ADVERTISEMENT

സാധാരണ പോലെ റോഡിലൂടെ പോകുമ്പോഴാണ് ബെംഗളൂരുവില്‍ താമസിക്കുന്ന അനിരുദ്ധ് മുഖര്‍ജി ആ വിചിത്രമായ സൈന്‍ ബോര്‍ഡുകള്‍ കണ്ടത്. നാലു കറുത്ത വൃത്തങ്ങള്‍ മാത്രമാണ് സൈന്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ആ വഴി പോയ ബഹുഭൂരിഭാഗം പേരെയും പോലെ അനിരുദ്ധിനും അതിന്റെ അര്‍ഥം മനസിലായില്ല. എന്നാല്‍ അദ്ദേഹം വെറുതേവിടാന്‍ തയാറായില്ലെന്ന് മാത്രമല്ല ട്വിറ്ററില്‍ ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസിനെ ടാഗ് ചെയ്ത് സംശയം ചോദിക്കുക തന്നെ ചെയ്തു. ആ ചോദ്യത്തിന് ബെംഗളൂരു പൊലീസ് വ്യക്തമായ മറുപടി നല്‍കി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

 

സാധാരണ ഡ്രൈവിങ് ലൈസന്‍സിന് മുന്നോടിയായുള്ള ലേണേഴ്‌സ് ടെസ്റ്റുകളിലൊന്നും കണ്ടുവരാത്ത ചോദ്യം പോലുള്ള സൈന്‍ ബോര്‍ഡായിരുന്നു അത്. ഇനി അഥവാ അങ്ങനെയൊരു ചോദ്യം വന്നാല്‍ ആര്‍ക്കും ഉത്തരം ലഭിക്കണമെന്നുമില്ല. കാരണം നാലു കറുത്ത വൃത്തങ്ങള്‍ മാത്രമുള്ള ഒരു സൈന്‍ ബോര്‍ഡ് അധികമാരും കണ്ടിരിക്കില്ല. അങ്ങനെ അധികമാരും കാണാത്ത ആ സൈന്‍ ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെയാണ് ഔദ്യോഗിക മറുപടി ലഭിച്ചത്. 'ഈ ട്രാഫിക് ചിഹ്നം എന്തിനുള്ളതാണ്?' എന്നതായിരുന്നു അനിരുദ്ധിന്റെ ചോദ്യം. ഹോപ്ഫാം സിഗ്നലിനടുത്താണ് ഈ ബോര്‍ഡെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

 

ഓഗസ്റ്റ് ഒന്നിന് രാവിലെ 09.20ന് അനിരുദ്ധ് ചെയ്ത ട്വീറ്റിന് അന്ന് രാത്രി 10.10ന് ബെംഗളൂരു പൊലീസ് മറുപടി നല്‍കി. 'ഡിയര്‍ സര്‍, കാഴ്ചയില്ലാത്തവര്‍ റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയുണ്ട് എന്ന സൂചന നല്‍കുന്ന മുന്നറിയിപ്പാണിത്. ഡ്രൈവര്‍മാര്‍ക്ക് അത്തരമൊരു സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലെടുക്കാനാകും. ഹോപ്ഫാം ജങ്ഷനില്‍ കാഴ്ച പരിമിതര്‍ക്കുവേണ്ടിയുള്ള ഒരു സ്‌കൂളുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു ബോര്‍ഡ് അവിടെ വച്ചിരിക്കുന്നത്' ട്രാഫിക് പൊലീസ് മറുപടി നല്‍കി.

 

ബെംഗളൂരു ട്രാഫിക് പൊലീസിന്റെ ഈ മറുപടിയെ അഭിനന്ദിച്ചും നന്ദി പറഞ്ഞും നിരവധി പേര്‍ പ്രതികരിച്ചു. ഭൂരിഭാഗം പേര്‍ക്കും അറിവില്ലാത്ത ഈ ട്രാഫിക് സിഗ്നലിനെക്കുറിച്ച് വിശദീകരിച്ചതിന് നന്ദിയെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചത്. സമാനമായ അധികം ഉപയോഗിക്കാത്ത ട്രാഫിക് സിഗ്നലുകളെക്കുറിച്ചുള്ള അറിവുകള്‍ സോഷ്യല്‍മീഡി വഴി നല്‍കുകയാണെങ്കില്‍ ഏറെ ഉപകാരപ്രദമാകുമെന്നാണ് അജയ് എച്ച്.പി എന്നയാള്‍ ട്വിറ്ററിലൂടെ നിര്‍ദേശിച്ചത്. ആളുകള്‍ക്ക് എളുപ്പം മനസിലാവുന്ന രീതിയില്‍ കാഴ്ചപരിമിതിയുള്ളയാള്‍ വടിപിടിച്ച് നടക്കുന്ന ചിത്രം തന്നെ ബോര്‍ഡില്‍ നല്‍കി കൂടേ എന്ന ചോദ്യമാണ് ഭാരത് എന്ന പേരിലുള്ള ട്വിറ്റര്‍ യൂസര്‍ ഉന്നയിക്കുന്നത്.

 

English Summary: "Here is what this new road sign means...” explains Bengaluru traffic police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com