ADVERTISEMENT

മിഡ് സൈസ് എസ്‌യുവി അർബൻ ക്രൂസർ ഹൈറൈഡറിനെ പ്രദർശിപ്പിച്ച് ടൊയോട്ട. മാരുതി സുസുക്കിയും ടൊയോട്ടയും ചേർന്ന് വികസിപ്പിച്ച വാഹനത്തിന്റെ വില അടുത്തമാസം പ്രഖ്യാപിക്കും. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്, ഫോക്സ്‍വാഗൻ ടൈഗൂൺ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന ഈ എസ്‍യുവിയുടെ ബുക്കിങ്ങും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നൽകി ടൊയോട്ട ഡീലർഷിപ്പ് വഴിയോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. ഫുൾ ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് പതിപ്പുകളിൽ ചെറു എസ്‍യുവി ലഭിക്കും.

toyota-hyryder-2

 

ലുക്കിലല്ലേ കാര്യം

toyota-hyryder-1

 

രാജ്യാന്തര വിപണിയിലുള്ള വലിയ എസ്‍യുവികളുടെ രൂപ ഭംഗിയാണ് ഹൈറൈഡറിനും. പിയാനോ ഫിനിഷിലുള്ള ഗ്രില്ലിനോട് ചേർന്നു നിൽക്കുന്നതാണ് ഡബിൾ ലെയർ ഡേടൈം റണ്ണിങ് ലാപുകൾ. സ്പോർട്ടിയായ മുൻ ബംബർ വലിയ എയർഡാം എന്നിവയുണ്ട്. പിന്നിലേക്ക് എത്തിയാൽ സി ആകൃതിയിലുള്ള ടെയിൽ ലാംപാണ്. ബൂട്ട് ഡോറിൽ ക്രോം ഇൻസേർട്ടുകളും നൽകിയിട്ടുണ്ട്. സുസുകിയും ടൊയോട്ടയും ചേർന്നു രൂപപ്പെടുത്തിയ മിഡ്സൈസ് എസ്‌യുവിയുടെ നിർമാണം ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) കർണാടകയിലെ ഫാക്ടറിയിലാണ്. മാരുതി സുസുകിയും ടൊയോട്ടയും പ്രത്യേക ബ്രാൻഡ് പേരുകളിൽ ഈ എസ്‌യുവി വിപണിയിലെത്തിക്കും.

 

ഇന്റരീയറിന് എന്നാ സ്റ്റൈലാ

 

toyota-hyryder-3

മികച്ച സ്റ്റൈലുള്ള ഇന്റീരിയറാണ്. ഗ്ലാൻസ, ബലേനോ, പുതിയ ബ്രെസ എന്നിവയോട് സാമ്യം തോന്നും. ലെതർ ഇൻസേർട്ടുകളോട് കൂടിയ ഡ്യുവൽ ടോൺ ഇന്റീരിയർ പ്രീമിയം ലുക്ക് നൽകുന്നുണ്ട്. ഡോറുകളിൽ ഡോർപാഡുകളും സോഫ്റ്റ് ടച്ചിങ് മെറ്റീരിയലും നൽകിയിരിക്കുന്നു. ഫുൾ ഹൈ‍ബ്രിഡിന് ഡ്യുവൽ ടോണും, മൈൽഡ് ഹൈബ്രിഡിന് ബ്ലാക്ക് തീമിലുള്ള ഇന്റീരിയറുമാണ്. എസി വെന്റുകൾ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ മാരുതി സുസുക്കിയുടെ പുതിയ വാഹനങ്ങളെ അനുസ്മരിപ്പിക്കും.

 

ഹൈബ്രിഡ് അല്ലേ ഹൈലൈറ്റ്

 

ഫുൾ അല്ലെങ്കിൽ സ്ട്രോങ് ഹൈബ്രിഡ് എൻജിനുമായി എത്തുന്ന ആദ്യ മിഡ് സൈസ് എസ്‍യുവിയാണ് അർബൻ ക്രൂസർ ഹൈറൈഡർ. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓവർ എന്നിവയിൽ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് ടെക്നോളജിയാണ് വാഹനത്തിൽ. ടൊയോട്ടയുടെ 1.5 ലീറ്റർ അറ്റ്കിസൺ സൈക്കിൾ എൻജിനാണ് ഹൈറൈഡറിൽ. 92 ബിഎച്ച്പി കരുത്തും 122 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോർക്ക് 141 എൻഎം ആണ്. 177.6 വാട്ടിന്റെ ലിഥിയം അയൺ ബാറ്ററിയാണ് എസ്‍യുവിയിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഓൺലി മോഡിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 24 – 25 കിലോമീറ്ററ്‍ ഇന്ധനക്ഷമത വാഹനം നൽകുമെന്നാണ് ടൊയോട്ട പറയുന്നത്.

 

മാരുതി സുസുക്കിയുടെ 1.5 ലീറ്റർ  ഹൈബ്രിഡ് എൻജിനാണ് മൈൽഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.

 

ഫീച്ചറും സുരക്ഷയും പ്രധാനം

 

പനോരമിക്ക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്രം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹിൽ ഡിസൻഡ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുണ്ട്.

 

എന്ന് വിപണിയിൽ ? 

 

ജാപ്പനീസ് കമ്പനികളായ സുസുക്കിയും ടൊയോട്ടയും 2017ൽ തുടങ്ങിയ സഹകരണത്തിന്റെ ഭാഗമായാണ് ഈ പുതിയ എസ്‌യുവി. അടുത്തമാസം വിപണിയിലെത്തും. നിലവിൽ അർബൻ ക്രൂസർ, ഗ്ലാൻസ എന്നീ ടൊയോട്ട മോഡലുകൾ നിർമിക്കുന്നത് മാരുതി സുസുക്കിയാണ്. ഹ്യുണ്ടായ് ക്രേറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്, ഫോക്സ്‌വാഗൻ ടൈഗുൻ തുടങ്ങിയവയുടെ വിഭാഗത്തിലേക്കാണ് മാരുതിയും ടൊയോട്ടയും പുതിയ എസ്‌യുവി എത്തിക്കുക. ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മറ്റും കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നു. വാഹനത്തിന് മൂന്നു വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറന്റി ടൊയോട്ട നൽകുന്നുണ്ട്. കൂടാതെ ഇത് 5 വർഷം അല്ലെങ്കിൽ 2.20 ലക്ഷം കിലോമീറ്റർ വരെ നീട്ടുകയും ചെയ്യാം. ഹൈബ്രിഡ് ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയാണ് ടൊയോട്ട നൽകുന്നത്.

 

English Summary: Toyota Urban Cruiser Hyryder Revealed, Launch Next Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com