പോലെയുള്ള മൂലധന സമാഹരണ രീതികളല്ല സ്റ്റാർട്ടപ്പുകൾ പിന്തുടരുന്നത്. ആശയത്തിന്റെ ബലത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വൻകിട നിക്ഷേപക ഗ്രൂപ്പുകളിൽനിന്നു കോടിക്കണക്കിനു രൂപ സമാഹരിക്കുകയാണു സ്റ്റാർട്ടപ്പുകളുടെ രീതി. 100 കോടിയിലേറെ ഡോളർ (7500 കോടിയിലേറെ രൂപ) മൂല്യമുള്ള 100 സ്റ്റാർ‍ട്ടപ് കമ്പനികൾ ഇപ്പോൾത്തന്നെ രാജ്യത്തുണ്ട്. അതിവേഗം വൻതോതിൽ ഫണ്ടിങ് കിട്ടുകയും മൂല്യം ഉയരുകയും ചെയ്യുന്ന സ്റ്റാർട്ടപ് സംരംഭകർ ആഡംബര കാർ വിപണിയുടെ മുകൾത്തട്ടിലേക്കാണ് നോക്കുന്നതും. ഒരു കോടിയിലേറെ രൂപ വിലയുള്ള കാറുകളുടെ വിൽപന, 50 ലക്ഷത്തിൽത്താഴെ വിലയുള്ള കാറുകളുടെ വിഭാഗത്തെക്കാൾ വേഗത്തിൽ വളരുന്നതിനു പിന്നിൽ സ്റ്റാർട്ടപ്പുകളുടെ സാന്നിധ്യം വളരെ വലുതാണെന്ന് മെഴ്സിഡീസ് ബെൻസ് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി സന്തോഷ് അയ്യർ മനോരമയോടു പറഞ്ഞു. 2018ൽ മെഴ്സിഡീസിന്റെ ഇന്ത്യയിലെ വിൽപനയിൽ, 50 ലക്ഷം വരെ വിലയുള്ള കാറുകളുടെ വിഹിതം 40%, ഒരു കോടിക്കു മേലുള്ളവയുടെ വിഹിതം 12% എന്നിങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോഴത് 24% (50 ലക്ഷം വരെ വിലയുള്ളവ), 29% (ഒരു കോടിക്കു മേൽ വിലയുള്ളവ) എന്നിങ്ങനെ മാറി.

 

സ്റ്റാർട്ടപ് സംരംഭകർ കൂടുതലും യുവാക്കൾ ആയതിനാൽ കാഴ്ചപ്പാട് വളരെ കൗതുകകരമാണെന്ന് ഔഡി ഇന്ത്യ ബ്രാ‍ൻഡ് ഡയറക്ടർ ബൽബീർസിങ് ധില്ലൻ മനോരമയോടു പറഞ്ഞു. വീടു വാങ്ങുന്നതിനെക്കാൾ മുൻപു കാർ വാങ്ങുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ആദ്യം ആസ്തി, പിന്നെ ജീവിതം ആസ്വദിക്കൽ എന്ന പഴയ നിലപാടല്ല. സ്റ്റാർട്ടപ്പുകളിൽ ജീവനക്കാർക്കു ശമ്പളത്തിനു പുറമെ കമ്പനിയുടെ ഓഹരികളും ലഭിക്കുന്ന രീതിയാണ്.അതിനാൽ, വൻതോതിൽ ഫണ്ടിങ് ലഭിക്കുമ്പോൾ അവരുടെ ആസ്തിമൂല്യവും ഉയരുന്നു. സംരംഭകരും ജീവനക്കാരും ആഡംബര കാർ വിപണിയിലേക്ക് എത്താൻ ഇത് വഴിയൊരുക്കുന്നു. തുടക്കക്കാർ ‘യൂസ്ഡ് ആഡംബര കാർ’ വാങ്ങുന്നതും പതിവായെന്ന് അദ്ദേഹം പറഞ്ഞു. 

