വിമാനം കൊണ്ട് ആകാശത്ത് ബോയിങ് 747 ന്റെ ചിത്രം: വാനിലെ രാജ്ഞിക്ക് വിടവാങ്ങൽ സമ്മാനം

boeing-747
Image Source: Twitter | Flightradar24
SHARE

വിമാനത്തിന്റെ ചിത്രം വരയ്ക്കാന്‍ ഒരു കുട്ടിയോട് ആവശ്യപ്പെട്ടാല്‍ വരക്കുന്ന ചിത്രത്തിന് ഏറ്റവും സാമ്യത ബോയിങ് 747 വിമാനത്തോടായിരിക്കും. കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് അത്രയേറെ സ്വാധീനം വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ബോയിങ് 747 ഇനി നിര്‍മിക്കില്ലെന്ന് ബോയിങ് പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്കന്‍ വിമാന കമ്പനിയായ അറ്റ്‌ലസ് എയറിനാണ് അവസാനത്തെ ബോയിങ് 747 വിമാനം കൈമാറിയത്. ബോയിങ് 747 ന് അനുയോജ്യമായ യാത്രയയപ്പ് ആകാശത്ത് നല്‍കിയിരിക്കുകയാണ് അറ്റ്‌ലസ് എയറിന്റെ പൈലറ്റുമാര്‍. ആകാശത്ത് 747 എന്നെഴുതി അതിന് മുകളില്‍ ഒരു കിരീടവും വരച്ചു ചേര്‍ത്താണ് ഈ പൈലറ്റുമാര്‍ ആകാശങ്ങളുടെ രാജ്ഞിയെ ആദരിച്ചത്. 

boeing-747-2

ഫ്‌ളൈറ്റ് ട്രാക്കിങ് സര്‍വീസായ ഫ്‌ളൈറ്റ് റഡാറാണ് പൈലറ്റുമാര്‍ 747ന് ആകാശത്ത് ചാര്‍ത്തിക്കൊടുത്ത കിരീടത്തിന്റെ ചിത്രം ട്വീറ്റു ചെയ്തിരിക്കുന്നത്. ഈ മനോഹരമായ ആകാശക്കാഴ്ച്ചയുടെ വിഡിയോ ഫ്‌ളൈറ്റ് അവെയര്‍ ട്വീറ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. വ്യോമയാന രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച മോഡലാണ് ബോയിങ് 747. അതുകൊണ്ടുതന്നെ ആകാശങ്ങളുടെ രാജ്ഞിയെന്ന വിളിപ്പേരും ബോയിങ് 747ന് സ്വന്തമാണ്. ഒരു ലക്ഷം കിലോഗ്രാമിലേറെ വഹിക്കാനാവുന്ന ചരക്കു വിമാനമായും നാസയുടെ ബഹിരാകാശ പേടക വാഹിനിയായും അമേരിക്കന്‍ പ്രസിഡന്റിന്റെ അതീവ സുരക്ഷയുള്ള എയര്‍ഫോഴ്‌സ് വണ്ണായും 550 യാത്രികരെ വരെ വഹിക്കാന്‍ ശേഷിയുള്ള യാത്രാ വിമാനമായും ആവശ്യത്തിനനുസരിച്ച് 747 രൂപം മാറി.

boeing-747-1

കഴിഞ്ഞ ജനുവരി 31നാണ് ആയിരങ്ങളെ സാക്ഷിയാക്കി ബോയിങ് അവസാനത്തെ 747 വിമാനത്തെ അറ്റ്‌ലസ് എയറിന് കൈമാറിയത്. ഇതുവരെ 1574 ബോയിങ് 747 വിമാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ യാത്രികരെ ഉള്‍ക്കൊള്ളുന്ന വിമാനമെന്ന പാന്‍ അമേരിക്കന്‍ എയര്‍വേസിന്റെ ആവശ്യത്തിനുള്ള ബോയിങിന്റെ മറുപടിയായിരുന്നു 747. 1969 ഫെബ്രുവരി ഒമ്പതിനാണ് ആദ്യ ബോയിങ് 747 പറക്കുന്നത്. നാല് എൻജിനുകളുള്ള ഈ കൂറ്റന്‍ വിമാനത്തിന് ആറു നില കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു. വലിപ്പത്തിന്റെ സവിശേഷതകള്‍ കൊണ്ടു തന്നെ ജംബോ ജെറ്റ് എന്ന വിശേഷണവും ബോയിങ് 747ന് കൈവന്നു. 

ചരക്കു വിമാനമെന്ന നിലയിലും വലിയ വിജയമായിരുന്നു ബോയിങ് 747. ഇപ്പോഴും 314 ബോയിങ് 747 വിമാനങ്ങള്‍ ചരക്കുകളുമായി സജീവമായി പറക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ പല വിമാനങ്ങളും ആദ്യം യാത്രാ വിമാനങ്ങളായിരുന്നു. പിന്നീട് ചരക്കു ഗതാഗതത്തിന് ഉപയോഗിക്കുകയായിരുന്നു. വ്യോമയാന വിശകലന വിദഗ്ധരായ സിറിയമിന്റെ കണക്കുകള്‍ പ്രകാരം 2022 ഡിസംബറില്‍ 44 യാത്രാ 747 വിമാനങ്ങള്‍ സജീവമായി ലോകത്തിന്റെ പലയിടത്തും സര്‍വീസുകള്‍ നടത്തുന്നുണ്ട്. 2019 അവസാനത്തില്‍ ഇത് 130 ആയിരുന്നു. കോവിഡിന്റെ വരവ് 747 സര്‍വീസുകളെ വലിയ തോതില്‍ പിന്നോട്ടടിച്ചിരുന്നു. ദീര്‍ഘദൂര അന്താരാഷ്ട്ര റൂട്ടുകളിലാണ് പ്രധാനമായും ബോയിങ് 747 വിമാനങ്ങളെ ഉപയോഗിച്ചിരുന്നത്. 

boeing-747-3

വ്യോമയാന കമ്പനികള്‍ ഇന്ധനക്ഷമതക്കും കുറഞ്ഞ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന മോഡലുകളും ആവശ്യപ്പെട്ടതോടെയാണ് ബോയിങ് 747 ന്റെ നിര്‍മാണം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുന്നത്. നാല് എൻജിനുള്ള വിമാനങ്ങളേക്കാള്‍ രണ്ട് എൻജിന്‍ വിമാനങ്ങളാണ് ഇപ്പോള്‍ കൂടുതലും യാത്രികരെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നത്. 747ന്റെ പ്രധാന രംഗം ചരക്കു നീക്കമായി മാറുകയും ചെയ്തു. ചരക്കു നീക്കത്തിനായി അവസാനത്തെ ബോയിങ് 747 സ്വന്തമാക്കിയ അറ്റ്‌ലസ് എയറിന് മാത്രം സമാനമായ 56 വിമാനങ്ങളുണ്ട്. 

English Summary: Final Boeing 747: Pilots of the aircraft draw crown in the air

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS