ADVERTISEMENT

രാജ്യത്തെ വാഹന മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനമായ ഓട്ടോ എക്‌സ്‌പോ 2023 ഡല്‍ഹിയിലും ഗ്രേറ്റര്‍ നോയ്ഡയിലുമായി ആരംഭിച്ചു കഴിഞ്ഞു. ആദ്യ രണ്ടു ദിവസങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ളതാണെങ്കില്‍ ജനുവരി 13 പ്രത്യേക ബിസിനസ് ടിക്കറ്റുകള്‍ക്കുള്ളതാണ്. ജനുവരി 14 മുതല്‍ 18 വരെയാണ് പൊതു ജനങ്ങള്‍ക്ക് ടിക്കറ്റെടുത്ത് ഓട്ടോ എക്‌സ്‌പോ 2023 സന്ദര്‍ശിക്കാനാവുക.

വാഹന രംഗത്തെ 114 കമ്പനികളാണ് ഓട്ടോ എക്‌സ്‌പോയുടെ ഭാഗമാവുന്നത്. ആകെ 48 പുതിയ വാഹനങ്ങള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും പ്രദര്‍ശനത്തില്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചില മോഡലുകളുണ്ട്. മാരുതി ജിമ്‌നി മുതല്‍ പുത്തന്‍ തലമുറ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ വരെയുള്ള ആ താര മോഡലുകളെ കൂടുതലറിയാം.

∙ മാരുതി ജിമ്‌നി

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം അഞ്ച് ഡോര്‍ മാരുതി ജിമ്‌നി ഓട്ടോ എക്‌സ്‌പോ 2023ല്‍ വാഹനപ്രേമികള്‍ക്ക് മുമ്പിലെത്തും. ബ്രസയുടെ 1.5 ലിറ്റര്‍ എഞ്ചിനുള്ള ജിമ്‌നിയില്‍ 5 സ്പീഡ് മാനുവല്‍ ഓപ്ഷനും 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനും ഉണ്ടായിരിക്കും. ഓഫ് റോഡ് യാത്രകള്‍ക്കുകൂടിയുള്ളതായതുകൊണ്ടു തന്നെ ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

∙ മാരുതി ബലേനോ- ബേസ്ഡ് എസ്.യു.വി

പലയിടത്തും പരീക്ഷണ ഓട്ടം നടത്തുന്ന ബലേനോ ബേസ്ഡ് എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എങ്കിലും ഔദ്യോഗികമായ ഈ മോഡല്‍ മാരുതി അവതരിപ്പിക്കുക ഓട്ടോ എക്‌സ്‌പോ 2023ലായിരിക്കും. വലിയതോതിലുള്ള വ്യാവസായിക നിര്‍മാണത്തിന് തയ്യാറായിരിക്കുന്ന മോഡലിന് പറ്റിയ ആദ്യ വേദി കൂടിയാണ് ഓട്ടോ എക്‌സ്‌പോ. ബലേനോയുടെ പല ഫീച്ചറുകളും ഈ മോഡലിനുണ്ടാവും. കൂട്ടത്തില്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും മാരുതി നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

∙ മാരുതിയുടെ വൈദ്യുതി കാര്‍

2020ലെ ഓട്ടോ എക്‌സ്‌പോയില്‍ മാരുതി തങ്ങളുടെ വൈദ്യുതി കാറിന്റെ ആശയം അവതരിപ്പിച്ചിരുന്നു. ഇക്കുറി വാഹന ലോകം കാത്തിരിക്കുന്ന മാരുതിയുടെ വൈദ്യുതി കാര്‍ കൂടുതല്‍ പ്രായോഗികമായി അവതരിപ്പിക്കാനിടയുണ്ട്. 2025ല്‍ വ്യാവസായിക നിര്‍മാണം തുടങ്ങുമെന്നു പ്രതീക്ഷിക്കുന്ന മാരുതിയുടെ വൈദ്യുതി കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

∙ ഹ്യുണ്ടയ് അയോണിക് 5

ഏറ്റവും പുതിയ പ്രീമിയം ഇലക്ട്രിക് കാറായ ഇയോണിക് 5 ഹ്യുണ്ടയ് ഇന്ത്യയില്‍ അവതരിപ്പിക്കുക ഓട്ടോ എക്‌സ്‌പോ വേദിയിലായിരിക്കും. ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്ന ഈ കാറിന്റെ കരുത്ത് 72.6kWh ബാറ്ററിയാണ്. കിയ ഇവി6ല്‍ ഉപയോഗിച്ചിട്ടുള്ള ഹ്യുണ്ടയുടെ വൈദ്യുതി കാര്‍ പ്ലാറ്റ്‌ഫോമായ ഇ-ജിഎംപിയാണ് ഇയോണിക് 5നും നല്‍കിയിരിക്കുന്നത്.

∙ ടാറ്റ പഞ്ച് ഇവി

ടാറ്റയുടെ അടുത്ത ജനകീയ ഇവിയെന്ന് കരുതപ്പെടുന്ന പഞ്ച് ഇവിയും ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തിഗോര്‍ ഇവിക്കും നെക്‌സൊണ്‍ ഇവിക്കും ഇടയിലായിരിക്കും ടാറ്റ പഞ്ച് ഇവിയുടെ സ്ഥാനം. 300കിലോമീറ്ററിനും 350കിലോമീറ്ററിനും ഇടയിലാണ് പ്രതീക്ഷിക്കപ്പെടുന്ന റേഞ്ച്.

∙ ടാറ്റ ഹാരിയര്‍ ഇവി സഫാരി ഇവി

ടാറ്റയുടെ ഹാരിയറിന്റേയും സഫാരിയുടേയും ഇലക്ട്രിക് മോഡലുകളുടെ വിശദാംശങ്ങള്‍ എക്‌സ്‌പോയില്‍ പരസ്യമാവും. ഇപ്പോഴും ഇതിന്റെ വിവരങ്ങള്‍ ടാറ്റ പരമാവധി രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എങ്കിലും ഒറ്റ ചാര്‍ജില്‍ 400 മുതല്‍ 450 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന കാറുകളാവും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

∙ നാലാം തലമുറ കിയ കാര്‍ണിവെല്‍

കിയയുടെ നാലാംതലമുറ എം.പി.വിയായ കാര്‍ണിവെല്‍ ഓട്ടോ എക്‌സ്‌പോ വേദിയില്‍ പ്രദര്‍ശനത്തിനെത്തും. ആകെ മാറിയ കാബിന്‍ അടക്കമുള്ള ഫീച്ചറുകള്‍ വാഹനത്തിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഡീസല്‍ എഞ്ചിനിലും ഗിയര്‍ ബോക്‌സിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

∙ മുഖം മിനുക്കി എംജി ഹെക്ടറും ഹെക്ടര്‍ പ്ലസും

മുഖം മിനുക്കിയ ഹെക്ടറിന്റേയും ഹെക്ടര്‍ പ്ലസിന്റേയും വിശദാംശങ്ങള്‍ എംജി പുറത്തുവിട്ടിട്ടുണ്ടെങ്കിലും വിപണിയില്‍ അവതരിപ്പിക്കുക എക്‌സപോയില്‍ വെച്ചായിരിക്കും. വലിയ ടച്ച് സ്‌ക്രീനും കൂടുതല്‍ വലിയ ഡ്രൈവറുടെ ഡിജിറ്റല്‍ ഡിസ്‌പ്ലേയും മാറിയ കാബിനും അടക്കം പല ഫീച്ചറുകളും എംജി ഈ വാഹനങ്ങള്‍ക്ക് പുതുക്കി നല്‍കിയിട്ടുണ്ട്. എഞ്ചിനും ഗിയര്‍ബോക്‌സും അടക്കമുള്ള പ്രാഥമിക കാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുമില്ല.

∙ പുതു ടൊയോട്ട ലാന്‍ഡ് ക്രൂസര്‍

ടൊയോട്ട ആഗോളതലത്തില്‍ ന്യൂ ജെന്‍ ലാന്‍ഡ് ക്രൂസറെ 2021ല്‍ തന്നെ അവതരിപ്പിച്ചെങ്കിലും ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത് ഇപ്പോഴാണ്. അതിന് പറ്റിയ വേദിയായി ടൊയോട്ട തെരഞ്ഞെടുത്തതും ഓട്ടോ എക്‌സ്‌പോ 2023 തന്നെ. മുന്‍ വശത്ത് വലിയ ഗ്രില്ലുകളുള്ള ഈ മസില്‍കാര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലും ലഭ്യമാണ്.

English Summary: Auto Expo 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com