ADVERTISEMENT

കാര്‍മോഷണം അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ആഡംബര കാറുകള്‍ മാത്രം മോഷ്ടിക്കുന്നത് അപൂര്‍വമാണ്. ബെംഗളൂരുവില്‍ നിന്നാണ് ആഡംബര കാറുകള്‍ തെരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നയാളെ പൊലീസ് പിടികൂടിയത്. ആസ്റ്റണ്‍ മാര്‍ട്ടിനും ഔഡിയും ഫോഡ് എന്‍ഡവറും മെഴ്‌സിഡീസും അടക്കം പത്തു കോടിയോളം രൂപ മൂല്യം വരുന്ന വാഹനങ്ങളാണ് സൈദ് ജിബ്രാന്‍ എന്നയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തിയത്. 

 

സൈദ് ജിബ്രാനൊപ്പം മൂന്നോ നാലോ പേരുടെ സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ആഡംബര കാറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവരെ അവരുടെ വാഹനങ്ങള്‍ വിറ്റുതരാമെന്ന രീതിയില്‍ സമീപിക്കുകയാണ് ചെയ്യുന്നത്. ഇന്റര്‍നെറ്റില്‍ നിന്നും മറ്റുമാണ് ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. വിപണിയില്‍ ഉള്ളതിനേക്കാളും ഉയര്‍ന്ന വിലക്ക് വിറ്റു തരാമെന്ന് കാറുടമകളുമായി ബന്ധപ്പെട്ട് സൈദ് വാഗ്ദാനം ചെയ്യും. ഇതില്‍ വീഴുന്നവരാണ് മോഷണത്തിന് ഇരകളായത്. 

 

ഇടനിലക്കാരായി വിറ്റു നല്‍കാമെന്ന് പറഞ്ഞ് കൈവശപ്പെടുത്തുന്ന വാഹനം ഇവര്‍ വില്‍ക്കുകയോ യഥാര്‍ഥ ഉടമകള്‍ക്ക് പണം നല്‍കുകയോ ചെയ്യില്ല. കബ്ബണ്‍ പാര്‍ക്ക് പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് ഒരു മെഴ്‌സിഡീസ് ബെന്‍സ് ഉടമ രാജു എന്നയാള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സൈദ് ജിബ്രാന്‍ അറസ്റ്റിലാവുന്നത്. 

 

18 ലക്ഷത്തിന് വിറ്റു നല്‍കാമെന്ന് പറഞ്ഞ് രാജുവിന്റെ മെഴ്‌സീഡസ് ബെന്‍സ് സ്വന്തമാക്കിയ സൈദ് പിന്നീട് ആ വഴിക്ക് പോയില്ല. ഒരു മാസം കഴിഞ്ഞതോടെ വാഹനം തിരിച്ചു നല്‍കണമെന്ന് രാജു ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ തിരിച്ചു നല്‍കില്ലെന്നും പരാതി നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നും ഭീഷണിപ്പെടുത്തുകയാണ് സൈദ് ചെയ്തത്. ഇതോടെ രാജു പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു. ഈ പരാതിയിലാണ് സൈദിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. 

 

ബെംഗളൂരുവിനും പുറത്തും പണം കടം കൊടുക്കുന്ന കമ്പനികളുമായും കാര്‍ ഡീലര്‍മാരുമായും അടുത്തബന്ധമുള്ളയാളാണ് സൈദ് ജിബ്രാന്‍ എന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതില്‍ കടബാധ്യതയുള്ളവരെയാണ് സൈദും സംഘവും ലക്ഷ്യമിട്ടിരുന്നത്. വാഹനം വിറ്റോ വാടകക്ക് കൊടുത്തോ പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ ഇവരില്‍ പലരും ചതിയില്‍ വീണുപോവുകയായിരുന്നു. 

 

മോഷ്ടിച്ച കാറുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. കിരണ്‍, മോനിഷ് ഗജേന്ദ്ര എന്നീ രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് സൈദ് ഒരിക്കല്‍ മെഴ്‌സിഡീസ് ബെന്‍സ് മോഷ്ടിച്ചിരുന്നു. ഈ വാഹനം ഹൈദരാബാദിലുള്ള ഹേംചന്ദ്ര എന്നയാള്‍ക്ക് വില്‍ക്കുകയാണ് ചെയ്തത്. ഇത് മോഷ്ടിച്ച വാഹനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിപണി വിലയേക്കാളും കുറച്ച് പണം നല്‍കിക്കൊണ്ട് ഹേംചന്ദ്ര കാര്‍ വാങ്ങിയത്. അധികൃതരുടെ കണ്ണുവെട്ടിക്കാനായി വ്യാജ നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിക്കണമെന്ന് ജിബ്രാന്‍ തന്റെ കയ്യില്‍ നിന്നും വാഹനം വാങ്ങുന്നവരോട് നിര്‍ദേശിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.

 

English Summary: Bengaluru car thief steals cars worth over Rs 10 crore! Aston Martin, Range Rover etc seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com