 

സ്മാർ‌ട്ഫോൺ പോലെ ഏറ്റവും ഉയർന്ന ടെക്നോളജി ഉൾപ്പെടുത്തിയ കാറുകളാണു യുവാക്കൾക്കു വേണ്ടതെന്നു സന്തോഷ് അയ്യർ പറഞ്ഞു. കണക്ടിവിറ്റിയും ഏറ്റവും മുന്തിയ സൗകര്യങ്ങളും അത്യാവശ്യം. ഒരു മോഡലിനുതന്നെ വില കുറഞ്ഞ, ഫീച്ചറുകൾ കുറഞ്ഞ വേരിയന്റും സൗകര്യം കൂടിയ ഉയർന്ന വേരിയന്റും എന്ന സ്ഥിതി മാറി. എല്ലാ ഫീച്ചറുകളുമുള്ള വേരിയന്റിനേ വിൽപനയുള്ളൂ എന്നതിനാൽ ഇപ്പോൾ കമ്പനികൾ അതു മാത്രം വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നു. 

സ്റ്റാർട്ടപ് സംരംഭകർ സിനിമ– സ്പോർട്സ് താരങ്ങളെപ്പോലെ സെലിബ്രിറ്റി പദവിയുള്ളവരായതിനാൽ അവർ കാർ വാങ്ങുന്നത് കമ്പനികൾക്ക് ബ്രാൻഡിങ്ങിനും സഹായകമാകുന്നു. 

 

മികച്ച വളർച്ച

 

രാജ്യത്ത് ആഡംബര കാർ വിപണി മികച്ച വളർച്ചയാണ് കോവിഡിനു ശേഷം കൈവരിച്ചിരിക്കുന്നത്. 2018ലെ നിലയിലോ അതിനു മുകളിലോ വിൽപന എത്തുമെന്നാണ് കാർ കമ്പനികൾ കണക്കാക്കുന്നത്. ജനുവരി–മാർച്ച് ത്രൈമാസത്തിലെ കണക്കുകൾ കമ്പനികൾക്ക് ആത്മവിശ്വാസം പകരുന്നു. ആയിരക്കണക്കിനു കാറുകൾക്കുള്ള ബുക്കിങ്ങാണ് ആഡംബര കാർ നിർമാതാക്കൾക്ക് ഇപ്പോഴുള്ളത്. മെഴ്സിഡീസ് ബെൻസിനു മാത്രം അയ്യായിരത്തിലേറെ കാറുകൾക്കു ബുക്കിങ് ഉണ്ട്. ഈയിടെ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞ ദിവസം വിപണിയിലെത്തിയ സി–ക്ലാസ് സെഡാനു മാത്രം ആയിരത്തിലേറെ ബുക്കിങ് ലഭിച്ചതായും ഇത് ഇന്ത്യൻ ആഡംബര കാർ വിപണിയിൽ ആദ്യമായാണെന്നും കമ്പനി അറിയിച്ചു. കാർ ലഭിക്കാൻ 2–3 മാസം കാത്തിരിക്കേണ്ടിവരും. ഔഡി എ8 സെഡാനും മികച്ച ബുക്കിങ്ങാണു വിപണിയിലെത്തുംമുൻപുതന്നെ ലഭിച്ചിരിക്കുന്നത്.

 

ഉൽപാദനത്തിനു തടസ്സം

 

ബുക്കിങ് കൂടുന്നത് നല്ലതാണെങ്കിലും വാഹനങ്ങൾ സമയബന്ധിതമായി കൊടുത്തുതീർക്കാനാകുക എന്നതു വെല്ലുവിളിയാണ്. സെമികണ്ടക്ടർ ക്ഷാമം, റഷ്യ–യുക്രെയ്ൻ യുദ്ധം, ചൈനയിലെ കോവി‍ഡ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ കാർ ഉൽപാദനത്തെ ബാധിക്കുന്നു. എങ്കിലും പുതിയ മോഡലുകളുടെ നിര തന്നെയാണ് ഇക്കൊല്ലത്തേക്ക് ആഡംബര കാർ നിർമാതാക്കൾ തയാറാക്കിക്കൊണ്ടിരിക്കുന്നത്.

 

English Summary: Luxury Car Market Booming In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com