മുംബൈ വിമാനത്താവളത്തിലെ വിമാനങ്ങളെ ഇനി ഇലക്ട്രിക് കാറുകൾ നിയന്ത്രിക്കും

mg-ev
Image Source: Mumbai Airport | Twitter
SHARE

മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ റണ്‍വേകള്‍ ഇനി വൈദ്യുത കാറുകള്‍ ഭരിക്കും. പുത്തന്‍ 45 വൈദ്യുതി കാറുകളെയാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ടാറ്റയുടെ നെക്‌സോണിനും ടിഗോര്‍ ഇവിക്കുമൊപ്പം എംജി ZS EVയും ചേര്‍ന്നാണ് ഇനി മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ചുമതലകള്‍ പൂര്‍ത്തിയാക്കുക. 

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വിമാനത്താവള അധികൃതര്‍ തന്നെ വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിന്റെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. 'മലിനീകരണം പരമാവധി കുറക്കുകയെന്നതിന്റെ ഭാഗമായി ഫോസില്‍ ഇന്ധനത്തില്‍ ഓടുന്ന 45 കാറുകളെ മാറ്റിയാണ് വൈദ്യുത കാറുകള്‍ കൊണ്ടുവരുന്നത്. 2024 ആകുമ്പോഴേക്കും 60 വൈദ്യുത വാഹനങ്ങളെ വിമാനത്താവള ജോലികള്‍ക്കുവേണ്ടി ഉപയോഗിക്കാമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഈ തീരുമാനം നടപ്പിലാക്കിയാല്‍ നിലവില്‍ വിമാനത്താവളത്തിന്റെ ഭാഗത്തു നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം 25 ശതമാനം കുറക്കാന്‍ സാധിക്കും' ട്വീറ്റില്‍ പറയുന്നു.

പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കാറുകളിലേക്കുള്ള മാറ്റമെന്നാണ് മുംബൈ വിമാനത്താവള വക്താവ് പ്രതികരിച്ചത്. മലിനീകരണം പൂജ്യത്തിലെത്തിക്കുകയെന്ന വലിയ ലക്ഷ്യത്തിനായി 2029 ആകുമ്പോഴേക്കും എല്ലാ വാഹനങ്ങളും വൈദ്യുതി വാഹനങ്ങളാക്കാനും വിമാനത്താവള അധികൃതര്‍ക്ക് പദ്ധതിയുണ്ട്. പതിനാലാമത് അസോച്ചം സമ്മേളനത്തിനിടെ മുംബൈ ഛത്രപതി വിമാനത്താവളത്തിന് മികച്ച സുസ്ഥിര വിമാനത്താവളത്തിനുള്ള വാര്‍ഷിക പുരസ്‌കാരം ലഭിച്ചിരുന്നു. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ വ്യോമസേനയും വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്ന വിവരം പ്രഖ്യാപിച്ചത്. ടാറ്റയുടെ നെക്‌സണ്‍ ഇവി എസ്​യുവിയാണ് വ്യോമസേനയുടെ ഭാഗമായി മാറിയത്. വ്യോമസേന ആസ്ഥാനത്ത് എയര്‍ചീഫ് മാര്‍ഷല്‍ വിആര്‍ ചതുര്‍വേദിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ 12 ടാറ്റ നെക്‌സോണ്‍ ഇവികള്‍ വ്യോമസേനയുടെ ഭാഗമായത്. കരസേനയും വൈദ്യുതി വാഹനങ്ങളിലേക്ക് മാറുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഇതിന്റെ മുന്നോടിയായി വൈദ്യുതി വാഹനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിനും പഠിക്കുന്നതിനും വേണ്ടി ഡല്‍ഹി എന്‍സിആര്‍ യൂണിറ്റിലേക്ക് വൈദ്യുതിവാഹനങ്ങള്‍ വാങ്ങിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി കാര്‍ നിര്‍മാണ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ അവരുടെ ജനപ്രിയ മോഡലായ നെക്‌സോണ്‍ ഇവിയുടെ വില കുറയ്ക്കുകയും ചെയ്തിരുന്നു. 14.99 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ നെക്‌സോണ്‍ ഇവിയുടെ നിരക്ക്. പുതിയ മോഡലായ നെക്‌സോണ്‍ ഇവി മാക്‌സ് 16.49 ലക്ഷം രൂപക്കും ടാറ്റ പുറത്തിറക്കിയിരുന്നു. 2026 ആകുമ്പോഴേക്കും പത്ത് പുതിയ വൈദ്യുതി വാഹനങ്ങള്‍ കൂടി പുറത്തിറക്കുമെന്ന് ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പത്ത് ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വിലയില്‍ വൈദ്യുതി വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ടാറ്റക്ക് സാധിക്കും. ഈ സാമ്പത്തിക വര്‍ഷം അരലക്ഷം വൈദ്യുതി വാഹനങ്ങളും അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം വൈദ്യുതി വാഹനങ്ങളുമാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം.

English Summary: Mumbai Airport Get 45 Electric cars on Runway Duty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS