ADVERTISEMENT

ഏതൊരു ഉൽപന്നത്തിനും വിപണി കണ്ടെത്തുന്നതില്‍ പരസ്യത്തിനു വലിയ പ്രാധാന്യമുണ്ട്. വര്‍ഷങ്ങളെടുത്ത് രൂപകല്‍പനയും നിര്‍മാണവും പൂര്‍ത്തിയാക്കുന്ന കാറുകളുടെ കാര്യത്തില്‍ പരസ്യത്തിനുള്ള പ്രാധാന്യം വളരെയേറെയാണ്. എന്നാല്‍ പരസ്യങ്ങള്‍ എപ്പോഴും വിചാരിച്ച ഫലം നല്‍കണമെന്നില്ല. അപ്രതീക്ഷിതവും പ്രതീക്ഷിതവുമായ കാരണങ്ങളാല്‍ പല രാജ്യങ്ങളിലും വിലക്കുകളും നിരോധനവും നേരിടേണ്ടി വന്ന പരസ്യങ്ങളുണ്ട്. വിലക്കപ്പെട്ട ആറ് കാര്‍ പരസ്യങ്ങളെക്കുറിച്ച് അറിയാം.

റെനോ ക്ലിയോ

റെനോ ക്ലിയോയുടെ ഈ വിവാദ പരസ്യത്തില്‍ കാറില്‍ ഒരു വാവ വാ വൂം ബട്ടനുണ്ട്. ടെസ്റ്റ് ഡ്രൈവിനെത്തുന്നവര്‍ ഇത് ഞെക്കുന്നതോടെ കാറിനു ചുറ്റുമുള്ളതെല്ലാം പാരിസിലേതു പോലെയാവുന്നതാണ് പരസ്യം കാണിക്കുന്നത്. ഈഫല്‍ ടവറും കഫേകളും ചുംബിക്കുന്ന കമിതാക്കളും ബോഗെറ്റ് വില്‍പനക്കാരനും നര്‍ത്തകര്‍ പോലും കാറിന് ചുറ്റും അണിനിരക്കുന്നു. ഈ പരസ്യത്തിനെതിരെ ഒരാള്‍ യുകെയില്‍ അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റി (എഎസ്എ) യെ സമീപിക്കുകയും അവർ ഈ പരസ്യം നിരോധിക്കുകയും ചെയ്തു. വനിതകളായ നര്‍ത്തകര്‍ക്ക് പകരം പുരുഷ നര്‍ത്തകരുള്ള പരസ്യവും റെനോ ഇറക്കിയിരുന്നു. ഈ പരസ്യത്തിന് നിരോധനം ലഭിച്ചുമില്ല.

ഫോക്‌സ്‌വാഗൻ ഓസ്‌ട്രേലിയ

ഫോക്‌സ്‌വാഗൻ ഓസ്‌ട്രേലിയയുടെ ടൂ സ്‌ട്രോങ് ഫോര്‍ ടിവി പരസ്യ ക്യാംപെയ്നിന്റെ ഭാഗമായി നിര്‍മിച്ച പരസ്യത്തിനും നിരോധനം നേരിടേണ്ടി വന്നു. അമുറോക് വി6 പിക് അപ് ട്രക്കിന്റെ പരസ്യമാണ് വിവാദമായത്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയയിലെ പരസ്യ നിയന്ത്രണ അധികൃതര്‍ ഫോക്‌സ്‌വാഗനെ അറിയിച്ചത്. ചെറു മോഡല്‍ കാറും ഗ്രാഫിക്‌സും ഉപയോഗിച്ച് നിര്‍മിച്ച ടിവി പരസ്യത്തിന്റെ വിശദാംശങ്ങള്‍ സഹിതമുള്ള ഇന്റര്‍നെറ്റ് വെര്‍ഷന്‍ ഇപ്പോഴും ലഭ്യമാണ്.

ഫോ‍ഡ് യുകെ

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോഡിന്റെ സ്‌പോര്‍ട്‌സ് കാറായ മസ്താങ്ങിന്റെ പരസ്യത്തിനും ടിവിയില്‍ നിരോധനം വന്നു. പ്രകോപനപരമായ ദൃശ്യങ്ങളല്ല വാക്കുകളാണ് ഇക്കുറി വിനയായത്. ജോലിയുടെ സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്ന പല തരക്കാരെ കാണിച്ച ശേഷം നിശബ്ദമായി പോകില്ലെന്ന് എഴുതിക്കാണിച്ച് ഇരമ്പിക്കൊണ്ട് മസ്താങ്ങ് പോകുന്നതാണ് പരസ്യത്തിലുള്ളത്. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് മസ്താങ്ങിന്റെ പരസ്യം ബ്രിട്ടനില്‍ നിരോധിച്ചത്.

