അടുത്തമാസം തുടക്കത്തിനുള്ളില്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(DTC) 100 വൈദ്യുത ബസുകള്‍ സ്വന്തമാക്കും. ഇതോടെ ഡിടിസിയുടെ പക്കലുള്ള വൈദ്യുത ബസുകളുടെ എണ്ണം 400 ആയി ഉയരും. ടാറ്റ മോട്ടോഴ്‌സാണ് ഡല്‍ഹിക്ക് വേണ്ട വൈദ്യുത ബസുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ലക്‌നൗവിലെ നിര്‍മാണ പ്ലാന്റ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആശിഷ് കുന്ദര സന്ദര്‍ശിച്ച് ബസുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു.
ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നതിന് സമാനമായ വൈദ്യുത ബസുകളുടെ പ്രവര്‍ത്തനം കര്‍ണാടക സന്ദര്‍ശിച്ച് ഡി.ടി.സി എം.ഡി ഷില്‍പ ഷിന്‍ഡെയും പരിശോധിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്ന വൈദ്യുത ബസില്‍ പാനിക് ബട്ടണ്‍, സി.സി.ടി.വി ക്യാമറ തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളുമുണ്ട്. നിര്‍മാണത്തിനൊപ്പം രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടി പൂര്‍ത്തിയാവുന്ന മുറക്ക് ഈ ബസുകള്‍ നിരത്തിലിറക്കാനാണ് ഡി.ടി.സിയുടെ തീരുമാനം.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് കീഴില്‍ ഇനി 1,500 ബസുകള്‍ വൈദ്യുത ബസുകള്‍ കൂടി വാങ്ങാനുള്ള പദ്ധതിയുണ്ട്. വരുന്ന മാസങ്ങളില്‍ 200-250 വൈദ്യുത ബസുകള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഭാഗമാവും. 2023 അവസാനമാവുമ്പോഴേക്കും ഡല്‍ഹിയിലെ വൈദ്യുത ബസുകളുടെ എണ്ണം 1,800 ആയി മാറും.
ജനുവരിയിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലെ ബസുകള്‍ വൈദ്യുത ബസുകളാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തത്. 2025 ആകുമ്പോഴേക്കും ആകെ ബസുകളുടെ 80 ശതമാനം വൈദ്യുത ബസുകളാക്കുകയാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. 2023ല്‍ 1,800 വൈദ്യുത ബസുകളെന്നത് 2025 ആകുമ്പോഴേക്കും 6,380 ആയി ഉയരുകയും ചെയ്യും.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ കീഴില്‍ ഇപ്പോള്‍ 7,200 ബസുകള്‍ സര്‍വീസ് നടത്തുന്നുവെന്നാണ് കണക്ക്. വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ നിരത്തിലുള്ള പഴകിയ 2,600 ബസുകള്‍ പിന്‍വലിക്കാനും ഡല്‍ഹി സര്‍ക്കാരിന് പദ്ധതിയുണ്ട്.
English Summary: Delhi to add another 100 Tata Starbus EVs by April, will take EV fleet to 400