ADVERTISEMENT

ഇന്ത്യയില്‍ കാര്‍ വില്‍പനയില്‍ വന്‍ കുതിപ്പ് നടത്തി ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 2022ലെ ആദ്യ പകുതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഇരട്ടി കാറുകള്‍ വിറ്റഴിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ പുതിയതായി അവതരിപ്പിച്ച വെർട്യൂസ്, ടൈഗ്വാൻ, ടയ്ഗുൻ എന്നീ കാറുകള്‍ക്ക് ലഭിച്ച വന്‍ വരവേല്‍പ്പും കമ്പനിയുടെ നേട്ടത്തിന് കാരണമായിട്ടുണ്ട്.

ഈ വര്‍ഷം ആദ്യ ആറു മാസത്തില്‍ 21,588 കാറുകളാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വിറ്റിരിക്കുന്നത്. പോയവര്‍ഷം ഇത് 10,843 കാറുകളായിരുന്നു ഇതേ കാലയളവില്‍ കമ്പനി വിറ്റിരുന്നത്. പുതിയതായി അവതരിപ്പിച്ച കാറുകള്‍ തങ്ങളുടെ നേട്ടത്തിന് പ്രചോദനമായെന്ന് കമ്പനി ബ്രാന്‍ഡ് ഡയറക്ടര്‍ പറഞ്ഞു. 

'ഞങ്ങളുടെ ടയ്ഗുനും പുതിയ വെർട്യൂസും അടക്കമുള്ള കാറുകള്‍ക്ക് വലിയ പ്രതികരണമാണ് ഇന്ത്യയില്‍ നിന്നു ലഭിച്ചത്. ഈ കാറുകള്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ തന്നെ ഇങ്ങനെയായിരുന്നു. ഉപഭോക്താക്കളിലെ സ്വീകാര്യത ഏറിയതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയിലെ വില്‍പനയെ ഈ വര്‍ഷം മറികടക്കാന്‍ സാധിച്ചത് ' എന്നായിരുന്നു ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്തയുടെ വാക്കുകള്‍. 

വെർട്യൂസിന്റെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രാജ്യത്താകെ മെഗാ ഡെലിവറി പദ്ധതികള്‍ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചിരുന്നു. ഈ തന്ത്രവും വിജയിച്ചുവെന്നുവേണം കരുതാന്‍. മെഗാ ഡെലിവറി പദ്ധതിയിലൂടെ മാത്രം 2500 വിര്‍ട്ടസ് കാറുകളാണ് വിറ്റു പോയത്.

'വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ മറികടന്നുകൊണ്ടായിരുന്നു കമ്പനിയുടെ ഈ നേട്ടം. ഇന്ത്യയിലെ യുവജനങ്ങളുടെ പിന്തുണയാണ് ഗുണം ചെയ്തത്. ഇന്ത്യയിലെ ഫോക്‌സ്‌വാഗണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ വര്‍ഷമായി 2022 മാറിക്കൊണ്ടിരിക്കുകയാണ്' ആശിഷ് ഗുപ്ത കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയില്‍ 114 നഗരങ്ങളിലായി 120 സര്‍വീസ് കേന്ദ്രങ്ങളും 152 ഡീലര്‍ഷിപ്പുകളുമാണ് ഫോക്‌സ്‌വാഗണ് ഉള്ളത്. സര്‍വീസിന്റെ കാര്യത്തിലുള്ള പരിമിതികള്‍ക്കിടയിലാണ് വില്‍പനയില്‍ ഫോക്‌സ്‌വാഗണ്‍ വന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. എങ്കിലും ഇന്ത്യയുടെ 80 ശതമാനം പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കും തങ്ങളുടെ സര്‍വീസ് സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നാണ് ഫോക്‌സ്‌വാഗണ്‍ അവകാശപ്പെടുന്നത്.

English Summary: Volkswagen Passenger Cars India has recorded a strong sales performance by doubling its sales volume

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com