ADVERTISEMENT

മിക്ക നാടുകളിലും നാള്‍ക്കുനാള്‍ കൂടി വരുന്ന പ്രശ്‌നമാണ് വാഹനാപകടങ്ങളും അവ മൂലമുള്ള മരണങ്ങളും. ഇന്ത്യയിലെ ഒരു നഗരം ഈ പ്രതിസന്ധിയെ വിജയകരമായി നേരിട്ടുവെന്നു മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വാഹനാപകടങ്ങളുടെ എണ്ണം 30 ശതമാനം കുറയ്ക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലെ ഷിംലയാണ് അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്. 

 

2018ല്‍ ഷിംലയില്‍ 526 വാഹനാപകടങ്ങളിലായി 245 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ 2022ല്‍ ഇത് യഥാക്രമം 354 അപകടങ്ങളും 167 മരണങ്ങളുമായി കുത്തനെ കുറഞ്ഞുവെന്ന് ഷിംല പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അപകടങ്ങള്‍ കുറയ്ക്കാനായി പല മാര്‍ഗങ്ങളും ഷിംല ഉപയോഗിച്ചു. ഇതില്‍ പ്രധാനം ഗതാഗത നിയമലംഘനങ്ങള്‍ക്ക് കയ്യോടെ ചലാന്‍ നല്‍കുകയെന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം ഗതാഗത നിയമലംഘനത്തിന് ചലാന്‍ നല്‍കുന്നത് 30.5 ശതമാനമായി കൂടിയിട്ടുണ്ടെന്നും പൊലീസ് അറിയിക്കുന്നു. 

 

ചലാന് പുറമേ റോഡപകട വിവരങ്ങളുടെ അടിസ്ഥാനത്തില്‍, നിയമലംഘനത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസുകാരെ നിയോഗിക്കുക, ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം, സിസിടിവി വഴി റോഡ് ഗതാഗതം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ മാര്‍ഗങ്ങളും അപകടങ്ങൾ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളായ അമിത വേഗം, മദ്യപിച്ചോ മൊബൈല്‍ ഫോണില്‍ സംസാരിച്ചോ വാഹനമോടിക്കൽ എന്നീ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് അധികൃതര്‍ സ്വീകരിച്ചത്. തുടര്‍ച്ചയായി ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. 

 

എന്തൊക്കെ കാരണങ്ങളാണ് വാഹനാപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് തിരിച്ചറിയാനും അവ തടയാനുമുള്ള ശ്രമങ്ങളും നടത്തി. ഇതിന്റെ ഭാഗമായാണ് ഷിംലയിലെ ആപ്പിള്‍ സീസണിലെ ഗതാഗതത്തിരക്ക് മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിച്ചതും മഞ്ഞുകാലത്ത് വാഹനങ്ങള്‍ തെന്നി അപകടങ്ങളുണ്ടാവാതിരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും. ഇത്തരം ശ്രമങ്ങളും വാഹനാപകടങ്ങളുടെ എണ്ണം കുറക്കാന്‍ ഷിംലയെ സഹായിച്ചു. 

 

2022ല്‍ 1,83,612 ചലാനുകളാണ് ഷിംല ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കു ചുമത്തിയത്. ഇതില്‍ മൊബൈലില്‍ സംസാരിച്ചു വാഹനം ഓടിച്ച 5,159 സംഭവങ്ങളും മദ്യപിച്ചു വാഹനം ഓടിച്ച 3,448 സംഭവങ്ങളും അമിതവേഗത്തിന് 586 സംഭവങ്ങളും കയ്യോടെ പിടികൂടാനായി. ഇതിന്റെയെല്ലാം ഫലമായി കഴിഞ്ഞ പതിറ്റാണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ അപകട നിരക്കാണ് (354) കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 2021ല്‍ വാഹനാപകടമരണം 189 ആയിരുന്നത് 2022ല്‍ 167 ആയി കുറയുകയും ചെയ്തു. 

 

English Summary: Road accidents, fatalities reduced by 30% in this Indian city due to Challans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com