കാർബൻ ന്യൂട്രാലിറ്റി 2070 ൽ കൈവരിക്കുന്നതിനായി ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി നിർമല സീതാരാമൻ. സീറോ എമിഷൻ കൈവരിക്കുന്നതിനായുള്ള ഗ്രീൻ പ്രൊജക്റ്റുകൾക്കായി 35000 കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. ഗ്രീൻ ഹൈഡ്രജൻ നിർമിക്കുന്നതിനായി 19700 കോടി രൂപയും മന്ത്രി പ്രഖ്യാപിച്ചു. 2030 ൽ ഇന്ത്യയുടെ ഗ്രീൻ ഹൈഡ്രജൻ പ്രൊഡക്ഷൻ 5 മില്യണ്‍ മെട്രിക് ടണ്ണിൽ എത്തിക്കുകയാണ് ലക്ഷ്യം.
സ്ക്രാപ്പ് പോളിസിയുടെ ഭാഗമായി പഴയ സർക്കാർ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിനായി സംസ്ഥാനങ്ങൾക്ക് സഹായം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായി ലിഥിയം അയൺ ബാറ്ററികള്‍ക്ക് നൽകി വന്നിരുന്ന കസ്റ്റംസ് ഡ്യൂട്ടി ഇളവ് ഒരു വർഷം കൂടി നീട്ടി. കൂടാതെ ലിഥിയം അയൺ ബാറ്ററികൾ നിർമിക്കാൻ ആവശ്യമായ കാപ്പിറ്റൽ ഗുഡ്സുകൾക്കും മെഷിനറികള്‍ക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി ഇളവുകളും നീട്ടിയിട്ടുണ്ട്.
English Summary: Union Budget 2023 allocates mega funds for net zero emission goal