യമഹ ഇന്ത്യയുടെ ഭാവിയെന്ത്, ആർഎക്സ് മോഡലുകൾ തിരിച്ചുവരുമോ?

yamaha
യമഹ മോട്ടര്‍ ഇന്ത്യ സെയില്‍സ് വക്താവ് രവിന്ദര്‍ സിങ്
SHARE

ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയിലെ കരുത്തുറ്റ സാന്നിധ്യമാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹ. ഇന്ത്യയിലെ പദ്ധതികളെക്കുറിച്ചും കേരള വിപണിയെക്കുറിച്ചും പുതിയ മോഡലുകളേയും വൈദ്യുതി വാഹനങ്ങളെയും കുറിച്ചും സംസാരിക്കുകയാണ് യമഹ മോട്ടര്‍ ഇന്ത്യ സെയില്‍സ് വക്താവ് രവിന്ദര്‍ സിങ്. 

ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയുടെ ഭാവി?

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയാണ് ഇന്ത്യയിലേത്. വില്‍പനയിലും വളര്‍ച്ചയിലുമുള്ള പ്രാധാന്യം കൊണ്ടു തന്നെ വലിയ മൂല്യമുണ്ട് ഇന്ത്യന്‍ വിപണിക്ക്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി കൂടി വരികയാണ്. സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യവികസനം, ഡിജിറ്റല്‍ വ്യാപാരങ്ങളിലേക്കുള്ള മാറ്റം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി വലിയ അവസരങ്ങളുടേത‌ു കൂടിയായി മാറിയിട്ടുണ്ട്. 

മോട്ടര്‍ സൈക്കിളുകള്‍ വര്‍ഷങ്ങളായി പുതിയ തലമുറയുടെയടക്കം ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ആഗോള തലത്തിലെ ഉൽപന്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ഇന്നത്തെ ഉപഭോക്താക്കള്‍. ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലും ഫീച്ചറുകളിലും പണം മുടക്കാന്‍ പുതു തലമുറ തയാറാണ്. 2025 ആകുമ്പോഴേക്കും 2.30 കോടി വില്‍പനയെന്ന നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിക്കാവുമെന്നാണ് പ്രതീക്ഷ.

യമഹ ഇന്ത്യയുടെ വിപണി വിഹിതം എത്രയാണ്? അതിലേക്ക് വിവിധ  മോഡലുകളുടെ സംഭാവന?

ഇന്ത്യൻ ഇരുചക്രവാഹന വിപണിയുടെ 3.8 ശതമാനം യമഹയുടെ കയ്യിലാണ്. ആകെ വിൽപനയുടെ 70 ശതമാനം ബൈക്കുകളും 30 ശതമാനം സ്കൂട്ടറുകളുമാണ്.

പ്രീമിയം ബൈക്കുകളുടെ ഭാവി? പ്രീമിയം ബൈക്ക് വിപണിയില്‍ യമഹയ്ക്കുള്ള പങ്ക്?

ഈയൊരു വിഭാഗത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. സാധാരണ ബൈക്കുകളില്‍നിന്നു പ്രീമിയം ബൈക്കുകളിലേക്ക് പല ഉപഭോക്താക്കളും മാറുന്നുണ്ട്. നല്ല പെര്‍ഫോമന്‍സുള്ള ബൈക്കുകളാണ് ഇന്നത്തെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം തിരിച്ചറിഞ്ഞാണ് YZF-R15 V4, AEROX 155, MT-15 V2 എന്നീ മോഡലുകള്‍ ഞങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പ്രീമിയം ബൈക്ക് വിഭാഗമാണ്. ഇന്ത്യന്‍ മോട്ടര്‍ സൈക്കിള്‍ വിപണിയുടെ 15 ശതമാനവും 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തിന്റെ 17 ശതമാനവും യമഹ്ക്ക് സ്വന്തമാണ്. ദ് കോള്‍ ഓഫ് ദ് ബ്ലൂ പോലുള്ള പ്രചാരണങ്ങള്‍ ഇതിന് സഹായിച്ചിട്ടുണ്ട്. 

എല്ലാക്കാലത്തും യമഹയുടെ ആര്‍.എക്‌സ് മോഡലുകള്‍ക്ക് ആരാധകരുണ്ട്. അത്തരം റെട്രോ മോഡലുകള്‍ ഇറക്കാന്‍ യമഹയ്ക്ക് പദ്ധതിയുണ്ടോ?

2021ല്‍ പുറത്തിറക്കിയ FZ-X അത്തരമൊരു റെട്രോ മോഡലാണ്. 150 സിസി വിഭാഗത്തിലെ ആദ്യത്തെ റെട്രോ മോട്ടര്‍സൈക്കിളാണിത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച് പഴയ രീതിയിലുള്ള രൂപകല്‍പനയില്‍ പുറത്തിറക്കിയ മോഡലാണിത്. എയര്‍ കൂള്‍ഡ്, 4സ്‌ട്രോക്, 149സിസി, SOHC എൻജിനാണ് FZ-Xനുള്ളത്. 

വൈദ്യുതി വാഹനങ്ങള്‍ പുറത്തിറക്കാന്‍ പദ്ധതിയുണ്ടോ? ഇന്ത്യന്‍ വിപണിയിലെ ഇ.വി മുന്നേറ്റത്തെ എങ്ങനെ കാണുന്നു?

കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിലെ വൈദ്യുതി വാഹന വിപണി കുതിപ്പിലാണ്. വൈദ്യുതി വാഹന വിപണിയുടെ സാധ്യതകളെക്കുറിച്ച് യമഹയ്ക്ക് ധാരണയുണ്ട്. വൈദ്യുതി വാഹനങ്ങളുടെ വില, പ്രകടനം, ബാറ്ററി സുരക്ഷ, ബാറ്ററി സ്വാപിങ് സാധ്യതകള്‍, ബാറ്ററി അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി പല മേഖലകളില്‍ ഞങ്ങള്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ എൻജിനീയര്‍മാര്‍ ഇന്ത്യന്‍ വിപണിക്ക് യോജിച്ച ഇ.വി സ്‌കൂട്ടര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്.

ഇന്ത്യന്‍ വിപണിയിലെ ഭാവി പദ്ധതികള്‍?

അടുത്തിടെയാണ് ദ് കോള്‍ ഓഫ് ദ് ബ്ലൂ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ദ് കോള്‍ ഓഫ് ദ് ബ്ലൂ ട്രാക്ക് ഡേ, 'ബ്ലൂ സ്ട്രീക്‌സ്' റൈഡ്, ദ് കോള്‍ ഓഫ് ദ് ബ്ലൂ വീക്കെന്‍ഡ് എന്നിങ്ങനെ പല ആക്ടിവിറ്റീസും ഒരുക്കിയിട്ടുണ്ട്. 

രാജ്യത്തെ പ്രീമിയം ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനി. ഇപ്പോള്‍ ഈ വിഭാഗത്തില്‍ പെടുന്ന 80 ഡീലര്‍ഷിപ്പുകളാണ് യമഹയ്ക്ക് ഇന്ത്യയിലുള്ളത്. പുതിയ ഫീച്ചറുകളും പുതിയ സാങ്കേതികവിദ്യകളുമായി പുത്തന്‍ മോഡലുകള്‍ വിപണിയിലിറക്കാനുള്ള ശ്രമം ഞങ്ങള്‍ തുടരുകയാണ്. ഉത്പന്നങ്ങളെക്കുറിച്ചും വിലയെയും സേവനങ്ങളേയും കുറിച്ചുമെല്ലാം വിവരം നല്‍കുന്ന ഓണ്‍ലൈന്‍ ക്യാംപെയ്നുകളും നടക്കുന്നുണ്ട്. 

ഏത് പ്ലാന്റിലാണ് യമഹയുടെ വാഹനങ്ങള്‍ നിര്‍മിക്കുന്നത്? എന്തൊക്കെയാണ് പ്ലാന്റിലെ സൗകര്യങ്ങള്‍?

തമിഴ്‌നാട്ടിലെ കാഞ്ചിപുരം പ്ലാന്റിലും ഉത്തര്‍പ്രദേശിലെ സുരാജ്പുര്‍ പ്ലാന്റിലുമാണ് യമഹയുടെ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. തമിഴ്‌നാട്ടിലെ പ്ലാന്റിന് ഒൻപതു ലക്ഷം വാഹനങ്ങളും ഉത്തര്‍പ്രദേശിലെ പ്ലാന്റിന് 6.50 ലക്ഷം വാഹനങ്ങളും നിര്‍മിക്കാനാവും. YZF-R15 V4, MT-15 V2.0, FZ25 മോഡലുകള്‍ സുരാജ്പുരിലും FZ FI, FZ-X, AEROX 155, Fascino 125 FI Hybrid, RayZR 125 FI ഹൈബ്രിഡ് മോഡലുകള്‍ കാഞ്ചിപുരം പ്ലാന്റിലുമാണ് നിര്‍മ്മിക്കുന്നത്. 

കേരള വിപണി യമഹയ്ക്ക് എത്രത്തോളം പ്രധാനമാണ്?

മോട്ടര്‍സൈക്കിള്‍ വിഭാഗത്തില്‍ യമഹയുടെ കരുത്തുകൂട്ടാന്‍ സഹായിച്ചത് കേരളം പോലുള്ള വിപണികളാണ്. ഏറ്റവും പുതിയ സ്‌പോര്‍ട്ടി ബൈക്കുകള്‍ ഇഷ്ടപ്പെടുന്ന 18-26 പ്രായത്തിലുള്ള പുതു തലമുറക്കാര്‍ ഞങ്ങള്‍ക്കൊപ്പമുള്ള വിപണിയാണിത്. 2022 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം ഡീലക്‌സ് മോട്ടര്‍ സൈക്കിള്‍ വിഭാഗത്തില്‍ 19 ശതമാനവും പ്രീമിയം മോട്ടര്‍ സൈക്കിള്‍ വിഭാഗത്തില്‍ 31 ശതമാനവും യമഹയ്ക്ക് വിപണി വിഹിതമുള്ള സ്ഥലമാണ് കേരളം. 149സിസി-155 സിസി വിഭാഗത്തില്‍ വില്‍പനയുടെ 50 ശതമാനത്തിലേറെ ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ യമഹയെ സംബന്ധിച്ച് വളരെ പ്രധാന വിപണിയാണ് കേരളം.

English Summary: Interaction With Ravinder Singh, Sr. VP- Sales and Marketing, Yamaha India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA