ADVERTISEMENT

ഇടവേളക്കു ശേഷം തിയേറ്ററുകളിലെത്തിയ ഷാറുഖ് ഖാന്റെ ചിത്രം പഠാന്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. പുറത്തിറങ്ങി ആദ്യ ദിവസം തന്നെ കളക്ഷന്‍ കൊണ്ട് കിങ് ഖാന്റെ പത്താന്‍ അമ്പരപ്പിച്ചു കഴിഞ്ഞു. ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ പത്താനില്‍ ഗംഭീരമായ കാറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ആരും കൊതിക്കുന്ന പത്താനിലെ കാറുകളില്‍ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 200 മുതല്‍ ബിഎംഡബ്ല്യു 5 സീരീസ് വരെയുണ്ട്. 

pathaan-2

ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 200

പഠാനില്‍ രണ്ട് ശാസ്ത്രജ്ഞര്‍ക്ക് എസ്‌കോര്‍ട്ട് പോവുന്ന സുരക്ഷാ ഗാര്‍ഡുമാരുടെ വാഹനമായാണ് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 200 പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയില്‍ ലഭ്യമായ ഈ ടൊയോട്ട വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പായ വിഎക്‌സിന് 1.47 കോടി രൂപയാണ് വിപണിവില. എല്‍സി 200ന്റെ കരുത്തിന്റെ ഉറവിടം 4.5ലീറ്റര്‍ വി8 എൻജിനാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ വേണമെങ്കില്‍ മാനുവല്‍ മോഡിലേക്ക് മാറ്റാവുന്ന 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ വാഹനത്തിലുള്ളത്. 

അടുത്തിടെയാണ് ലാന്‍ഡ് കൂസറിന്റെ പുതിയ പതിപ്പായ എല്‍സി 300 ടൊയോട്ട വിപണിയിലേക്കെത്തിച്ചത്. 2.10 കോടി രൂപ വിലയുള്ള ഈ വാഹനത്തിനും വലിയ വരവേല്‍പാണ് വാഹന പ്രേമികളില്‍ നിന്നും ലഭിച്ചത്. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് 3.3 ലീറ്റര്‍ വി6 എൻജിനില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 

ലെക്‌സസ് ഇഎസ്

സിനിമയില്‍ ലാന്‍ഡ് ക്രൂസറില്‍ എസ്‌കോര്‍ട്ട് ചെയ്യുന്ന ശാസ്ത്രജ്ഞര്‍ സഞ്ചരിക്കുന്ന വാഹനം ലെക്‌സസ് ഇഎസാണ്. ഈ കാറിന്റെ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇഎസ് 300എച്ച് ലക്ഷ്വറി മോഡലിന് 67.90 ലക്ഷം രൂപയും ഇഎസ് 300 എച്ചിന് 61.60 ലക്ഷം രൂപയുമാണ് വില. കനത്ത ഇറക്കുമതി ചുങ്കം ഒഴിവാക്കാനായി ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസ് ഇന്ത്യയില്‍ തന്നെ നിര്‍മിച്ച വാഹനങ്ങളാണിത്. 

ഡോഡ്ജ് ചാര്‍ജര്‍

ഷാറുഖ് ഖാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിക്കുന്ന 4 സീറ്റര്‍ സ്‌പോര്‍ട്‌സ് കാര്‍ 2015 ഡോഡ്ജ് ചാര്‍ജറാണ്. 3.6 ലീറ്റര്‍ വി6, 5.7ലീറ്റര്‍ വി8, 6.4 ലീറ്റര്‍ വി8, 6.2 ലിറ്റര്‍ വി8 എന്നിങ്ങനെ നാല് എൻജിന്‍ ഓപ്ഷനുകള്‍ ഡോഡ്ജ് ചാര്‍ജറിനുണ്ട്. 1966 ല്‍ പുറത്തിറങ്ങിയ ഡോഡ്ജ് ചാര്‍ജറിന്റെ ഏഴ് തലമുറകള്‍ വിപണിയിലെത്തിയിട്ടുണ്ട്. 

