ADVERTISEMENT

ലോകം മുഴുവന്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്കുവേണ്ടി വാദിച്ച് ഒരു യുഎസ് സ്റ്റേറ്റ്. യുഎസ്സിലെ വ്യോമിങ് സ്റ്റേറ്റാണ് ഒഴുക്കിനെതിരെ നീന്തി അമ്പരപ്പിക്കുന്നത്. 2035ഓടെ വൈദ്യുതി വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്നാണ് വ്യോമിങ് ജനപ്രതിനിധി സഭയില്‍ ജനുവരി 13ന് അവതരിപ്പിച്ച പ്രമേയം പറയുന്നത്. നേരത്തെ അമേരിക്കയിലെ പല സ്റ്റേറ്റുകളും 2035 ആകുമ്പോഴേക്കും പൂര്‍ണമായും വൈദ്യുതി വാഹനങ്ങളിലേക്ക് മാറുമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. അനവധി തൊഴിലവസരങ്ങളും വരുമാനവും നല്‍കിയ പെട്രോളിയം - പ്രകൃതി വാതക വ്യവസായത്തിനു വേണ്ടി വാദിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പ്രമേയം വ്യോമിങ് ജനപ്രതിനിധി സഭയിലെത്തിയതെന്നാണ് കരുതപ്പെടുന്നത്.

 

അമേരിക്കയിലെ എട്ടാമത്തെ പെട്രോളിയം ഉത്പാദക സംസ്ഥാനമാണ് വ്യോമിങ്. 2021ല്‍ 85.43 ദശലക്ഷം ബാരല്‍ എണ്ണയാണ് ഈ അമേരിക്കന്‍ സ്റ്റേറ്റ് ഉത്പാദിപ്പിച്ചത്. 5.77 ലക്ഷം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നത് കുറച്ചുകൊണ്ടുവന്ന് 2035 ഓടെ പൂര്‍ണമായും നിര്‍ത്തണമെന്നാണ് പെട്രോളിയം പ്രകൃതി വാതക വ്യവസായത്തിന് വലിയ പ്രാധാന്യമുള്ള വ്യോമിങിന്റെ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നത്. നാടിന്റെ വികസനത്തിന് വലിയ പങ്കുവഹിച്ച വ്യവസായത്തിന് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തിലാണ് സെനറ്റര്‍ ജിം ആന്‍ഡേഴ്‌സന്റെ നേതൃത്വത്തില്‍ ഈ പ്രമേയം അവതരിപ്പിച്ചത്. 

 

അതിവേഗത്തിലാണ് അമേരിക്കന്‍ വാഹന വിപണിയില്‍ വൈദ്യുതി വാഹനങ്ങള്‍ സ്വാധീനം ഉറപ്പിക്കുന്നത്. അമേരിക്കയിലെ വിവിധ സ്റ്റേറ്റ് സര്‍ക്കാരുകളും വൈദ്യുതി വാഹന വ്യവസായത്തിന് പിന്തുണ നല്‍കുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ അടിസ്ഥാന സൗകര്യ വികസന നയത്തിന്റെ ഭാഗമായി അമേരിക്കയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കുവേണ്ടി അഞ്ച് ലക്ഷം ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്ന് വൈറ്റ് ഹൗസ് തന്നെ അറിയിച്ചിരുന്നു. 

 

2030 ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് പകുതിയായി കുറക്കുകയെന്ന അമേരിക്കന്‍ ലക്ഷ്യം സാധ്യമാക്കാന്‍ വാഹന വിപണിയിലെ ഈ മാറ്റം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. 2050 ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് പൂജ്യമാക്കി കുറക്കാന്‍ സാധിക്കുമെന്നും അമേരിക്ക പ്രതീക്ഷവെക്കുന്നു. കാലിഫോര്‍ണിയ പോലുള്ള സ്റ്റേറ്റുകൾ 2035 ആകുമ്പോഴേക്കും പ്രകൃതി വാതകം ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിരോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മസാച്ചുസെറ്റ്‌സ്, വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ഒറേഗോണ്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ 2035 ആവുമ്പോഴേക്കും പുതിയ ICE വാഹനങ്ങള്‍ പുറത്തിറങ്ങുന്നത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 2035 ആകുമ്പോഴേക്കും പുതിയ മോഡലുകള്‍ പൂര്‍ണമായും വൈദ്യുതി ഇന്ധനമാക്കിയുള്ളതാവുമെന്ന് ജനറല്‍ മോട്ടോഴ്‌സ്, ലെക്‌സസ് പോലുള്ള വാഹന നിര്‍മാണ കമ്പനികള്‍ പോലും പ്രഖ്യാപിച്ചു കഴിഞ്ഞു.

 

2008 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വൈദ്യുതി വാഹനങ്ങളിലെ ബാറ്ററിയുടെ വിലയില്‍ 89 ശതമാനത്തിന്റെ കുറവാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വലിയൊരു ശതമാനത്തിന് ഇപ്പോള്‍ വൈദ്യുതി വാഹനങ്ങളുടെ വില താങ്ങാനാവുന്നതാണ്. ഏറ്റവും വേഗം വൈദ്യുതി വാഹനങ്ങളിലേക്ക് മാറുന്ന ചൈനയില്‍ 2021ല്‍ 33 ലക്ഷം വൈദ്യുതി വാഹനങ്ങള്‍ വിറ്റു പോയി. തൊട്ടു പിന്നിലുള്ള യൂറോപില്‍ 23 ലക്ഷം വാഹനങ്ങളും അമേരിക്കയില്‍ 6.30 ലക്ഷം വൈദ്യുതി വാഹനങ്ങളുമാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. 2030 ആകുമ്പോഴേക്കും ഇരുചക്ര- മുച്ചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങളില്‍ ആകെയുള്ളതിന്‌റെ 10 ശതമാനം വൈദ്യുതി വാഹനങ്ങളാവുമെന്നാണ് വിര്‍റ്റ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

 

English Summary: This US state wants to phase out EVs instead of ICEs by 2035

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com