ദക്ഷിണാഫ്രിക്കയില്‍ ടൊയോട്ട പുറത്തിറക്കിയ ചെറുകാറായ വിറ്റ്‌സിനെ കണ്ട്, ഇതു നമ്മുടെ സെലേറിയോ അല്ലേ? എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാനൊക്കില്ല. കാരണം നമ്മുടെ സെലേറിയോയാണ് ദക്ഷിണാഫ്രിക്കയിലെ ടൊയോട്ട വിറ്റ്‌സ്. ടൊയോട്ടയും സുസുകിയും തമ്മിലുള്ള വാഹനങ്ങൾ പരസ്പരം കൈമാറുന്ന റീ ബാഡ്ജിങ് പദ്ധതി പ്രകാരമാണ് ഇന്ത്യയിലെ സെലേറിയോ ദക്ഷിണാഫ്രിക്കയിലെ ടൊയോട്ട വിറ്റ്‌സായി മാറുന്ന 'കാര്‍'മാറാട്ടം സാധ്യമായത്. ജോഹന്നാസ്ബര്‍ഗില്‍ നടന്ന സ്‌റ്റേറ്റ് ഓഫ് മോട്ടോര്‍ ഇന്‍ഡസ്ട്രി ഇവന്റിലാണ്(SOMI) വിറ്റ്‌സിനെ ടൊയോട്ട അവതരിപ്പിച്ചത്.
ഇത് ആദ്യമായല്ല സുസുക്കി കാറുകളെ ടൊയോട്ട പുതിയ പേരില്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബലേനോ, ബ്രെസ, എര്‍ട്ടിഗ എന്നീ സുസുകി മോഡലുകളെ സ്റ്റാര്‍ലെറ്റ്, അര്‍ബന്‍ ക്രൂസര്‍, റൂമിയോണ്‍ എന്നീ പേരുകളില്‍ ദക്ഷിണാഫ്രിക്കയില്‍ ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്. പേരിലും ലോഗോയിലുമല്ലാതെ വലിപ്പത്തിലും ഭാരത്തിലുമൊന്നും കാര്യമായ വ്യത്യാസങ്ങളൊന്നും സെലേറിയോയില്‍ നിന്നും ടൊയോട്ട വിറ്റ്‌സിനില്ല.
2021 അവസാനത്തിലാണ് സെലേറിയോ രണ്ടാം തലമുറ വാഹനങ്ങള്‍ ഇന്ത്യയില്‍ സുസുക്കി ഇറക്കിയത്. ആദ്യ തലമുറയെ അപേക്ഷിച്ച് വില്‍പന കുറഞ്ഞെങ്കിലും മൈലേജുള്ള ചെറുകാര്‍ എന്ന രീതിയില്‍ ഇന്നും ഇന്ത്യന്‍ ഉപഭോക്താവിന്റെ പ്രധാന ആകര്‍ഷണമാണ് സെലേറിയോ. ചെറുകാര്‍ വിപണിയിലെ സെലേറിയോയുടെ ഇന്ത്യയിലെ വിജയം ദക്ഷിണാഫ്രിക്കയില്‍ സ്വന്തമാക്കാനാണ് ടൊയോട്ടയുടെ ശ്രമം. ഈ വര്‍ഷം രണ്ടാംപാദത്തില്‍ വിറ്റ്‌സ് ദക്ഷിണാഫ്രിക്കയില്‍ വില്‍പനക്കെത്തുമെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.
1.0 ലീറ്റര്‍ പെട്രോള്‍ എൻജിന് 5,500rpmല്‍ 66bhp കരുത്തും 3,500rpmല്‍ 89Nm ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഏതുവേണമെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, സെന്‍ട്രല്‍ ലോക്ക്, നാല് പവര്‍ വിന്‍ഡോ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് സീറ്റിന്റെ ഉയരം ക്രമീകരിക്കാനുള്ള സൗകര്യം എന്നിവക്കൊപ്പം എഎംടി വേരിയന്റില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, കീലെസ് എന്‍ട്രി, കൗണ്ടഡ് കണ്‍ട്രോള്‍ സ്റ്റിയറിങ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകളും വിറ്റ്‌സിന് ടൊയോട്ട നല്‍കിയിട്ടുണ്ട്.
സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള സഹകരണം ഇന്ത്യയിലും വാഹനലോകത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാരുതിയുടെ എര്‍ട്ടിഗയെ അടിസ്ഥാനമാക്കി എംപിവിയും പുത്തന്‍ മോഡല്‍ ഫ്രോങ്ക്‌സിനെ അടിസ്ഥാനമാക്കി എസ്‌യുവിയുമാണ് ടൊയോട്ട ഇന്ത്യയില്‍ ഇറക്കുക. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി സുസുക്കിയും ഇന്ത്യയില്‍ വാഹനങ്ങളിറക്കും. വൈദ്യുതി വാഹന നിര്‍മാണ രംഗത്തും ഇരു ജാപ്പനീസ് കമ്പനികളുടേയും സഹകരണം നിര്‍ണായകമാവും. 2025ല്‍ ആദ്യത്തെ വൈദ്യുത കാര്‍ പുറത്തിറക്കാനാണ് ടൊയോട്ടയുടേയും സുസുക്കിയുടേയും ശ്രമം.
English Summary: Toyota debuts re-badged Celerio in South Africa; calls it Vitz