ബിഎംഡബ്ല്യു യുകെ

ബ്രിട്ടന്‍ നിരോധിച്ച കാര്‍ പരസ്യങ്ങളില്‍ ബിഎംഡബ്ല്യു എം4 ടു ഡോര്‍ സ്‌പോര്‍ട്‌സ് കാറിന്റെ പരസ്യവുമുണ്ട്. ഗ്രാമീണ അന്തരീക്ഷത്തില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് വാഹനത്തിന്റെ സവിശേഷതകൾ കൊണ്ട് താനൊരു റേസ് ട്രാക്കിലാണെന്ന അനുഭവം ലഭിക്കുന്നുവെന്ന രീതിയിലുള്ള പരസ്യമായിരുന്നു ബിഎംഡബ്ല്യു അവതരിപ്പിച്ചത്. പൊതു നിരത്തില്‍ റേസിങ് ട്രാക്കിലേതു പോലെ വാഹനം ഓടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബ്രിട്ടിഷ് പരസ്യ നിയന്ത്രണ അതോറിറ്റി ഈ പരസ്യത്തെ ടിവിയില്‍ നിരോധിച്ചത്.

ഹോണ്ട ദക്ഷിണാഫ്രിക്ക

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയ്ക്കും യുകെയില്‍ 'പരസ്യ'നിരോധനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആളുകളെ അവരുടെ പരമാവധിയിലേക്കെത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന രീതിയിലുള്ള പരസ്യമാണ് ഹോണ്ട ടിവിയില്‍ അവതരിപ്പിച്ചത്. ഇത് നിരോധിച്ചുകൊണ്ട് യുകെ പരസ്യ നിയന്ത്രണ അതോറിറ്റി ഇങ്ങനെ പറഞ്ഞു: ‘‘വളരെ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതിന് ന്യായീകരിക്കാവുന്ന കാരണമൊന്നും പരസ്യം നിരത്തുന്നില്ല. പരസ്യത്തിനിടെ ‘നിങ്ങളെ തന്നെ മുന്നോട്ടു തള്ളൂ’, ‘കൂടുതല്‍ വേഗം’ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ എടുത്തു പറയുന്നുമുണ്ട്. കാറിന്റെ ദൃശ്യങ്ങളും ശബ്ദവുമെല്ലാം പരസ്യത്തിന്റെ കേന്ദ്രം വേഗമാണെന്നു കാണിക്കുന്നതാണ്.’’

ടൊയോട്ട ന്യൂസീലന്‍ഡ്

വെള്ളമോ ചെളിയോ പാറയോ മണലോ, പാതകളിലെ വെല്ലുവിളികളേതുമാകട്ടെ, അവയെ ടൊയോട്ട പിക്അപ് ട്രക്ക് ഹൈലെക്സ് മറികടക്കുമെന്ന സന്ദേശമാണ് ഈ പരസ്യത്തിലൂടെ പറയാനുദ്ദേശിച്ചത്. എന്നാല്‍ പറഞ്ഞ രീതി പാളിപ്പോയി. പലതരം മൃഗങ്ങളെയും മത്സ്യത്തെയുമെല്ലാം വേട്ടയാടിപ്പിടിക്കുന്നതും വേട്ടക്കാരെ അവിടേക്ക് എളുപ്പത്തിലെത്താന്‍ ഹൈലെക്സ് സഹായിക്കുന്നതുമാണ് പരസ്യം പറഞ്ഞത്. വേട്ടയാടപ്പെടുന്ന ജീവജാലങ്ങള്‍ മനുഷ്യന് ഇരയാവാന്‍ ഇഷ്ടപ്പെടുന്നുവെന്ന രീതിയില്‍ കൂടി അവതരിപ്പിച്ചതോടെ നിരോധനം അർഹിക്കുന്ന പരസ്യമായി ഇതു മാറി. ന്യൂസീലന്‍ഡാണ് ഈ ടൊയോട്ട പരസ്യത്തെ നിരോധിച്ചത്.

English Summary: Banned Car Commercials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com