ചെറുതോണി ∙ വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജ് ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു പൈനാവ് കുയിലിമലയിലെ ആർടിഒ ഓഫിസിലെത്തിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ആർടിഒ ആർ.രമണൻ ജോജു ജോർജിന് നോട്ടിസ് അയച്ചിരുന്നു.
അനുമതിയില്ലെന്ന് അറിയാതെയാണ് റേസിൽ പങ്കെടുത്തതെന്നും സ്വകാര്യ എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തിൽ വാഹനം ഓടിച്ചില്ലെന്നുമാണ് ജോജു മൊഴി നൽകിയത്. ഇതു പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനു പിഴ ഈടാക്കിയേക്കും.
ഇതിനിടെ പരിപാടിയിൽ പങ്കെടുത്ത് വാഹനം ഓടിച്ച 12 പേർക്ക് വാഗമൺ പൊലീസ് നോട്ടിസ് അയച്ചു. വാഹനങ്ങളുമായി ഹാജരാകാനാണ് നിർദേശം. നാലു പേർ നേരത്തേ ഹാജരായി ജാമ്യമെടുത്തിരുന്നു.
English Summary: Actor Joju George Explanation To MVD