ഇന്ത്യൻ വാഹന വിപണി ടോപ്ഗിയറിൽ എത്തിക്കഴിഞ്ഞു. നിരവധി പുതിയ കാറുകളാണ് വിപണിയിൽ എത്താൻ കാത്തിരിക്കുന്നത്. ജനപ്രിയ മോഡലുകളുടെ പുതിയ പതിപ്പുകളും പൂർണമായും പുതിയ വാഹനങ്ങളും ആ കൂട്ടത്തിലുണ്ട്. ഉടൻ വിപണിയിലെത്തുന്ന വാഹനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍
ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഉടൻ തന്നെ വിപണിയിലെത്തും. ബുക്കിങ് അധികമായതിനെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ച ഡീസൽ മോഡലിന്റെ ബുക്കിങ് ടൊയോട്ട വീണ്ടും ആരംഭിച്ചു. ഉടൻ തന്നെ വില പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കുന്ന എംപിവിയിൽ 2.4 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. മാറ്റങ്ങൾ വരുത്തിയ ബമ്പർ, ഗ്രിൽ, ഫോഗ് ലാമ്പ് എന്നിവയാണ് ക്രിസ്റ്റ ഡീസലിൽ.

സിട്രോൺ ഇ സി 3
ചെറു എസ്‍യുവി സി3യുടെ ഇലക്ട്രിക് പതിപ്പുമായി സിട്രോൺ എത്തുന്നു. 29.2 kWh ബാറ്ററി ഉപയോഗിക്കുന്ന സി3 ഒറ്റ ചാർജിൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കും. ഇന്ത്യയിൽ നിർമിച്ച് സി 3 ഇലക്ട്രിക് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോൺ പദ്ധതി. പെട്രോൾ കാറായ സി 3യുടെ അതേ രൂപത്തിൽ തന്നെയാണ് ഇ സി3യുടെ വരവ്. ഇലക്ട്രിക് കാറിനെ മുന്നിൽ കണ്ടു കൊണ്ട് വികസിപ്പിച്ച കൺസെപ്റ്റായതിനാൽ പ്ലാറ്റ്ഫോമിന് അടിയിലാണ് ബാറ്ററി. പ്ലാറ്റ്ഫോമിൽ ബാറ്ററിയുമായി എത്തുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറാണ് ഇ സി 3.

മരുതി സുസുക്കി ബ്രെസ സിഎൻജി
ജനുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ബ്രെസ സിഎൻജിയെ മാരുതി സുസുക്കി ഉടൻ വിപണിയിലെത്തിക്കും. എർട്ടിഗയിലും എക്സ്എൽ 6 ലും ഉപയോഗിക്കുന്ന 1.5 ലീറ്റർ കെ 15 സി ഡ്യുവൽജെറ്റ് എൻജിൻ തന്നെയാണ് ഈ മോഡലിനും. 88 ബിഎച്ച്പി കരുത്തും 121.5 എൻഎം ടോർക്കുമുണ്ടാകും സിഎൻജി പതിപ്പിന്. 5 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ടാകും.

ഹ്യുണ്ടേയ് വെർന
ഹ്യുണ്ടേയ്‌യുടെ ജനപ്രിയ മിഡ് സൈസ് സെഡാൻ വെർന ഉടൻ തന്നെ വിപണിയിലെത്തും. അടിമുടി മാറ്റങ്ങളുമായി ആഡംബര സൗകര്യങ്ങളുമായിട്ടാണ് പുതിയ വെർന എത്തുന്നത്. ക്രേറ്റയിൽ ഉപയോഗിക്കുന്ന 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും വാഹനത്തിൽ ഉപയോഗിക്കുക. 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജിങ് തുടങ്ങിയ സൗകര്യങ്ങളും പുതിയ വാഹനത്തിലുണ്ടാകം.

മാരുതി സുസുക്കി ഫ്രോങ്സ്
പ്രീമിയം ഹാച്ച്ബാക്ക് ബലേനോയെ അടിസ്ഥാനപ്പെടുത്തി മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന ക്രോസ് ഓവർ ഉടൻ തന്നെ വിപണിയിലെത്തും. 1.2 ലീറ്റർ പെട്രോൾ 1 ലീറ്റർ പെട്രോൾ എൻജിനുമായാണ് വാഹനം വിപണിയിലെത്തുന്നത്. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.

ഹോണ്ട സിറ്റി
അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ മിഡ് ലൈഫ് ഫെയ്സ് ലിഫ്റ്റ് ഉടൻ വിപണിയിലെത്തും. മാറ്റങ്ങൾ വരുത്തിയ മുൻഭാഗം, റിയർ ബംബർ, അലോയ് വീൽ എന്നിവ പുതിയ സിറ്റിയിലുണ്ടാകും. കൂടാതെ ഹൈബ്രിഡ് പതിപ്പിന്റെ വില കുറഞ്ഞ വകഭേദവും പ്രതീക്ഷിക്കാം.

മാരുതി സുസുക്കി ജിംനി
കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച മാരുതി സുസുക്കി ജിംനി 5 ഡോർ പതിപ്പ് ഉടൻവിപണിയിലെത്തും. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴെ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 1.5 ലീറ്റർ പെട്രോൾ എൻജിനുമായി എത്തുന്ന ജിംനിക്ക് ഇതിനകം തന്നെ മികച്ച ബുക്കിങ്ങുകൾ ലഭിച്ചു കഴിഞ്ഞു.
English Summary: New car, SUV launching in the coming months