pathaan-3

ഹമ്മര്‍ എച്ച് 2 

ഏറ്റവും കൂടുതല്‍ പ്രസിദ്ധമായ എസ്‌യുവി ഏതാണെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരമായിരിക്കും ഹമ്മര്‍. പത്താനില്‍ ജോണ്‍ എബ്രഹാമാണ് ഈ മസില്‍ വാഹനവുമായി എത്തുന്നത്. 393bhpയും 563Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 6.0 ലീറ്റര്‍ വി8 എൻജിനിലാണ് ഹമ്മര്‍ എച്ച് 2വിന്റെ കരുത്ത് കുടികൊള്ളുന്നത്. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ഹമ്മറിനുള്ളത്. 121 ലിറ്റര്‍ ഇന്ധന ടാങ്ക് എന്തിനാണെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ഹമ്മറിന്റെ മൈലേജ്. ഒരു ലീറ്ററിന് മൂന്ന്-നാല് കിലോമീറ്ററാണ് ഹമ്മര്‍ എച്ച് 2വിന്റെ ഇന്ധനക്ഷമത.

റേഞ്ച് റോവര്‍ എസ്ഇ

പത്താനില്‍ കാണിച്ചിരിക്കുന്ന ഏറ്റവും ആഡംബരമുള്ള വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ എസ്ഇ മൂന്ന് വീല്‍ ബേസ് ഓപ്ഷനുകളിലും പെട്രോള്‍, ഡീസല്‍ എൻജിനുകളിലും റേഞ്ച് റോവര്‍ എസ്ഇ ലഭ്യമാണ്. ഡീസല്‍ മോഡലില്‍ 3.0 ലീറ്റര്‍ എൻജിനാണെങ്കില്‍ നാല് ഓപ്ഷനുകളാണ് പെട്രോള്‍ എൻജിന് റേഞ്ച് റോവര്‍ നല്‍കിയിരിക്കുന്നത്. ആഡംബര സൗകര്യങ്ങളുടെ നീണ്ട പട്ടികയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും ഒത്തുതീര്‍പ്പു ചെയ്യാത്ത ഈ റേഞ്ച് റോവര്‍ മോഡലിനേയും വ്യത്യസ്തമാക്കുന്നത്. 

ബിഎംഡബ്ല്യു 5 സീരീസ്

റഷ്യയില്‍ ഷാറുഖ് ഖാനും ദീപിക പദുകോണും ഉപയോഗിക്കുന്ന വാഹനമാണ് ബിഎംഡബ്ല്യു 5 സീരീസ്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.7 സെക്കന്റ് മാത്രം മതി ആഡംബര വാഹനത്തിന്. ലക്ഷ്വറി, എം സ്‌പോര്‍ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ബി.എം.ഡബ്ല്യു 5 സീരീസ് ലഭ്യമാണ്. 

pathaan-1

കാറുകള്‍ക്ക് പുറമേ കാവസാക്കി കെഎല്‍കെ റാലി ക്രോസ് ബൈക്കുകളും പത്താനില്‍ കാണാം. സൈബീരിയയിലെ മഞ്ഞുറഞ്ഞ ബൈക്കല്‍ തടാകത്തിന് മുകളിലൂടെ ഷാറുഖ് ഖാനും ജോണ്‍ എബ്രഹാമും ചേര്‍ന്നുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഈ ബൈക്കിലാണ്. ആക്ഷന്‍ രംഗങ്ങളില്‍ ഹെലിക്കോപ്റ്ററുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സീനില്‍ ഷാറുഖ് ഖാന്‍ ഒരു ഹെലിക്കോപ്റ്ററില്‍ നിന്നും മറ്റൊന്നിലേക്ക് ചാടുന്ന രംഗം പോലും പത്താനിലുണ്ട്. 

English Summary: From Dodge Charger to Land Cruiser: Cars seen in SRK's blockbuster movie Pathaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com