ഹീറോയും സീറോയും കൈകൊടുത്തു! തിരശീല ഉയരുന്നത് ഇലക്ട്രിക് ബൈക്കുകളുടെ പുതിയ ലോകത്തിനോ?

zero-srf
Representative Image, Zero SRF
SHARE

ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ഇരുചക്രവാഹനമേതെന്നു ചോദിച്ചാൽ തലമുറകൾ വ്യത്യാസമില്ലാതെ പറയുന്ന പേരുകളിലൊന്നാകും സ്പ്ലെൻഡർ. ഇന്ത്യക്കാരുടെ മനസ്സ് അത്രയേറെ മനസ്സിലാക്കിയ നിർമാതാക്കളാണ് ഹീറോ. ഹോണ്ടയുമായി വേർപിരിഞ്ഞെങ്കിലും സ്വന്തം പാതയിൽ വളർച്ചയുടെ സഞ്ചാരത്തിലാണ് ഇന്ന് ഹീറോ. പുതിയ വിഭാഗങ്ങളിൽ ബൈക്കുകൾ വിപണിയിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇവർ. അടുത്തിടെ ഹീറോയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത എക്സ്പൾസ് എന്ന എൻട്രി ലെവൽ അഡ്വഞ്ചർ ടൂറർ വാഹനത്തിന്റെ ശേഷി കൂടിയ പതിപ്പിന്റെ പണിപ്പുരയിലാണ് നിർമാതാക്കൾ. 

എന്നാൽ, ഇതിനിടെയാണ് അമേരിക്കൻ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ സീറോ മോട്ടർസൈക്കിളുമായി ഹീറോ ധാരണയിലെത്തി എന്ന വാർത്തകൾ പുറത്തുവരുന്നത്. അതോടെ തിരശീല ഉയരുന്നത് ഇലക്ട്രിക് ബൈക്കുകളുടെ പുതിയ ലോകത്തിനായിരിക്കുമെന്നാണ് സൂചന. 

പ്രീമിയം ഇലക്ട്രിക് മോട്ടർസൈക്കിൾ നിർമാണത്തിൽ സഹകരിക്കുന്നതിനാണ് കലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സീറോ മോട്ടർസൈക്കിൾസുമായി ഹീറോ ധാരണയിലെത്തിയത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന നിർമാണ രംഗത്തിന്റെ വളർച്ചയ്ക്ക് ഈ സഹകരണം ഏറെ പ്രയോജനപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇവി റൈഡിങ് അനുഭവം പുതുക്കുകയും ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരത്തിലെത്തിക്കുകയുമാണ് 2 കമ്പനികളുടെയും ലക്ഷ്യം. സീറോ മോട്ടർസൈക്കിൾസിന്റെ ഇലക്ട്രിക് മോട്ടർ, പവർട്രെയിൻ എന്നിവ ഉപയോഗിച്ച് ഹീറോയുടെ നേതൃത്വത്തിൽ പുതിയ മോട്ടർസൈക്കിളുടെ വികസിപ്പിക്കുന്ന വിധത്തിലാണ് പദ്ധതികൾ. 

ഇലക്ട്രിക് വിഭാഗത്തിൽ വലിയ സന്നാഹങ്ങളില്ലാത്ത ഹീറോയുടെ ആവനാഴിയിലെ പുതിയ വജ്രായുധമാകും സീറോയുടെ പിന്തുണ എന്നു തീർച്ച. പ്രത്യേകിച്ച് പ്രീമിയം ഇലക്ട്രിക് മോട്ടർസൈക്കിൾ വിഭാഗത്തിൽ. വിദ എന്ന ഇലക്ട്രിക് സ്കൂട്ടറിലൂടെ ഇ–മൊബിലിറ്റിയിലേക്ക് ഹീറോ കാലെടുത്തു വച്ചിട്ടുണ്ട്. 

ഇരുകമ്പനികളും ഔദ്യോഗികമായി സഹകരണം പ്രഖ്യാപിച്ചെങ്കിലും ഉൽപന്ന നിരയുടെ കാര്യത്തിൽ സൂചനകളൊന്നും പുറത്തു വന്നിട്ടില്ല. വിദ സ്കൂട്ടറിന്റെ 2 വേരിയന്റുകളാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ബെംഗളൂരു, ഡൽഹി, ജയ്പുർ തുടങ്ങിയ വലിയ നഗരങ്ങളിലാണ് വിദയുടെ വിൽപന. മണിക്കൂറിൽ 80 കിലോമീറ്റർ വേഗമാണ് വിദ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ മോഡലിന് 143 കിലോമീറ്റർ റേ‍ഞ്ച്, മുന്തിയ മോഡലിന് 165 കിലോമീറ്റർ റേ‍ഞ്ച് എന്നിങ്ങനെയാണ് ദൂരക്ഷമത. മുന്തിയ മോഡലിന് 1.59 ലക്ഷം രൂപയും കുറഞ്ഞ മോഡലിന് 1.45 ലക്ഷം രൂപയുമാണ് വില പ്രഖ്യാപിച്ചിട്ടുള്ളത്. 

English Summary: Hero to co-develop e-bikes with US-based Zero Motorcycles

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS