ADVERTISEMENT

വാഹനങ്ങൾക്കായി പുതിയ പേരുകൾ റജിസ്റ്റർ ചെയ്ത് ടൊയോട്ട. ഇന്നോവ ഹൈക്രോസ്, ഹൈറൈഡർ എന്നീ പേരുകളാണ് ടൊയോട്ട് ട്രേഡ് മാർക്കിനായി നിൽകിയത്. ഇന്നോവ ഹൈക്രോസ് എന്ന പേര് ഇന്നോവയുടെ ഹൈബ്രിഡ് പതിപ്പിനും ഹൈറൈഡർ എന്ന പേര് സുസുക്കിയും ടൊയോട്ടയും ചേർന്ന് വികസിപ്പിക്കുന്ന ചെറു എസ്‍യുവിക്കുമായിരിക്കുമെന്നാണ് കരുതുന്നത്. 

ഇന്നോവ ഹൈക്രോസ്

 

ഇന്നോവയുടെ പുതിയ പതിപ്പിനായിരിക്കും ഹൈക്രോസ് എന്ന പേരു നൽകുക. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യം ഇന്തൊനീഷ്യൻ വിപണിയിലും അതിനു ശേഷം അടുത്ത വർഷം ഇന്ത്യൻ വിപണിയിലുമെത്തുമെന്നാണ് പ്രതീക്ഷ. പരീക്ഷണയോട്ടം നടത്തുന്ന പുതിയ മോഡലിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇന്തൊനീഷ്യൻ വിപണിയിലെ ടൊയോട്ട അവൻസയ്ക്ക് അടിത്തറയായ ടിഎൻജിഎ–ബി അല്ലെങ്കിൽ ഡിഎൻജിഎ പ്ലാറ്റ്ഫോമിലാണ്  ബി560 എന്ന കോഡ് നാമത്തിൽ പുതിയ ഇന്നോവ വികസിപ്പിക്കുന്നത്. ഇന്ധനക്ഷമത കൂടിയ പെട്രോൾ ഹൈബ്രിഡ് എൻജിനായിരിക്കും വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മാരുതി –ടൊയോട്ട സഖ്യത്തിൽ ഉടൻ വിപണിയിലെത്തുന്ന എസ്‍യുവിക്കും പുതിയ ഇന്നോവയ്ക്കും 1.5 ലീറ്റർ ഹൈബ്രിഡ് പെട്രോൾ എൻജിനായിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഡീസൽ എൻജിന് പകരക്കാരനായാണോ പുതിയ ഹൈബ്രിഡ് എൻജിൻ എന്നു വ്യക്തമല്ല. നിലവിൽ 2.7 ലീറ്റർ പെട്രോൾ എൻജിനും 2.4 ലീറ്റർ ഡീസൽ എൻജിനുമാണ് ഇന്നോവ ക്രിസ്റ്റയിൽ ഉപയോഗിക്കുന്നത്.

 

ക്രേറ്റ എതിരാളി

 

സുസുക്കിയും ടൊയോട്ടയും ചേർന്നു വികസിപ്പിക്കുന്ന പുതിയ എസ്‌യുവി ഇക്കൊല്ലം ദീപാവലിക്കാലത്തു തന്നെ ഇന്ത്യയിൽ വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. നിലവിലെ ശൈലിയായ വിഭജിച്ച ഹെഡ്‍ലാംപ്, ഡേ ടൈം റണ്ണിങ് ലാംപ്, മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, 17 ഇഞ്ച് അലോയ് വീൽ എന്നിവയൊക്കെ സഹിതമാവും പുത്തൻ ഇടത്തരം എസ്‌യുവിയുടെ വരവ്. തുടക്കത്തിൽ ഈ എസ്‌യുവി ഡീസൽ എൻജിനോടെ വിൽപനയ്ക്കെത്താനും സാധ്യതയില്ല. പകരം  1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനോടെയാവും എസ്‌യുവിയുടെ വരവ്. മിക്കവാറും 12 – 16 ലക്ഷം രൂപ വില നിലവാരത്തിലാവും സുസുക്കിയും ടൊയോട്ടയും പുതിയ എസ്‌യുവി വിൽപനയ്ക്കെത്തിക്കുകയെന്നാണു വിലയിരുത്തൽ. 

 

English Summary: Toyota Innova Hycross, Hyryder names Trademarked in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com