ADVERTISEMENT

മലയാള സിനിമയിൽ അവിചാരിതമായി എത്തിയ നടനാണ് സൈജു കുറുപ്പ്. അതും ആദ്യ സിനിമയിൽ നായകനായി. തുടർന്ന് സഹനടനായും കൊമേഡിയനായും വില്ലനായും വീണ്ടു നായകനായും 130 ൽ അധികം സിനിമകളിൽ സൈജു മേക്കപ്പണിഞ്ഞു. തിരക്കേറിയ സിനിമാ ജീവിതത്തിൽ സൈജുവിന്റെ സാരഥിയായി ബിഎംഡബ്ല്യു എക്സ് വണ്ണും ഹ്യുണ്ടെയ് അൽകസാറുമാണ് ഒപ്പമുള്ളത്. യാത്രകളെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും സൈജു കുറുപ്പ് ഫാസ്റ്റ്ട്രാക്കിനോട്..

saiju-kurup-2

ആദ്യ കാർ മാരുതി 800

വീട്ടിലെ ആദ്യ ഫോർവീൽ വാഹനം മാരുതി 800 ആയിരുന്നു. ഡ്രൈവിങ് പഠിക്കാൻ സ്കൂളിൽ പോയെങ്കിലും അതത്ര ക്ലിയറായില്ല. എന്റെ ഡ്രൈവിങ് ഒന്നു സ്മൂത്താക്കാനായിരുന്നു 800 വാങ്ങിയത്. അത്, അവിടെ ഇവിടെയൊക്കെയാകെ ഇടിച്ചും ഉരച്ചുമൊക്കെ ഡ്രൈവിങ്ങിൽ കൈ തെളിയിച്ചു. 

ഓർമകളിൽ ലാംബി

ഞാൻ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നത് നാഗ്‌പുരിലാണ്. അച്ഛന് ഡിഫൻസ് അഡ്‌മിനിസ്ട്രേഷനിലായിരുന്നു ജോലി. ബിടെക് പഠനം വരെ അവിടെയായിരുന്നു. അതിനു ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. വീട്ടിലെ ആദ്യത്തെ വാഹനം ലാംബി സ്കൂട്ടറാണ്. ഇന്നും ഓർമയുണ്ട്, ലാംബിയിൽ അച്ഛൻ സ്കൂട്ടറിൽ ഓഫിസിൽ നിന്നു വരുന്നതും. അതോർക്കാൻ കാരണവുമുണ്ട്. വൈകുന്നേരം ക്രിക്കറ്റ് കളിക്കുന്ന സമയത്തായിരിക്കും മിക്കപ്പോഴും അച്ഛന്റെ വരവ്. ലാംബി സ്കൂട്ടറിന്റെ ശബ്ദം കേൾക്കുമ്പോഴേ അത് അച്ഛനാവുമെന്നറിയാം. 

ആ ശബ്ദം പെട്ടെന്നു തന്നെ തിരിച്ചറിയുമായിരുന്നു. സ്കൂട്ടർ കണ്ണിൽ തെളിഞ്ഞാൽ നോട്ടം അതിന്‍റെ ഹാൻഡിലിലേക്കായിരിക്കും. അവിടെ ഒരു സഞ്ചി ഒണ്ടോ എന്നാണ് നോട്ടത്തിന്റെ ഉദ്ദേശ്യം.  ഉണ്ടെങ്കിൽ കന്റീനിൽ നിന്നു പലഹാരം ഉറപ്പാണ്. പിന്നെ ക്രിക്കറ്റിനോട് ബൈ പറഞ്ഞ് ഒറ്റ ഓട്ടമാണ്... എന്റെ മോനും അന്നു ഞാൻ സ്കൂട്ടറിന്റെ ശബ്ദം തിരിച്ചറിഞ്ഞപോലെ ഇപ്പോള്‍ എന്റെ കാറിന്റ ശബ്ദം തിരിച്ചറിയുന്നുണ്ട്. അവനിപ്പോൾ രണ്ടാം ക്ലാസിലാണ്. ഏകദേശം എനിക്കും അന്ന് ആ പ്രായമായിരുന്നു.

saiju-kurup

ലൂണയും ചാംപും 

എനിക്ക് ഒട്ടു ഇഷ്ടമില്ലാത്ത വാഹനങ്ങളായിരുന്നു ലൂണയും ചാംപും. ലൂണ എന്തോ സൈക്കിളിനെക്കാളും താഴെയുള്ള ഒരു വാഹനമായിട്ടാണ് തോന്നിയിരുന്നത്. ഒരു സ്റ്റാൻഡേർഡില്ല. കാണാൻ ഒരു ഗുമ്മുമില്ല. ഞാൻ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല അച്ഛൻ ടിവിഎസ് ചാംപ് വാങ്ങുമെന്ന്. പക്ഷേ, അച്ഛൻ അതു വാങ്ങി– ചേച്ചിക്ക്. ഒരു ബ്ലൂ കളർ ടിവിഎസ് ചാംപ്. അന്ന് ഞാൻ ഒൻപതിൽ പഠിക്കുകയാണ്. കോളജ് പഠനകാലത്ത് വീട്ടിലുണ്ടായിരുന്ന വണ്ടി ഈ ചാംപായിരുന്നു. 

കിക്ക് സ്റ്റാര്‍ട്ട് ചെയ്യാനൊക്കെ ബുദ്ധിമുട്ടായ സമയത്ത് അച്ഛൻ  കൈനറ്റിക് ഹോണ്ട വാങ്ങിച്ചു. ആ കാലത്ത് സെൽഫ് സ്റ്റാർട്ടുള്ള സ്കൂട്ടർ ഇതായിരുന്നു. പക്ഷേ, അതും പെൺകുട്ടികളുടെ വാഹനം എന്നുള്ളൊരു കൺസെപ്റ്റായിരുന്നു എനിക്ക്. ‘ഡെഫ്നിറ്റിലി മെയിൽ’ എന്ന ടാഗ് ലൈനിലൊക്കെ പൾസർ ഇറങ്ങിയ കാലമായിരുന്നു. പക്ഷേ, അത് എനിക്ക് വാങ്ങിത്തരാൻ പറയാൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു. നല്ല വിലയായിരുന്നു അതിന്. അതുകൊണ്ട് കോളജിൽ പോകാൻ വല്ലപ്പോഴും മനസില്ലാ മനസോടെ കൈനറ്റിക് ഹോണ്ട എടുക്കും. ബസ്സിലും സുഹൃത്തുക്കൾക്കുമൊപ്പം ലിഫ്റ്റടിച്ചുമൊക്കെയായിരുന്നു കൂടുതലും പോയിരുന്നത്.

saiju-kurup-4

കോളജ് പഠനം കഴിഞ്ഞപ്പോഴേക്കും പറഞ്ഞു പറഞ്ഞ് ഒരു സ്പ്ലെൻഡർ  വാങ്ങിപ്പിച്ചു. ആ വണ്ടി ഇപ്പോഴുമുണ്ട്. കണ്ടീഷനല്ലെന്നു മാത്രം. ഏറെ താല്‍പര്യത്തോടെ ഓടിച്ച വാഹനം അതാണ്. ഓടിക്കുമ്പോ ഒരു ഗുമ്മുണ്ടായിരുന്ന വാഹനം. 

മുംബൈ കാണാൻ ഒമ്നിയിൽ

മൂന്നു സുഹൃത്തുക്കളുമായി അന്ന് ഓമ്നിയിൽ നാഗ്പുരിൽനിന്നു മുംബൈ കാണാൻ പോയത് മറക്കില്ല. എനിക്കന്ന് ഫോർ വീൽ ഓടിക്കാൻ അറിയില്ല. പിന്നിലെ സീറ്റ് ഊരിവച്ച് ബെഡും തലയണയൊക്കെയും ഇട്ട് ലാവിഷായിട്ടായിരുന്നു യാത്ര. വണ്ടി ഓടിക്കുന്നവര് പറയുന്നതാരുന്നു ആ ട്രിപ്പിലെ വേദവാക്യം. രണ്ടു ദിവസത്തെ യാത്രയായിരുന്നു. അന്നൊക്കെ വിചാരിച്ചിരുന്നത് മുംബൈയില്‍ ചെന്നാൽ ബോളിവുഡ് താരങ്ങളെ കാണാൻ പറ്റുമെന്നായിരുന്നു. അന്നും ഇന്നും ഏറ്റവും അടുത്ത സുഹൃത്ത് രതീഷാണ്. അവനന്നു ജോലിയുണ്ട്. അവന്റെ സ്ഥലത്തായിരുന്നു താമസം. ഗോവിന്ദയെയും ഷാറുഖ് ഖാനെയും കാണുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ, അവിടെ ചെന്നപ്പോഴാണ് രതീഷ് പറയുന്നത് അവരെ ഒന്നും അങ്ങനെ കാണാൻ പറ്റില്ലെന്ന്. ലോഖണ്ഡ് വാലയിൽ സിനിമാക്കാർ താമസിക്കുന്ന സ്ഥലത്തു ചെന്നാൽ ചിലപ്പോൾ കാണാൻ പറ്റുമായിരിക്കും എന്നു കേട്ട് അങ്ങോട്ടുപോയി. ആകെ കാണാൻ കഴിഞ്ഞത് ഗണേഷ് ആചാരിയെന്ന കൊറിയോഗ്രഫറെ.

സോളോ ഡ്രൈവറല്ല

ഒറ്റയ്ക്കുള്ള യാത്രകളോട് അത്ര താൽപര്യമില്ല. കാരണം, ഡ്രൈവിങ് എനിക്ക് അത്ര രസകരമായിട്ടുള്ള ഒന്നല്ല. പാട്ടൊക്കെ കേട്ട് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുന്ന ടൈപ്പ് ആളല്ല ഞാൻ.  ഒറ്റയ്ക്കു പോകേണ്ടി വരുമ്പോ സുഹൃത്തുക്കളെ ഒക്കെ വിളിച്ചു സംസാരിച്ചാണു പോകാറ്. അമ്മയെ വിളിച്ചു സംസാരിക്കും. അമ്മ ഭയങ്കര എന്റർടെയിനറാണ്. ഭാര്യയ്ക്ക് യാത്ര പോകാനൊക്കെ ഇഷ്ടമാണ്. ഭാര്യയുടെ അച്ഛന്റെ ഇയോണിൽ മകനു മൂന്നു മാസമുള്ളപ്പോൾ,  ഊട്ടിയിൽ ഞങ്ങൾ ഹണിമൂൺ ആഘോഷിച്ച അതേ സ്ഥലത്തു പോയി. പ്ലാനൊന്നും ചെയ്ത് പോയ യാത്രയല്ലായിരുന്നു. ഷൂട്ടിങ്ങില്ലാത്ത സമയത്ത് പെട്ടെന്നു പോയതായിരുന്നു. ഭാര്യ എന്നേക്കാളും മുന്നേ വാഹനം ഓടിച്ചു തുടങ്ങിയ ആളാണ്. ഫാമിലി ആയിട്ട് പോകുമ്പോൾ ഞങ്ങൾ രണ്ടാളും മാറി മാറി ഓടിക്കും. അനു നല്ല ഡ്രൈവറാണ്. 

ഓപ്പൽ കോഴ്സ

മുഴുവനും സ്വന്തം പോക്കറ്റിൽനിന്നല്ല മുടക്കിയതെങ്കിലും സ്വന്തം കാശിന് എടുത്ത ആദ്യ കാർ ഓപ്പൽ കോഴ്സയാണ്. എന്റെ കുറച്ചു കാശും ബാക്കി അച്ഛന്റെ കയ്യിൽ നിന്നുമെടുത്താണ് 2005 ൽ കോഴ്സ വാങ്ങുന്നത്. മാരുതിയിൽനിന്നു പെട്ടെന്ന് ഓപൽ കോഴ്സയിലേക്ക് മാറിയപ്പോൾ ചില്ലറ ബുദ്ധിമുട്ടുണ്ടായിരുന്നു.  കോഴ്സയുടെ പാർട്ടുകൾ ഇംപോർട്ട് ചെയ്താണ് കൊണ്ടുവന്നിരുന്നത്. അതിനുവേണ്ടി അത്യാവശ്യം കാശ് ചെലവാക്കിയിട്ടുണ്ട്. അന്ന് സിനിമയിൽനിന്ന് ഇരുപത്തയ്യായിരം രൂപയൊക്കെയാണു കിട്ടുന്നത്. കാർ സർവീസ് ചെയ്ത് വരുമ്പോഴേക്കും പതിനായിരം രൂപയോളം തീരും. ഓപൽ കൊടുത്ത് ഷെവർലെ എവിയോ വാങ്ങി.

saiju-kurup-1

ഓട്ടമാറ്റിക്കിലേക്ക്

ഭാര്യയുടെ നിർബന്ധം മൂലമായിരുന്നു ഓട്ടമാറ്റിക് കാർ നോക്കിയത്.  ഗിയർ ഒക്കെ ഇടയ്ക്ക് ചേഞ്ച് ചെയ്തില്ലേൽ ഡ്രൈവിങ്ങിനു ഒരു സുഖം കിട്ടില്ലെന്നുള്ള കാഴ്ചപ്പാടാരുന്നു എനിക്ക്. ബലേനൊ ഓട്ടമാറ്റിക്കാണ് വാങ്ങിയത്. എന്റെ ബജറ്റിനു ചേരുന്ന വണ്ടിയായിരുന്നു ബലേനോ. സെലേറിയോ അടക്കമുള്ള പല ഓട്ടമാറ്റിക് വണ്ടികളും ടെസ്റ്റ് ഡ്രൈവ് ചെയ്ത് അവസാനം ക്വിഡ്  ബുക്ക് ചെയ്തു ഉറപ്പിച്ച് ഇരിക്കുമ്പോഴാണ് ഒരു ദിവസം പനമ്പളളി നഗറിൽ വച്ച് ബലേനൊ കാണുന്നത്. അതിന്റെ ഷെയ്പ് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ബലേനോ വാങ്ങിയത്. 

സേഫ്റ്റി ഫസ്റ്റ്

2018 ൽ ഒരു റോഡ് ആക്സിഡന്റിലാണ് അച്ഛൻ മരിച്ചത്. ഡിയോ സ്കൂട്ടറിൽ പോവുന്നതിനിടയിലാണ് ആക്സിഡന്റ്. അമ്മയും ഒപ്പമുണ്ടായിരുന്നു. അമ്മ തെറിച്ചു പോയെങ്കിലും രക്ഷപ്പെട്ടു. റോങ് സൈഡിൽ വന്ന വണ്ടി ഇടിക്കുകയായിരുന്നു. അതുകഴിഞ്ഞപ്പോഴാണ് സേഫ്റ്റിയൊക്കെയുള്ള വാഹനം വേണമെന്ന് ഉറപ്പിച്ചത്. അങ്ങനെയാണ് എക്സ് വണ്ണിലേക്ക് എത്തിയത്. കുറച്ചു പണമൊക്കെ കൂട്ടിവച്ച്, ലോണെടുത്ത് 2019 ൽ ആണ് ഇത് വാങ്ങിയത്. വലിയ ലക്‌ഷ്വറി വാഹനം വേണമെന്ന് ആഗ്രഹമുള്ള ഒരാളല്ല ഞാൻ. 

ഷൂട്ടിങ്  യാത്രകൾക്കായി അൽകസാർ

ബലേനൊ വിറ്റിട്ടാണ് അൽകസാർ വാങ്ങിയത്. ലൊക്കേഷനുകളിലേക്കുള്ള യാത്രകൾ കണക്കിലെടുത്താണ് അൽകസാറിലെത്തിയത്. കൂടെയുള്ള സ്റ്റാഫിന്റെ ലഗേജ് കൂടി വയ്ക്കാനുള്ള സ്ഥലമൊക്കെ അതിലുണ്ട്. 

സിനിമയിലെ വാഹനങ്ങൾ

സിനിമയിൽ ആദ്യം ഉപയോഗിച്ച വാഹനം ബുള്ളറ്റാണ്, ‘മയൂഖ’ത്തിൽ.  സിനിമയിലെ ബുള്ളറ്റുകൾക്ക്  ഒരു പൊതു സ്വഭാവമുണ്ട്. കിക്ക് ചെയ്താൽ ഒരിക്കലും സ്റ്റാര്‍ട്ടാകില്ല. അതിപ്പോ പുതിയ ബുള്ളറ്റ് കൊണ്ടു വന്നാലും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ അനുഭവം. ‘അശ്വാരൂഢൻ’  എന്ന മൂന്നാമത്തെ ചിത്രത്തിലാണ് ഫോര്‍വീലര്‍ സിനിമയ്ക്കായി ഉപയോഗിച്ചത്. ഈ അടുത്ത്  ചെയ്ത സിനിമയിൽ കുറെ അധികം പ്രീമിയം വണ്ടികൾ ഓടിച്ചിട്ടുണ്ട്. 

മിലിട്ടറി ടാങ്ക് 

‘1971 ബിയോണ്ട് ബോർഡർ’ എന്ന സിനിമയിൽ ടാങ്കിനുള്ളിലെ ദൃശ്യങ്ങളുണ്ട്. ടാങ്കിനകത്തുള്ള ദൃശ്യങ്ങള്‍ സെറ്റിട്ടതായിരുന്നെങ്കിലും പുറത്തു നിന്നുള്ള ദൃശ്യങ്ങളിൽ ടാങ്ക് തന്നെ ആയിരുന്നു. ടാങ്കിനുള്ളിൽ മൂന്ന് പേർക്കൊക്കെ കഷ്ടിയാണ് ഇരിക്കാനാവുക. ഒട്ടും സ്ഥലമില്ല. അതിൽ ഡ്യൂട്ടിചെയ്യുന്നവരെ സമ്മതിക്കണം. എന്റെ വലുപ്പമുള്ള ഒരാൾ അതിനുള്ളിൽ ഇരുന്നാൽ ഷോൾഡറൊക്കെ തട്ടും. 

ഷാജി പാപ്പാന്റെ മറ്റഡോർ

മറ്റഡോറായിരുന്നു ‘ആട്’ സിനിമയിലെ വാഹനം. ആദ്യ പാർട്ടിൽ ഉപയോഗിച്ച വാഹനമല്ല രണ്ടാമത്തെ സിനിമയിൽ. അതിലെ ചിത്രീകരണ സമയത്ത് ഭയങ്കര ശ്രദ്ധവേണമായിരുന്നു. കാരണം, മൊത്തം തുരുമ്പാണ്. ബ്രേക്ക് ഒക്കെ ചെയ്യുമ്പോ കയ്യ് എവിടെ വരണം, തല എവിടെ ഇടിക്കുമെന്നൊക്കെ ആദ്യമേ നോക്കി വയ്ക്കണം. അല്ലേൽ ചോര പൊടിയും. അതായിരുന്നു കണ്ടീഷൻ..

സ്വപ്ന വാഹനം

എടുത്തേ തീരൂ എന്ന് ആഗ്രഹമുള്ള കാറൊന്നും ഇല്ല. പക്ഷേ, ബിഎംഡബ്ല്യു കൂപ്പെ മോഡലിനോട് ഇഷ്ടമുണ്ട്. അത് എക്സ് ‌വൺ ഓടിച്ച് ബിഎമ്മിനോട് ഒരു ചായ്‌വ് ഉള്ളതുകൊണ്ടാണ്. 

English Summary: Autobiography Saiju Kurup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com