ബംഗാളിൽ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പിന്‍വലിക്കണം

kolkata-taxi
Mazur Travel | Shutterstock
SHARE

15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ വാഹനങ്ങളും ആറു മാസത്തിനകം നിരത്തില്‍നിന്നു പിന്‍വലിക്കണമെന്ന് ബംഗാള്‍ സര്‍ക്കാരിനോട് ഉത്തരവിട്ട് ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍. കൊല്‍ക്കത്തയിലേയും ഹൗറയിലേയും വായു മലിനീകരണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ദേശീയ ഗ്രീന്‍ ട്രൈബ്യൂണൽ ഈസ്‌റ്റേണ്‍ സോണ്‍ ബ്രാഞ്ചിന്റെ ഉത്തരവ്. ലക്ഷക്കണക്കിനു വാഹനങ്ങള്‍ ഒറ്റയടിക്കു പിന്‍വലിക്കേണ്ടി വരുമെന്നതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് ബംഗാള്‍ ഗതാഗത മന്ത്രി ഫിര്‍ഹദ് ഹക്കിം അറിയിച്ചു. 

‘‘ചില നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്തുകൊണ്ടുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. 15 വര്‍ഷത്തിലേറെ പഴക്കമുള്ള നിരവധി വാഹനങ്ങള്‍ ഹൗറയിലും കൊല്‍ക്കത്തയിലും ഓടുന്നുണ്ട്’’ – ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ജസ്റ്റിസ് ബി.അമിത് സ്ഥലേക്കറും വിദഗ്ധ അംഗം സൈബാല്‍ ദാസ്ഗുപ്തയും നിര്‍ണായക വിധിയില്‍ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ 15 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളെല്ലാം ആറു മാസത്തിനകം കൊല്‍ക്കത്തയിലെയും ഹൗറയിലെയും നിരത്തുകളില്‍നിന്നു നീക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

ആറു മാസത്തിനുള്ളില്‍, ബിഎസ് - നാലു നിബന്ധനയെങ്കിലും പാലിക്കുന്നതായിരിക്കണം പൊതുഗതാഗത രംഗത്തെ വാഹനങ്ങളെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിസ്ഥിതി സൗഹൃദ ഇന്ധനമായ സിഎന്‍‌ജിയിലേക്കും വൈദ്യുതിയിലേക്കും പൊതു ഗതാഗത ബസുകള്‍ മാറ്റണമെന്ന നിര്‍ദേശവും ഗ്രീന്‍ ട്രൈബ്യൂണല്‍ നല്‍കുന്നുണ്ട്.  ട്രൈബ്യൂണല്‍ മുമ്പാകെ സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം, 15 വര്‍ഷത്തിലേറെ പഴക്കമുള്ള 92 ലക്ഷം വാഹനങ്ങള്‍ ബംഗാളില്‍ മാത്രം ഓടുന്നുണ്ട്. ഇതില്‍ 20 ലക്ഷം കൊല്‍ക്കത്തയിലാണ്. ഇത്രയേറെ വാഹനങ്ങള്‍ വളരെ കുറച്ചു സമയംകൊണ്ട് പൂര്‍ണമായും ഒഴിവാക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുന്നത്. 

രാജ്യത്ത് കൊല്‍ക്കത്തയേക്കാള്‍ മോശം അന്തരീക്ഷ വായുവുള്ളത് തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രമാണ്. 2008 ലാണ് ആദ്യമായി കൊല്‍ക്കത്ത ഹൈക്കോടതി 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ കണ്ടം ചെയ്യണമെന്ന ഉത്തരവിടുന്നത്. 2016 ലും 2020 ലും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഈ കോടതി വിധി നടപ്പാക്കണമെന്ന് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നും നടന്നില്ല. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ അപ്പീലുമായി ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതെന്ന് പരിസ്ഥിതി ആക്ടിവിസ്റ്റ് സുഭാസ് ദത്ത പറയുന്നു. 

നാഷനല്‍ എന്‍വയണ്‍മെന്റല്‍ എൻജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിച്ച ആൿഷന്‍ പ്ലാന്‍ നടപ്പില്‍ വരുത്തണമെന്ന നിര്‍ദേശവും ഹരിതട്രൈബ്യൂണല്‍ ബഞ്ച് നല്‍കിയിട്ടുണ്ട്. മൂന്നു മാസത്തിനുള്ളില്‍ ഹൗറയിലേയും കൊല്‍ക്കത്തയിലേയും അന്തരീക്ഷ മലിനീകരണം നിയന്ത്രണ വിധേയമാക്കാനുള്ള നിര്‍ദേശങ്ങളാണ് നാഷനല്‍ എന്‍വയണ്‍മെന്റല്‍ എൻജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടുവയ്ക്കുന്നത്. 

English Summary: NGT orders phase out of all 15-year-old vehicles, Including Private Cars

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}