വിലക്കുറവിന്റെ മാജിക്, ആദ്യമാസം തന്നെ 20000 യൂണിറ്റ്; സൂപ്പർ ഹിറ്റാണ് ടിയാഗോ ഇവി

tiago-ev
Tiago EV
SHARE

വില പ്രഖ്യാപിച്ച് ആദ്യ മാസം തന്നെ ടിയാഗോ ഇവിക്ക് 20000 ബുക്കിങ്ങുകൾ. ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം 10000 ഓർഡറുകൾ ലഭിച്ച് സൂപ്പർഹിറ്റായി മാറിയിരുന്നു ടിയാഗോ ഇവി. ഇതേ തുടർന്നാണ് 8.49 ലക്ഷം രൂപ എന്ന പ്രാരംഭ വില അടുത്ത 10000 ഉപഭോക്താക്കൾക്കുകൂടി അനുവദിച്ചത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാർ എന്ന ഖ്യാതിയോടെ എത്തിയ ടിയാഗോയുടെ ബുക്കിങ് ഒക്ടോബർ 10 ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ആരംഭിച്ചത്. ബുക്ക് ചെയ്ത സമയവും തീയതിയും വകഭേദവും നിറവും അനുസരിച്ചായിരിക്കും ഡെലിവറി തീരുമാനിക്കുക എന്നാണ് ടാറ്റ അറിയിക്കുന്നത്.

21000 രൂപ നൽകി ടാറ്റ ഡീലർഷിപ്പ് വഴിയോ www.tiago.ev.tatamotors.com എന്ന വൈബ് സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. നേരത്തെ 8.49 ലക്ഷം രൂപ എന്ന പ്രാരംഭ വില ആദ്യം ബുക്ക് ചെയ്യുന്ന 10000 പേർക്കായിരിക്കുമെന്നാണ് ടാറ്റ പറഞ്ഞിരുന്നത്. തുടർന്നാണ് 10000 ഉപഭോക്താക്കൾക്ക് കൂടി ലഭ്യമാക്കാൻ തീരുമാനിച്ചത്. ആദ്യ പതിനായിരത്തിൽ 2000 വാഹനങ്ങൾ നിലവിലെ ടാറ്റ ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോക്താക്കൾക്കായി മാറ്റി വച്ചിരുന്നു.

tiago-1

രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഷോറൂമുകളിൽ ഈ മാസം തന്നെ പ്രദർശന വാഹനങ്ങളെത്തും. ടെസ്റ്റ് ഡ്രൈവ് ഡിസംബർ മുതലും വിതരണം അടുത്ത വർഷം ജനുവരി മുതലും ആരംഭിക്കുമെന്നുമാണ് ടാറ്റ അറിയിക്കുന്നത്. റേ‍ഞ്ച് കൂടിയ 24 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന മോഡലിന്റെ ഉത്പാദനത്തിനായിരിക്കും കൂടുതൽ ശ്രദ്ധ എന്നാണ് ടാറ്റ പറയുന്നത്.

tiago-5

19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ് ഒാപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഒാപ്ഷൻ മാത്രമേ ലഭിക്കൂ. ഏഴ് മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. 8.49 ലക്ഷത്തിൽ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

tiago-2

ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.7 സെക്കൻഡ് മാത്രം മതി. 24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതിയെന്നും മുപ്പത് മിനിറ്റിൽ 100 കിലോമീറ്റർ ഓടാനുള്ള ചാർജ് ലഭിക്കുമെന്നും ടാറ്റ പറയുന്നു. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറന്റി നൽകുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം, റെയിൻ സെൻസറിങ് വൈപ്പർ, കണക്ടഡ് കാർ ടെക്നോളജി എന്നിവ വാഹനത്തിൽ ഉണ്ട്.

English Summary: Tata Tiago EV Bags Over 20,000 Bookings On First Month

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS