ADVERTISEMENT

വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവരുടെ പ്രധാന ആശങ്കയാണ് ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുമോയെന്നത്. ഇങ്ങനെയൊരു റേഞ്ച് ആശങ്കയേ ഇല്ലാത്ത ഒരു വാഹനം അവതരിപ്പിച്ചിരിക്കുകയാണ് അപ്‌റ്റേര മോട്ടോഴ്‌സ്. മൂന്നു ചക്രങ്ങളുള്ള, സൗരോര്‍ജത്തില്‍ ഓടുന്ന ഈ കാര്‍ റീചാര്‍ജ് ചെയ്യേണ്ട ആവശ്യം പോലും പലപ്പോഴും വരുന്നില്ല. ദിവസം ഒരിക്കല്‍ പോലും ചാര്‍ജ് ചെയ്യാതെ 64 കിലോമീറ്റര്‍ വരെ സൗരോര്‍ജം ഉപയോഗിച്ച് ഓടാനാവുമെന്നതാണ് അപ്‌റ്റേരയുടെ ഈ കാറിന്റെ പ്രധാന സവിശേഷത.

Aptera Launch Edition
Aptera Launch Edition

ആരും ആഗ്രഹിക്കുന്ന, മലിനീകരണം ഇല്ലാത്ത, എന്നാല്‍ കാറിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ വാഹനത്തിന് 33,200 ഡോളറാണ് (ഏകദേശം 27.31 ലക്ഷം രൂപ) കമ്പനി വിലയിട്ടിരിക്കുന്നത്. ഈ കാറില്‍ 37 ചതുരശ്ര അടിയിലായി സജ്ജീകരിച്ചിരിക്കുന്ന സൗരോര്‍ജ പാനലുകള്‍ക്ക് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ വൈദ്യുതി ഉൽപാദിപ്പിക്കാനാവും. തങ്ങളുടെ വാഹനം നന്നായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളില്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങള്‍ പോലും ഒരിക്കല്‍ പോലും ചാര്‍ജ് ചെയ്യാതെ ഓടിക്കാനാവുമെന്നാണ് അപ്‌റ്റേരയുടെ അവകാശവാദം.

കാര്‍ബണ്‍ ഫൈബറും ഫൈബര്‍ ഗ്ലാസും അടക്കമുള്ള ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. വായുവിന്റെ പ്രതിരോധം പരമാവധി കുറയ്ക്കുന്ന രൂപകല്‍പനയാണ് വാഹനത്തിലുള്ളത്. മറ്റു വൈദ്യുതി, ഹൈബ്രിഡ് വാഹനങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് ഇന്ധനം മതിയെന്നതും അപ്‌റ്റേരയുടെ മികവ് കൂട്ടുന്നു. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന വാഹനത്തില്‍ 42 കിലോവാട്ടിന്റെ ബാറ്ററിയും സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 640 കിലോമീറ്റര്‍ വരെ പോകാന്‍ ഈ ബാറ്ററി സഹായിക്കും. ഇതിന് പുറമേയാണ് സൗരോര്‍ജ ഇന്ധനം. ഓരോ ദിവസവും ഓടുന്നതിന് വേണ്ട ഇന്ധനം സൗരോര്‍ജത്തില്‍നിന്നു ലഭിച്ചാല്‍ ഫലത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യേണ്ട ആവശ്യം പോലും വന്നേക്കില്ല.

Aptera’s Launch Edition
Aptera’s Launch Edition

സാധാരണ 110 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ മണിക്കൂറില്‍ 21 മൈല്‍ വരെ സഞ്ചരിക്കാന്‍ വേണ്ട ഊര്‍ജം സംഭരിക്കാനാവും. ഇനി 6.6kW ഓണ്‍ബോര്‍ഡ് ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ മണിക്കൂറില്‍ 92 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. മണിക്കൂറില്‍ 162.5 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാനായി വെറും നാലേ നാലു സെക്കൻഡ് മതി ഈ വാഹനത്തിന്.

2005ല്‍ സ്ഥാപിക്കപ്പെട്ട അപ്‌റ്റേര മോട്ടോഴ്‌സ് 2011ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. സോളര്‍ കാര്‍ എന്ന ആശയവുമായി 2019ലാണ് അപ്‌റ്റേര വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ലോഞ്ച് എഡിഷന്‍ മോഡലുകളായിരിക്കും ആദ്യത്തെ 5,000 അപ്‌റ്റേര കാറുകള്‍. ഭാവിയില്‍ 10,000 കാറുകള്‍ പ്രതിവര്‍ഷം പുറത്തിറക്കാനാണ് അപ്‌റ്റേരയുടെ പദ്ധതി. 2028 ആകുമ്പോഴേക്കും വിവിധ രാജ്യങ്ങളില്‍ എട്ട് അസംബ്ലി പ്ലാന്റുകള്‍ തുടങ്ങി രാജ്യാന്തര തലത്തില്‍ സൗരോര്‍ജ കാര്‍ പുറത്തിറക്കാനാകുമെന്നാണ് അപ്‌റ്റേര സിഇഒ ക്രിസ് ആന്റണിയുടെ കണക്കുകൂട്ടല്‍.

English Summary: Solar Powered Car Drive 40 Miles a Day Without Recharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com