സ്മാര്‍ട്ട്‌ഫോണ്‍ തന്നെ താക്കോലായി ഉപയോഗിക്കാമെന്ന ഫീച്ചര്‍ അഭിമാനത്തോടെയാണ് ടെസ്‌ല ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വരുന്ന പല റിപ്പോര്‍ട്ടുകളും ടെസ്‌ലയുടെ ഈ ഫീച്ചര്‍ മാനം കെടുത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ഒരു ടെസ്‌ല ഉടമ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് മറ്റൊരു കാര്‍ തുറക്കുകയും ഓടിച്ച് പോവുകയും ചെയ്തതോടെയാണ് ഈ സൗകര്യം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഉയരുന്നത്.
കാനഡയിലെ ടെസ്‌ല ഉടമയായ രാജേഷ് രന്‍ദേവാണ് തനിക്കുണ്ടായ വിചിത്ര അനുഭവം പങ്കുവെച്ചത്. തന്റെ വെള്ള ടെസ്‌ല മോഡല്‍ 3യില്‍ കുട്ടികളെ സ്‌കൂളില്‍ വിടാനായി എത്തിയതായിരുന്നു അദ്ദേഹം. വാന്‍കൂവര്‍ സ്ട്രീറ്റില്‍ പാര്‍ക്കു ചെയ്ത ശേഷം കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടു വിടുകയും ചെയ്തു. തിരികെയെത്തി കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് തുറന്ന് ഓടിച്ച് പോവുകയും ചെയ്തു. എന്നാല്‍ രാജേഷ് ഓടിച്ചു പോയത് മറ്റൊരാളുടെ കാറായിരുന്നുവെന്നതാണ് ആദ്യ ട്വിസ്റ്റ്.
ഏതാണ്ട് കാല്‍ മണിക്കൂര്‍ വാഹനം ഓടിച്ച ശേഷമാണ് രാജേഷ് ചില പന്തികേടുകള്‍ ശ്രദ്ധിക്കുന്നത്. താന്‍ ഓടിക്കുന്ന കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒരു പൊട്ടലുണ്ടെന്നതാണ് ആദ്യം ശ്രദ്ധിച്ചത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ആലോചിക്കുന്നതിനിടെ ഫോണ്‍ ചാര്‍ജര്‍ കാണാനില്ലെന്ന കാര്യവും രാജേഷ് തിരിച്ചറിഞ്ഞു. ഇതോടെയാണ് കാര്‍ മാറിപ്പോയെന്ന കാര്യം രാജേഷ് രന്‍ദേവ് തിരിച്ചറിയുന്നത്.
അതാ വരുന്നു അടുത്ത ട്വിസ്റ്റ്. ആരുടെ കാറെടുത്താണോ രാജേഷ് രന്‍ദേവ് വന്നത് അയാള്‍ രാജേഷിന്റെ കാറുമെടുത്ത് എതിര്‍ ദിശയില്‍ പോവുകയും ചെയ്തു. രാജേഷ് രന്‍ദേവ് ചെയ്തതുപോലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാണ് അയാളും കാര്‍ തുറന്നതും ഓടിച്ചു പോയതും. രന്‍ദേവിന്റെ കാറിലെ ഒരു രേഖയിലുണ്ടായിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അയാള്‍ വിളിച്ചതോടെയാണ് കാര്യങ്ങള്‍ ഇരുവര്‍ക്കും വ്യക്തമായത്. പിന്നീട് ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താണ് ഇരുവരും കണ്ടുമുട്ടിയതും കാറുകള്‍ കൈമാറിയതും. കനേഡിയന്‍ മാധ്യമമായ ഗ്ലോബല്‍ ന്യൂസിലാണ് ഈ സംഭവം ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.
സ്മാര്‍ട്ട്‌ഫോണുകളെ കാറിന്റെ താക്കോലായി ഉപയോഗിക്കുകയെന്ന ഫീച്ചറിനെ വലിയ തോതില്‍ ടെസ്‌ല പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ടെസ്‌ലയുടെ ഈ സാങ്കേതികവിദ്യയുടെ പിഴവാണ് ഇപ്പോള്‍ പ്രായോഗിക തലത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഇത്തവണ അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ ഹാക്കര്‍മാര്‍ക്കും മറ്റും എളുപ്പത്തില്‍ ടെസ്‌ല കാറുകള്‍ തുറക്കാനും ഓടിച്ചുകൊണ്ടുപോവാനും സാധിക്കില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. നാണക്കെടായ ഈ സംഭവത്തെക്കുറിച്ച് ടെസ്‌ല പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
English Summary: Tesla owner says his app unlocked a stranger's car — and let him drive off with it