ADVERTISEMENT

ഇലക്ട്രിക് സ്കൂട്ടറുകൾക്കു തീപിടിക്കുന്നതു തുടരുന്നു. ഗുജറാത്തിൽ പ്യുവർ കമ്പനിയുടെ ഇവിക്കു തീപിടിച്ചതാണ് ഇതിൽ ഒടുവിലത്തെ സംഭവം. ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച സ്കൂട്ടർ കത്തുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. അതേസമയം കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

തുടര്‍ച്ചയായി ഇ–സ്‌കൂട്ടറുകള്‍ക്കു തീ പിടിക്കുന്നത് രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. വാഹന കമ്പനികളും കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. തീപിടിത്തത്തിനു കാരണം ബാറ്ററി തകരാറാണെന്നാണു സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. 

 

തീപിടിത്തത്തെ തുടര്‍ന്ന് ഒകിനാവ ഓട്ടോടെക് മൂവായിരം സ്‌കൂട്ടറും പ്യുവര്‍ ഇവി രണ്ടായിരം സ്‌കൂട്ടറും തിരിച്ചുവിളിച്ചിരുന്നു. സാങ്കേതിക തകരാര്‍ പരിശോധിക്കാൻ 1,441 വൈദ്യുതി സ്‌കൂട്ടറുകൾ ഒല ഇലക്ട്രിക്കും തിരിച്ചുവിളിക്കുകയുണ്ടായി. വൈദ്യുതി സ്‌കൂട്ടറുകള്‍ക്കു തീ പിടിച്ച അഞ്ചു സംഭവങ്ങളില്‍, രാജ്യത്തെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഒല ഇലക്ട്രിക് അടക്കം മൂന്നു സ്‌കൂട്ടര്‍ കമ്പനികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പരിധിയില്‍ വന്നത്. ജപ്പാന്റെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള കമ്പനിയാണ് ഒല. ‘ബാറ്ററിക്കും ബാറ്ററി മാനേജ്‌മെന്റ് സംവിധാനത്തിനും കുഴപ്പമുണ്ടെന്നാണ് ഒലയുടെ കാര്യത്തില്‍ കണ്ടെത്തിയത്’ എന്നാണ് അന്വേഷണ സംഘവുമായി ബന്ധമുള്ള ഒരാളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്. വൈദ്യുതി സ്‌കൂട്ടറിനു തീപിടിച്ച് ഒരു അച്ഛനും മകളും മരിച്ചതിനെ തുടർന്ന് മാർച്ചിലാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. 

 

വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് വലിയ വിപണിയുള്ള രാജ്യമാണ് ഇന്ത്യ. നിലവില്‍ ആകെ സ്‌കൂട്ടറുകളില്‍ രണ്ട് ശതമാനം മാത്രമാണ് വൈദ്യുതി സ്‌കൂട്ടറുകൾ. 2030 ആകുമ്പോഴേക്കും ഇത് 80 ശതമാനമാകുമെന്നാണ് പ്രതീക്ഷ. ഇന്ധനവില വര്‍ധന അടക്കമുള്ള കാര്യങ്ങളും ഈ കുതിപ്പിന് പ്രേരകമാകും. ഈ പ്രതീക്ഷകള്‍ക്കിടയിലാണ് വൈദ്യുതി വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

 

English Summary: Another Pure EV Scooter Catches Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com