ADVERTISEMENT

ആഡംബര ട്രെയിന്‍ നിര്‍മാതാക്കളായ ഓറിയന്റ് എക്‌സ്പ്രസിനു വേണ്ടി ഫ്രഞ്ച് കമ്പനികളായ അക്കോറും ഷാന്റിയേ ഡി ലറ്റ്‌ലാന്റികെയും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ യോട്ട് നിര്‍മിക്കുന്നു. ഏതാനും ആഴ്ചകള്‍ക്കകം യോട്ടിന്റെ നിര്‍മാണ കരാറില്‍ ഒപ്പിടുമെന്ന് കപ്പല്‍ നിര്‍മാണ കമ്പനിയായ ഷാന്റിയേ ഡി ലറ്റ്‌ലാന്റികെ അറിയിച്ചു. 2026 മാര്‍ച്ചില്‍ ഓറിയന്റ് എക്‌സ്പ്രസ് സൈലന്‍സീസിനെ നീറ്റിലിറക്കാനാണ് പദ്ധതി.

 

നിര്‍മാണം പൂര്‍ത്തിയായാല്‍ 220 മീറ്റര്‍ നീളം വരുന്ന ഓറിയന്റ് എക്‌സ്പ്രസ് സൈനന്‍സീസായിരിക്കും ലോകത്തിലെ ഏറ്റവും വലിയ സെയിലിങ് യോട്ട്. 70 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള 54 സ്യൂട്ടുകളാണ് അതിഥികള്‍ക്കായി ഈ കപ്പലില്‍ ഒരുക്കുക. എല്ലാ വിധ ആഡംബര സൗകര്യങ്ങളോടും കൂടിയ 1,415 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള പ്രത്യേകം പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും കപ്പലിലുണ്ടാവും. പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് മാത്രമായി 530 ചതുരശ്ര മീറ്റര്‍ സ്വകാര്യ ടെറസും ലഭിക്കും. രണ്ട് നീന്തല്‍കുളങ്ങളും രണ്ട് റെസ്റ്ററന്റുകളും രണ്ട് ബാറുകളും ഈ കപ്പലില്‍ ഉണ്ടായിരിക്കും.

Orient Express Silenseas © Martin Darzacq, group.accor.com
Orient Express Silenseas © Martin Darzacq, group.accor.com

 

പ്രൈവറ്റ് റെക്കോഡിങ് സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്ന ഈ കപ്പലില്‍ ഷോകള്‍ നടത്താനും റെക്കോഡിങിനും സൗകര്യമുണ്ട്. യാത്രക്കാര്‍ക്ക് സ്പാ ചെയ്യുന്നതിനുള്ള സൗകര്യവും മെഡിറ്റേഷന്‍ സേഷനുകളും തുറമുഖത്ത് അടുപ്പിച്ച് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യവും യാത്രക്കിടെ ഉണ്ടായിരിക്കും. 'ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് ഓറിയന്റ് എക്‌സ്പ്രസ് ൈസലന്‍സീസിലൂടെ ഞങ്ങള്‍ തുടങ്ങുന്നത്. ആഡംബര സൗകര്യങ്ങളോടെ ലോകത്തെ ഏറ്റവും മനോഹരങ്ങളായ സമുദ്രങ്ങളിലൂടെ യാത്ര ചെയ്യാനുള്ള അവസരമാണ് അതിഥികള്‍ക്ക് ലഭിക്കുക' ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ അക്കോറിന്റെ സിഇഒയും ചെയര്‍മാനുമായ സെബാസ്റ്റ്യന്‍ ബാസിന്‍ പറഞ്ഞു.

 

'2018ലാണ് ഞങ്ങള്‍ ഇങ്ങനെയൊരു ആശയത്തില്‍ പണി തുടങ്ങുന്നത്. കപ്പല്‍ നിര്‍മാണ ചരിത്രത്തിലെ പുതിയൊരു തുടക്കമാണിത്. യാത്രികര്‍ക്കുവേണ്ട എല്ലാ ആഡംബര സൗകര്യങ്ങളും ഞങ്ങളുടെ കപ്പലിലുണ്ടാവും. പ്രകൃതി വാതകം ഇന്ധനമാക്കിയാണ് സൈലന്‍സീസ് പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ പ്രകൃതിയോട് കൂടുതല്‍ ചേര്‍ന്നു നില്‍കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനവും രൂപകല്‍പനയും' ഷാന്റിയേ ഡി ലറ്റ്‌ലാന്റികെ എംഡി ലോറെന്റ് കാസ്‌റ്റെയ്ന്‍ഗ് പറഞ്ഞു.

 

ഓറിയന്റ് എക്‌സ്പ്രസ് സ്ഥാപകനായ ജോര്‍ജസ് നൈജല്‍ മൈക്കേഴ്‌സ് 1867ല്‍ ഒരു കപ്പല്‍ യാത്ര നടത്തിയിരുന്നു. യൂറോപില്‍ നിന്നും അമേരിക്കയിലേക്ക് അറ്റ്‌ലാന്റിക് സമുദ്രം മുറിച്ചു കടന്നുകൊണ്ട് നടത്തിയ ജോര്‍ജസ് നൈജല്‍ മേക്കേഴ്‌സിന്റെ ആ യാത്രയുടെ സ്വാധീനത്തിലാണ് പിന്നീട് അദ്ദേഹം ഓറിയന്റ് എക്‌സ്പ്രസ് എന്ന ആഡംബര ട്രെയിന്‍ നിര്‍മാണ കമ്പനി ആരംഭിക്കുന്നത്.

 

English Summary: The Orient Express Will Hit the High Seas on a Luxurious 722-Foot Cruise Ship in 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com