തിരിച്ചുവരവിന് ഒരുങ്ങി റെനോ ഡസ്റ്റർ, നിസാനും വെറുതേയിരിക്കില്ല !

dacia-bigster-concept
Dacia Bigstar Concept, Representative Image
SHARE

ഫ്രാന്‍സിന്റെ റെനോയും ജപ്പാന്റെ നിസാനും ഇന്ത്യയില്‍ ഒരു ഗംഭീര തിരിച്ചുവരവിന് പദ്ധതിയിടുന്നു. 500 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4081 കോടി രൂപ) നിക്ഷേപ പദ്ധതിയാണ് റെനോയും നിസാനും ചേര്‍ന്ന് ഇന്ത്യയില്‍ നടപ്പാക്കുക. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലേക്ക് സിഎംഎഫ് ബി പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാനും ഇരു കമ്പനികള്‍ക്കും പരിപാടിയുണ്ട്. ഇതിന്റെ തുടര്‍ച്ചയായി 2024-25 വര്‍ഷത്തില്‍ ഇന്ത്യയില്‍ റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഡസ്റ്ററിന്റെ തിരിച്ചുവരവ്

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയില്‍ റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. സിഎംഎഫ്- ബി പ്ലാറ്റ്‌ഫോം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി പുറത്തിറക്കുന്നതോടെ ഡസ്റ്ററിന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ പറ്റിയ സാഹചര്യം കൂടിയാണ് വന്നിരിക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോമില്‍ ഏഴു സീറ്റ് വാഹനമായി ഡസ്റ്ററിനെ പുറത്തിറക്കുന്നതും റെനോയ്ക്ക് വലിയ പ്രയാസമുള്ള കാര്യമാവില്ല. സിഎംഎഫ് - ബി ഇവി എന്ന പേരില്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് അനുയോജ്യമായ പ്ലാറ്റ്‌ഫോമും ഇതിനൊപ്പം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

റെനോക്കൊപ്പം നിസാന്റെ മാഗ്‌നൈറ്റ് പോലുള്ള വാഹനങ്ങളും ഇതേ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങും. ക്രെറ്റ, സെല്‍റ്റോസ്, തെയ്ഗുണ്‍, കുഷാക്, അസ്റ്റര്‍ തുടങ്ങിയ എസ്‌യുവികള്‍ക്കും മൂന്നു നിരകളുള്ള എസ്‌യുവികളായ അല്‍കാസര്‍, സഫാരി, ഹെക്ടര്‍ പ്ലസ്, എക്‌സ്‌യുവി 700 എന്നിവക്കും പുതിയ റെനോ- നിസാന്‍ വാഹനങ്ങള്‍ വെല്ലുവിളിയാവും. 

പുതിയ പ്ലാറ്റ്‌ഫോം വരും മുമ്പ്

സിഎംഎഫ് - ബി പ്ലാറ്റ്‌ഫോം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കുകയെന്നത് സമയമെടുക്കുന്ന കാര്യമാണെന്ന് നിസാനും റെനോക്കും അറിയാം. അതുകൊണ്ടാണ് രണ്ടു വര്‍ഷത്തിനു ശേഷം മാത്രം ഡസ്റ്ററിന്റെ തിരിച്ചുവരവ് അടക്കം അവര്‍ പദ്ധതിയിടുന്നത്. അതുവരെ സിബിയു(കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്) മോഡലുകളെയായിരിക്കും കമ്പനികള്‍ വിപണി പിടിക്കാന്‍ ആശ്രയിക്കുക. 2023ല്‍ അര്‍കാന എന്ന എസ്‌യുവി പുറത്തിറക്കാനും റെനോ പ്ലാന്‍ ചെയ്യുന്നുണ്ട്. മോഗാന്‍ ഇ ടെക് എന്ന വൈദ്യുതി കാര്‍ മോഡലും റെനോ ഇക്കാലയളവില്‍ പുറത്തിറക്കിയേക്കും. 

റെനോയുടേയും നിസാന്റേയും പ്ലാറ്റ്‌ഫോമുകള്‍

നിലവില്‍ സിഎംഎഫ്- എ, എം0 എന്നീ രണ്ടു പ്ലാറ്റ് ഫോമുകളിലാണ് ഇന്ത്യയില്‍ റെനോയുടേയും നിസാന്റേയും കാറുകള്‍ പുറത്തിറങ്ങുന്നത്. ക്വിഡ്, ട്രൈബര്‍ പോലുള്ള റെനോ വാഹനങ്ങളും മാഗ്‌നൈറ്റ് പോലുള്ള നിസാന്‍ വാഹനവുമാണ് സിഎംഎഫ് - എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്നത്. എം0 പ്ലാറ്റ്‌ഫോമിലാണ് ലോഗനും ഡസ്റ്ററുമൊക്കെ പുറത്തിറങ്ങിയിരുന്നത്. കൂടുതല്‍ വലിയ വാഹനങ്ങള്‍ക്ക് പറ്റിയ പ്ലാറ്റ്‌ഫോമായാണ് സിഎംഎഫ്-ബി ഇപ്പോള്‍ വികസിപ്പിക്കുന്നത്. യൂറോപ് അടക്കമുള്ള പല വിപണികളിലും ഇതിനകം തന്നെ സിഎംഎഫ്- ബി പരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അനുയോജ്യമായ രീതിയിലേക്ക് സിഎംഎഫ് - ബി പ്ലാറ്റ്‌ഫോം ഒരുക്കുന്നത് താരതമ്യേന എളുപ്പവുമായിരിക്കും. 

റെനോക്ക് എല്ലാക്കാലത്തും പ്രധാനപ്പെട്ട വാഹന വിപണിയായിരുന്നു ഇന്ത്യയിലേത്. 2021ല്‍ ഇന്ത്യയിലെ ആദ്യ അഞ്ച് പ്രധാന കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി റെനോ മാറുകയും ചെയ്തിരുന്നു. എന്നാല്‍ കമ്പനി കൂടുതല്‍ നിക്ഷേപത്തിന് ഇന്ത്യയില്‍ തയ്യാറാവാതിരുന്നത് തിരിച്ചടിയായി. കോവിഡിന് ശേഷം ഉണര്‍വുള്ള ഇന്ത്യന്‍ വാഹന വിപണിയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ തന്നെയാണ് റെനോയും നിസാനും തീരുമാനിച്ചിരിക്കുന്നത്. സിഎംഎഫ് -ബി പ്ലാറ്റ്‌ഫോമിന്റെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാനും റെനോക്കും നിസാനും പദ്ധതിയുണ്ട്. 

റെനോ നിസാന്‍ ഇന്ത്യ

ഓഹരികളുടെ അടിസ്ഥാനത്തില്‍ അടക്കം റെനോക്കും നിസാനും പങ്കാളിത്തമുള്ള അപൂര്‍വം വാഹന വിപണികളിലൊന്നാണ് ഇന്ത്യയിലേത്. റെനോ നിസാന്‍ ടെക്‌നോളജി ബിസിനസ് സെന്റര്‍ ഇന്ത്യയുടെ 70 ശതമാനം ഓഹരികള്‍ ജാപ്പനീസ കമ്പനിയായ നിസാന്‍ മോട്ടോഴ്‌സിന്റെ കൈവശമാണ്. പുതിയ നിക്ഷേപത്തിലും നിസാന് കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഈ നിക്ഷേപത്തിന് നിസാന്‍ മോട്ടോറിന്റെ ഗ്ലോബല്‍ സിഒഒയായ അശ്വനി ഗുപ്തയുടെ ശക്തമായ പിന്തുണയുമുണ്ട്.  നിസാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈയിലെ ഫാക്ടറിയില്‍ നിസാന്റേയും റെനോയുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പലതവണ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയെ കയറ്റുമതി കേന്ദ്രമാക്കാനും വൈദ്യുതി വാഹനങ്ങള്‍ക്കുവേണ്ടി വലിയ ഫാക്ടറി നിര്‍മ്മിക്കാനും നിസാന് പദ്ധതിയുണ്ടെന്ന് നേരത്തെ അശ്വനി ഗുപ്ത പറയുകയും ചെയ്തിരുന്നു. 

വൈവിധ്യം കൂടും

റെനോയും നിസാനും ഇന്ത്യയില്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് വാഹനങ്ങളില്‍ കാര്യമായ വൈവിധ്യമില്ലെന്നതായിരുന്നു. വൈദ്യുതി വാഹനങ്ങളോ ഹൈബ്രിഡ് വാഹനങ്ങളോ ഡീസല്‍ മോഡലുകളോ സമീപഭാവിയില്‍ പോലും പുറത്തിറങ്ങില്ല. ട്രൈബറിന്റെ സിഎന്‍ജി മോഡല്‍ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ റെനോക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സിഎന്‍ജിയുടെ വിലയും അതിവേഗം മുകളിലേക്കാണെന്നത് ഇതിന്റെ സാധ്യതയും കുറക്കുകയാണ്. 

മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ ഇന്ത്യന്‍ കാര്‍ വിപണിയിലെ മുന്‍ നിര കമ്പനികളുടെ കരുത്ത് വൈവിധ്യമാണ്. സിഎന്‍ജി, ഹൈബ്രിഡ്, പെട്രോള്‍ എൻജിനുകളുളള പത്തു ലക്ഷം മുതല്‍ 25 ലക്ഷം വരെയുള്ള നിരവധി വാഹനങ്ങള്‍ ഈ രണ്ടു കമ്പനികള്‍ക്കുമുണ്ട്. ഹ്യുണ്ടേയും കിയയുമെല്ലാം എസ്‌യുവികളുടെ ഡീസല്‍ മോഡലുകളും ഇറക്കി കഴിഞ്ഞു. ഹ്യുണ്ടോയ് ആകട്ടെ സിഎന്‍ജി മോഡലുകളും ഇറക്കുന്നുണ്ട്. പെട്രോള്‍, ഡീസല്‍, വൈദ്യുതി വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്റ് മഹീന്ദ്രയും കളം പിടിക്കുന്നുമുണ്ട്. പുതിയ നിക്ഷേപത്തിലൂടെ കൂടുതല്‍ വൈവിധ്യമുള്ള മോഡലുകള്‍ കൂടി ഇന്ത്യയില്‍ പുറത്തിറക്കാനാകും റെനോയും നിസാനും ലക്ഷ്യമിടുക.

English Summary: Renault Duster to return with USD 500 million India investment

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS