ആഡംബര സൗകര്യങ്ങൾ, മിലിറ്ററി ലുക്ക്; ഇത് പവൻ കല്യാണിന്റെ വരാഹി - വിഡിയോ

pawan-kalyan
Image Source: Pawan Kalyan | Twitter
SHARE

തെന്നിന്ത്യൻ സൂപ്പർതാരവും ജനസേനയുടെ നേതാവുമായ പവൻ കല്യാൺ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പുകളിലാണ്. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെങ്കിലും പവൻ കല്യാണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വരാഹി എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് താരം പുറത്തുവിട്ടത്. 

മിലിറ്ററിയിൽ ഉപയോഗിക്കുന്ന വിധത്തിലെ കവചിത വാഹനം പോലെ തോന്നിക്കുന്ന ട്രക്കിൽ അത്യാഡംബര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുർഗാദേവിയുടെ സപ്തമാതൃകകളുടെ വിളിപ്പേരായ വരാഹി എന്നാണ് വാഹനത്തിന് അദ്ദേഹം പേര് നൽകിയിരിക്കുന്നത്. അടുത്തവർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന സംസ്ഥാന പര്യടനത്തിന് വാഹനം ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. യാത്രയ്ക്കായ് ഈ കവചിത വാഹനം ഉപയോഗിക്കുമെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇരു വാഹനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

കഴിഞ്ഞ ദിവസം ഈ വാഹനം ഹൈദരാബാദിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പവൻ കല്യാണിന്റെ സംരക്ഷണ സംഘവും പരീക്ഷണ ഓട്ടത്തിന് പങ്കെടുത്തിരുന്നു. പരീക്ഷണ ഓട്ടത്തിനു ശേഷം ആവശ്യമായ മാറ്റങ്ങൾക്കും പവൻ നിർദേശം നൽകിയിരുന്നു. വാഹനം രൂപകൽപന ചെയ്ത് പവന്റെ ആവശ്യങ്ങൾക്കായി കസ്റ്റം ചെയ്യുന്നതിനു നേതൃത്വം നൽകിയത് ജനസേനയുടെ മറ്റൊരു നേതാവായ തംഗല്ല ഉദയ് ശ്രീനിവാസ് നേരിട്ടായിരുന്നു. വാഹനത്തെ സംബന്ധിച്ച വിശദവിവരങ്ങളെല്ലാം പുറത്തറിയാതെയാണ് വാഹനം രൂപകൽപന ചെയ്തിട്ടുള്ളത്. ഉയർന്ന സുരക്ഷാ സന്നാഹങ്ങൾ, ഒപ്പം ആഡംബരവും ചേർത്ത വിധത്തിലാണ് നിർമാണം.

pawan-kalyan-1

പവൻ കല്യാണിന്റെ പര്യടനങ്ങൾ നടക്കുന്ന മേഖലയിൽ വൈദ്യുതി വിതരണവും വെളിച്ചവും മുടക്കുന്നതുപോലെയുള്ള നടപടികൾ പ്രതീക്ഷിക്കുന്നതിനാൽ വാഹനത്തിൽ ഇതിനു പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി പറഞ്ഞു. റാലികളെ അഭിസംബോധന ചെയ്യാനായി പ്രത്യേക ശബ്ദസംവിധാനവും വാഹനത്തിലുണ്ട്. അറിയിപ്പ് നൽകാനും പ്രസംഗിക്കാനും ഉപയോഗിക്കുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുള്ള ഈ സംവിധാനത്തിന് അധിക സ്പീക്കറുകൾ ആവശ്യമില്ല. ഇരു വാഹനത്തിനും സുരക്ഷ ക്യാമറകളുടെ നിരീക്ഷണവും ഉണ്ട്. അട്ടിമറി സാധ്യത ഉണ്ടായാൽ പിന്നീട് തെളിവ് ലഭിക്കുന്ന വിധത്തിൽ വാഹനത്തിന്റെ ചുറ്റുമുള്ള ദീർഘദൂര ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന വിധത്തിലാണ് ഇവയുടെ സാങ്കേതികത. വാഹനത്തിൽ ക്രൂവിനെ കൂടാതെ 2 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് സന്നാഹങ്ങൾ. വാഹനത്തിൽ ഒരു ഓഫിസ് മുറിയും ഒരുക്കിയിട്ടുണ്ട്. 

വാഹനത്തിനായി പ്രത്യേക പൂജകൾ നടത്തുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഞ്ജനേയ ക്ഷേത്രത്തിൽ നടത്തുന്ന പ്രാർഥനകളിൽ പാർട്ടിയിലെ ഉന്നത നേതാക്കൾ പങ്കെടുക്കും. ഇതിനു ശേഷമാണ് വാഹനങ്ങൾ പര്യടനത്തിന് ഉപയോഗിക്കുന്നത് ദസറ മുതൽ പര്യടനം നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മാറ്റി.

English Summary: JSP chief Pawan Kalyan ready with ‘Varahi’ for bus yatra

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS