മറഞ്ഞത് ടൊയോട്ടയെ ഇന്ത്യയിൽ എത്തിച്ച മാർഗദർശി

vikram-kirloskar
Vikram Kirloskar
SHARE

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടര്‍ വൈസ് ചെയര്‍മാൻ വിക്രം കിര്‍ലോസ്‌കര്‍ നവംബര്‍ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കിര്‍ലോസ്‌കര്‍ ബിസിനസ് കുടുംബത്തിലെ നാലാം തലമുറയിലെ അംഗമായിരുന്ന വിക്രം ഇന്ത്യന്‍ വാഹന വ്യവസായരംഗത്തെ പ്രധാന പേരുകളിലൊന്നാണ്. ജാപ്പനീസ് കമ്പനിയായ ടൊയോട്ടയെ ഇന്ത്യയിലേക്ക് എത്തിച്ചതിന്റെ പെരുമയാണ് വിക്രം കിര്‍ലോസ്‌കറിനെ ശ്രദ്ധേയനാക്കുന്നത്. ഉന്നത ബിസിനസ് കുടുംബത്തില്‍ ജനിച്ച വിക്രം കിര്‍ലോസ്‌കര്‍ അടിമുടി എൻജിനീയറായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട ബിസിനസ് ജീവിതത്തിനിടെ 20 ഫാക്ടറികള്‍ നിര്‍മിച്ചിട്ടുണ്ട് അദ്ദേഹം. 

എംഐടി എൻജിനീയര്‍

1958ലാണ് വിക്രം കിര്‍ലോസ്‌കര്‍ ജനിക്കുന്നത്. കിര്‍ലോസ്‌കര്‍ ഗ്രൂപ്പിനെ വിപുലപ്പെടുത്തിയ എസ്എല്‍ കിര്‍ലോസ്‌കറിന്റെ മകനായിരുന്ന ശ്രീകാന്ത് കിര്‍ലോസ്‌കറായിരുന്നു വിക്രമിന്റെ പിതാവ്. 1888 ല്‍ ലക്ഷ്മണ്‍ റാവു സ്ഥാപിച്ച കിര്‍ലോസ്‌കര്‍ ഗ്രൂപ്പാണ് ഇന്ത്യയില്‍ ആദ്യമായി ഇരുമ്പു കലപ്പ നിര്‍മിക്കുന്നത്. മുംബൈയില്‍നിന്നു സൈക്കിള്‍ വാങ്ങി കര്‍ണാടകയിലെ ബെല്‍ഗാമില്‍ വിറ്റായിരുന്നു തുടക്കം. കിര്‍ലോസ്‌കര്‍ ഗ്രൂപ് നാലാം തലമുറയിലെത്തിയപ്പോഴേക്കും സൈക്കിള്‍ കച്ചവടം കാര്‍ നിര്‍മാണത്തിലേക്കു മാറി. 

ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു വിക്രം കിര്‍ലോസ്‌കറിന്റെ പഠനം. ബാഡ്മിന്റൻ കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന വിക്രമിന്റെ മറ്റൊരു വിനോദം വിമാന മാതൃകകള്‍ നിര്‍മിക്കലായിരുന്നു. ഒരുപക്ഷേ അദ്ദേഹം എത്തിപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന മറ്റൊരു മേഖലയായിരിക്കും അത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനായി മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്കാണ് വിക്രം പോയത്. അവിടെനിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടി. തന്റെ എൻജിനീയറിങ് പഠനം കുടുംബ ബിസിനസിലേക്ക് പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ സഹായിച്ചെന്ന് 2017ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

ടൊയോട്ടയുമായുള്ള ബന്ധം

എംഐടി പഠനശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ വിക്രം കിര്‍ലോസ്‌കര്‍ കുടുംബ ബിസിനസിന്റെ ഭാഗമായി. തുടക്കത്തിലേ മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദം തനിക്കുമേല്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ ബിസിനസിന്റെ ഭാഗമാക്കാന്‍ വിക്രം കിര്‍ലോസ്‌കര്‍ അന്ന് ശ്രമിച്ചിരുന്നു. 1990കളുടെ അവസാനത്തിലാണ് ടൊയോട്ടയെ ഇന്ത്യന്‍ വിപണിയിലേക്ക് വിക്രം കിര്‍ലോസ്‌കര്‍ പരിചയപ്പെടുത്തുന്നത്. ടെക്‌സ്‌റ്റെയ്ല്‍ രംഗത്തെ യന്ത്രങ്ങളാണ് കിര്‍ലോസ്‌കര്‍ ടൊയോട്ടയുമായി സഹകരിച്ച് ആദ്യം നിര്‍മിച്ചത്. 1997ല്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടര്‍ എന്ന സംയുക്ത സ്ഥാപനം ആരംഭിച്ചു. കിര്‍ലോസ്‌കറിന് 11 ശതമാനവും ടൊയോട്ടക്ക് 89 ശതമാനവുമായിരുന്നു ഓഹരി. ഇന്നും ഇന്ത്യയിലെ പല ബിസിനസുകളിലും ടൊയോട്ട ബിസിനസ് കിര്‍ലോസ്‌കര്‍ സിസ്റ്റംസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

വിക്രം കിര്‍ലോസ്‌കറിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയാണ് കിര്‍ലോസ്‌കര്‍ സിസ്റ്റംസ് ലിമിറ്റഡ്. ഇന്ത്യയില്‍ ടെക്‌സ്റ്റെല്‍ മെഷിനറി, കാര്‍ നിര്‍മാണം, വാഹന ഭാഗങ്ങള്‍, അലൂമിനിയം ഡൈ - കാസ്റ്റിങ് തുടങ്ങി പല മേഖലകളിലും ടൊയോട്ടയും കിര്‍ലോസ്‌കറും സഹകരിക്കുന്നു.  ‘‘ടൊയോട്ടയുമായി ഞങ്ങളുടെ ആദ്യ സഹകരണം ടെക്‌സ്‌റ്റൈല്‍ മേഖലയിലായിരുന്നു. പിന്നീട് എന്തുകൊണ്ടു കാര്‍ ബിസിനസിലേക്കു വ്യാപിപ്പിച്ചുകൂടെന്ന തോന്നലുണ്ടായി. എന്റെ കരിയര്‍ മുഴുവന്‍ പരിശോധിച്ചാല്‍ എൻജിനീയറിങും നിര്‍മാണവുമല്ലാതെ നിങ്ങള്‍ക്ക് വലിയ വൈവിധ്യം കണ്ടെത്താനാവില്ല’’ – ബിന്ദു ഗോപാല്‍ റാവുവിന് നല്‍കിയ അഭിമുഖത്തില്‍ വിക്രം കിര്‍ലോസ്‌കര്‍ പറഞ്ഞു. 

ക്വാളിസ് വിജയഗാഥ

2000 ത്തില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ ഇന്ത്യന്‍ നിരത്തിലിറക്കിയ ആദ്യ വാഹനമായ ക്വാളിസ് വന്‍ വിജയമായി. ഇന്നും ക്വാളിസിന്റെ ജനപ്രീതി അവസാനിച്ചിട്ടില്ല. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ വിപണിയില്‍ 20 ശതമാനം വിപണി വിഹിതം ടൊയോട്ട നേടിയത് ക്വാളിസിന്റെ സഹായത്തിലാണ്. ഇന്നോവ, കൊറോള, കാമ്രി, ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ എന്നിവയിലൂടെ ടൊയോട്ട കിര്‍ലോസ്‌കര്‍ ഇന്ത്യന്‍വിപണിയില്‍ തരംഗമായി. ഏതാനും ദിവസം മുമ്പ് നവംബര്‍ 25നാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ വിക്രം കിര്‍ലോസ്‌കര്‍ അവതരിപ്പിച്ചത്. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പൊതു പരിപാടി. ടൊയോട്ട ഇന്ത്യ തന്നെയാണ് വിക്രമിന്റെ വിയോഗ വിവരം ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 

കുടുംബം

പൊതു സമൂഹത്തിന്റെ കണ്ണില്‍ ബിസിനസ്മാനും വ്യവസായിയുമാണ് വിക്രം കിര്‍ലോസ്‌കര്‍. തികഞ്ഞ കുടുംബസ്‌നേഹി കൂടിയായ വിക്രം ഭാര്യ ഗീതാഞ്ജലി കിര്‍ലോസ്‌കറിനൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. വിക്രമിന് 24 ഉം ഗീതാഞ്ജലിക്ക് 18 ഉം വയസുള്ളപ്പോഴാണ് ഒരു പൊതു സുഹൃത്ത് സംഘടിപ്പിച്ച പാര്‍ട്ടിയില്‍വച്ച് അവര്‍ പരിചയപ്പെടുന്നത്. ‘‘വിക്രം എംഐടിയില്‍നിന്നു മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നെക്കാൾ ആറ് വയസ്സ് കൂടുതലുള്ള ബുദ്ധിമാനും ഊര്‍ജ്ജസ്വലനുമായ വിക്രമിനെ ആദ്യ കാഴ്ചയിലേ ഇഷ്ടപ്പെട്ടു’’ – പിന്നീട് ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗീതാഞ്ജലി അവരുടെ ആദ്യ സമാഗമത്തെ ഓര്‍ത്തെടുത്തത് ഇങ്ങനെയായിരുന്നു. ‘‘ഇഷ്ടങ്ങളും താല്‍പര്യങ്ങളും വ്യത്യസ്തമായിരുന്നങ്കിലും ഒരുമിച്ച് യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും വൈന്‍ കുടിക്കാനും ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു’’ എന്നാണ് ഹലോ മാഗസിനോട് വിക്രം കിര്‍ലോസ്‌കര്‍ പറഞ്ഞത്. 

മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. വിക്രമിനും ഗീതാഞ്ജലിക്കും മാനസി എന്ന മകളാണുള്ളത്. കിര്‍ലോസ്‌കര്‍ സിസ്റ്റംസില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ടൊയോട്ട മോട്ടോഴ്‌സ് ബോര്‍ഡ് അംഗവുമാണ് മാനസി. 2019ല്‍ നോയല്‍ ടാറ്റയുടെ മകന്‍ നെവില്ല ടാറ്റയെയാണ് മാനസി വിവാഹം കഴിച്ചത്. ബിസിനസിന് പുറമേ വിക്രം കിര്‍ലോസ്‌കറിന്റെ മറ്റൊരു പ്രധാന ഇഷ്ടം വൈനുകളായിരുന്നു. അദ്ദേഹത്തിന് വിപുലമായ വൈന്‍ കലക്‌ഷനുമുണ്ട്. ഒഴിവു സമയങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനും അലങ്കരിക്കാനും വിക്രം ഇഷ്ടപ്പെട്ടിരുന്നു. എങ്കിലും ഒരേ ഭക്ഷണം ഒരുപാടു തവണ പാകം ചെയ്യാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും വിക്രം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നും പുതുമകള്‍ ഇഷ്ടപ്പെട്ടിരുന്ന വിക്രം കിര്‍ലോസ്‌കര്‍ ഇന്ത്യക്ക് ടൊയോട്ടയെ പരിചയപ്പെടുത്തിയ ദീര്‍ഘദര്‍ശിയായ ബിസിനസുകാരന്‍ എന്ന പേരിലായിരിക്കും ഓര്‍മിക്കപ്പെടുക.

English Summary: Remembering Toyota Kirloskar Motor Vice Chairperson Vikram Kirloskar

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS