ADVERTISEMENT

ഇന്ത്യയിലെ നേതാക്കന്മാർക്കിടയിൽ അടിമുടി ദുരൂഹത നിറഞ്ഞ ജീവിതമുള്ളയാളായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച്  ഇന്നുവരെ ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ഇതാ ഇപ്പോൾ അതേ ദുരൂഹതയാണ് അദ്ദേഹത്തിന്റെ കുഞ്ഞിക്കാറിന്റെ കാര്യത്തിലും സംഭവിക്കുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഓസ്റ്റിൻ കാർ എവിടെയെന്ന് ആർക്കും അറിയില്ല. വാഹനം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിന് സർക്കാർ ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

2014ൽ വാഹനം ധൻബാദിലെ ബരാരി കോക് പ്ലാന്റിൽ ഉണ്ടെന്ന വിധത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 1930 മുതൽ 1941 വരെ അദ്ദേഹം ഓസ്റ്റിൻ കാർ ഉപയോഗിച്ചിരുന്നതായി കൃത്യമായ രേഖകളുണ്ട്. കൊൽക്കത്തയിൽ നിന്ന് ബർമയിലേക്ക് അദ്ദേഹം ഈ കാറിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് കാറിനെന്ത് സംഭവിച്ചു എന്ന വിഷയത്തിൽ ആർക്കും യാതൊന്നുമറിയില്ല.

 

Gertan | Shutterstock
Gertan | Shutterstock

കഠക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നേതാജി ഫൗണ്ടേഷനാണ് കലക്ടർ ഭഭാനി ശങ്കർ ചായനിക്ക് വാഹനം കണ്ടെത്തി നൽകണമെന്ന വിഷയത്തിൽ അപേക്ഷ സമർപ്പിച്ചത്. ബിജു പട്നായ്കിന്റെ ഡക്കോട്ട വിമാനം പൊതുജനത്തിനു കാണുന്ന വിധത്തിൽ സർക്കാർ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് നേതാജിയുടെ ബേബി ഓസ്റ്റിൻ കാർ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നത്. വാഹനം കണ്ടെടുത്താൽ കഠക്കിലെ ഒഡിയ ബസാറിനു സമീപത്തെ ജാനകിനാഥ് ഭവനിൽ കൊണ്ടുവരാനാണ് സാധ്യത.

 

‘കൊൽക്കത്തയിൽ നിന്ന് ബിജു പട്നായ്കിന്റെ വിമാനം കൊണ്ടുവരാൻ സാധിക്കുമെങ്കിൽ നേതാജിയുടെ  വാഹനം കണ്ടെത്തി തിരികെ കൊണ്ടുവരാനും സാധിക്കണം. രാജ്യത്തെ സ്വാതന്ത്ര്യ സേനാനികൾക്കും നേതാജിക്കും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര ഓർമകൾ തിരികെ കൊണ്ടുവരാൻ ഇതുകൊണ്ട് സാധിക്കുമെന്ന് ഫൗണ്ടേഷൻ കൺവീനർമാരായ ജിനേഷ് ദാസും ബിക്കി ചക്രബർത്തിയും ആവശ്യപ്പെട്ടു. കഠക്കിലെ ചൗദാർ ബികാഷ് പരിസദ എന്ന സംഘടന മുഖ്യമന്ത്രി നവീൻ പട്നായ്കിനും ഇതേ ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഒപ്പം നേതാവിന്റെ പൂർണകായ പ്രതിമ കഠക്കിൽ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.

 

ബേബി ഓസ്റ്റിൻ അഥവാ ഓസ്റ്റിൻ സെവൻ

 

1923 മുതൽ 1939 വരെ യുകെയിലെ ഓസ്റ്റിൻ കമ്പനിയിൽ നിർമിച്ച ‘ഇക്കോണമി’ കാറാണ് ഓസ്റ്റിൻ സെവൻ. കുഞ്ഞൻ കാറായിരുന്നതിനാൽ വാഹനം ബേബി ഓസ്റ്റിൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു. ബ്രിട്ടീഷ് വിപണിയിൽ വലിയ സ്വീകാര്യത നേടിയ കാറാണ് ബേബി ഓസ്റ്റിൻ. 747 സിസി സ്ട്രെയ്റ്റ് 4 എൻജിനാണ് വാഹനത്തിനു കരുത്ത് നൽകിയിരുന്നത്. ടൂറർ, സലൂൺ, കാബ്രിയോലെ, കൂപ്പെ തുടങ്ങി വിവിധ വകഭേദങ്ങളിൽ വാഹനം ലഭ്യമായിരുന്നു. ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള നിർമാതാക്കളുടെ ആദ്യ കാറുകളിൽ പലതും ഓസ്റ്റിൻ 7 അടിസ്ഥാനപ്പെടുത്തി ലൈസൻസ് നേടി നിർമിച്ചവയായിരുന്നു.

 

English Summary: Where is Netaji Subhash Chandra Bose's Austin car? Odisha Government wants to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com