ADVERTISEMENT

2022 ഫിഫ ലോകകപ്പ് കാണുന്നതിന് ഖത്തറിലേക്ക് എത്തുന്ന ഫുട്ബോൾ – ടൂറിസ്റ്റ് ആരാധകർക്ക് യാത്രാ സൗകര്യങ്ങൾക്കായി ഖത്തർ ഒരുക്കിയിരിക്കുന്നത് മാസ്മരിക ലോകമാണെന്നു പറയാം. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ടെർമിനൽ മുതൽ സഞ്ചാരികളുടെ മുഖത്ത് അദ്ഭുതം നിറയ്ക്കുന്ന ഒട്ടേറെ യാത്രാസൗകര്യങ്ങളാണ് അവ. 

 

യാത്രക്കാർക്കായി വേഗമേറിയതും കാര്യക്ഷമവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക ഗതാഗത ഇൻഫ്രാസ്ട്രക്ചർ വിഭാഗം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഖത്തർ നാഷനൽ വിഷൻ 2030ലേക്കുള്ള മാർഗ നിർദേശങ്ങളുടെ ഭാഗമായി രാജ്യത്ത് ഹൈഡ്രോകാർബൺ കുറയ്ക്കുന്നതിന് ആവശ്യമായ പദ്ധതിയാണ് ആദ്യം രൂപപ്പെടുത്തിയിരുന്നത്. ദോഹ മെട്രോ കൂടുതൽ പ്രവർത്തന സജ്ജമാക്കുന്നതിനൊപ്പം എക്സ്പ്രസ് വേകൾ, ഇലക്ട്രിക് ബസുകൾ, ട്രാം സർവീസ് തുടങ്ങിയവയ്ക്കും ഗതാഗത വിഭാഗം പ്രത്യേക പരിഗണന നൽകി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

 

നവംബർ 10 മുതൽ ഡിസംബർ 23 വരെയുള്ള സമയത്ത് ഹയ്യ കാർഡ് (ട്രാവൽ കാർഡ്) ഗുണഭോക്താക്കൾക്ക് പൊതുഗതാഗതവും സൗജന്യമാക്കിയിട്ടുണ്ട്. ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ ഒന്നിലധികം തവണ പങ്കെടുക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയങ്ങൾ, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകളെ ഒരു തരത്തിലും ബാധിക്കാതിരിക്കുന്നതിനുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

 

ഖത്തറിന്റെ ലോകത്തിലെ വലിയ ഇ–ബസ് ടെർമിനൽ – ഗിന്നസ് റെക്കോർഡ്

 

ഖത്തറിലെ ഏറ്റവും വലിയ ബസ് ടെർമിനലാണ് യാത്രാപ്രേമികളുടെ ഇടയിലെ പുതിയ ചർച്ച. ലുസൈൽ ബസ് ഡിപ്പോ ഗിന്നസ് റെക്കോർഡ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ടെർമിനലാണ് ഇത്. 24 മൾട്ടിപർപ്പസ് കെട്ടിടങ്ങൾ ഉൾപ്പെടുന്ന ഡിപ്പോയ്ക്ക് 478 ബസുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സന്നാഹങ്ങളുണ്ട്. 1400 യാത്രികർക്ക് താമസിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നു. സൗരോർജം മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് ലുസൈൽ ബസ് ഡിപ്പോ.

 

കെട്ടിടങ്ങളുടെ മുകളിലെ സോളാർ പാനലുകളിൽ നിന്നാണ് ഊർജശേഖരണം. പ്രതിദിനം 4 മെഗാവാട്ട് വൈദ്യുതി നിർമിക്കുന്നതിന് പര്യാപ്തമായ 10720 യൂണിറ്റുകളാണ് ഇത്. പവർ സ്റ്റേഷൻ, ഇലക്ട്രിക് ചാർജിങ്, തുടങ്ങി മുഴുവൻ പ്രോജക്ടിനും ആവശ്യമായ വൈദ്യുതി ഇവിടെ നിന്നു ലഭിക്കും. 217 150 കിലോവാട്ട് ഇരട്ട ബസ് ചാർജിങ് ഡിവൈസുകളും 300 കിലോവാട്ടിന്റെ 5 ചാർജിങ് യൂണിറ്റും ഇവിടെയുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി സ്ഥാപിച്ച 4 ഡിപ്പോകളിൽ ഒന്നാണ് ലുസൈൽ. അൽ–റയാൻ, അൽ–വക്ര, ന്യൂ ഇൻഡസ്ട്രിയൽ ഏറിയ എന്നിവിടങ്ങളിലും ബസ് ടെർമിനലുകൾ ഉണ്ട്. പത്ത് വർഷത്തിനുള്ളിൽ പൊതുഗതാഗതം പൂർണമായി പ്രകൃതി സൗഹാർദമാക്കുമെന്നാണ് അധികൃതർ പറയുന്നത്.

 

യാത്രകൾക്ക് വഴിയൊരുക്കാൻ മൊവാസലാത്ത് (കർവ)

 

ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെ ഗതാഗതത്തിന് സൗകര്യമൊരുക്കുന്നത് മൊവാസലാത്ത് (കർവ) എന്ന സംഘമാണ്. 4000 ബസുകൾ ഉൾപ്പെടെയുള്ള സുസജ്ജമായ പ്രവർത്തനങ്ങൾ അവിടെ ആരംഭിച്ചുകഴിഞ്ഞു. 90 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 18000 ജീവനക്കാരാണ് യാത്രക്കാർക്ക് സേവനത്തിനായി ജോലി ചെയ്യുന്നത്. രാജ്യത്തെ എല്ലാ സ്റ്റേഡിയങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗത ശൃംഘലയുള്ള ആദ്യ ആതിഥേയ രാഷ്ട്രമാണ് ഖത്തർ. ഗതാഗതവുമായി ബന്ധപ്പെട്ട മലിനീകരണം പരമാവധി കുറയ്ക്കാനും അധികൃതർ പ്രത്യേക പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.

 

English Summary: Legacy in Action: Qatar 2022’s state-of-the-art transport systems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com