ADVERTISEMENT

എതിരാളികളില്ലാതെ 100 സിസി സെഗ്‌മെന്റില്‍ വിലസുകയായിരുന്ന ഹീറോ സ്‌പ്ലെണ്ടറിന് ഒത്ത എതിരാളിയായാണ് ഹോണ്ട ഷൈന്‍ 100ന്റെ വരവ്. 100 സിസി ബൈക്ക് വിപണിയില്‍ ചലനങ്ങളുണ്ടാക്കാന്‍ പോന്ന ഷൈന്‍ 100ന്റെ പ്രത്യേകതകള്‍ നമുക്ക് ഓരോന്നായി നോക്കാം.

 

വിലയോ തുച്ഛം

 

പൊതുവേ വില കൂടുതലാണെന്ന ഹോണ്ടയോടുള്ള ഉപഭോക്താക്കളുടെ പരാതി ഇക്കുറി നടപ്പില്ല. കാരണം ഹോണ്ട ഷൈന്‍ 100 മോട്ടോര്‍ സൈക്കിളിന് ഇന്ത്യയില്‍ 64,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഹീറോ സ്പ്ലണ്ടര്‍ പ്ലസിന്റെ ഏറ്റവും കുറഞ്ഞ പതിപ്പിനേക്കാള്‍ 7,500 രൂപയോളം കുറവാണിത്. ഈ വിലക്കുറവ് കാലാകാലത്തേക്ക് പ്രതീക്ഷിക്കുകയും വേണ്ട. ഇപ്പോഴത്തെ വില പ്രാരംഭ ഇളവിന്റെ ഭാഗമായിട്ടാണെന്ന് ഹോണ്ട തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വില്‍പന പൊടിപൊടിക്കുന്നതോടെ വില കൂട്ടിയാലും ഞെട്ടേണ്ടെന്ന് ചുരുക്കം.

 

ഹീറോ എച്ച്എഫ് 100(54,962 രൂപ) മാത്രമാണ് 100 സിസി വിഭാഗത്തില്‍ ഷൈന്‍ 100ന് വെല്ലുവിളിയായിട്ടുള്ളത്. ഹീറോ സ്പ്ലണ്ടര്‍ പ്ലസിന് 72,420- 74,710 രൂപയും ബജാജ് പ്ലാറ്റിന 100 ന് 67,475 രൂപയുമാണുള്ളത്.

 

പുതു എൻജിന്‍

 

പുത്തന്‍ 99.7 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് ഹോണ്ട ഷൈന്‍ 100ലുള്ളത്. 7.5 ബിഎച്ച്പി പവറും 8.05 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എൻജിനാണിത്. എന്നാല്‍ ഹീറോയുടെ എതിരാളിയേക്കാള്‍ 0.5 എച്ച്പി കുറവാണ് ഹോണ്ട ഷൈന്‍ 100ന്. 20 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കാവുന്ന ഹോണ്ട ഷൈന്‍ 100 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബി.എസ് VI മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി നിര്‍മിച്ചതാണെന്നതും ശ്രദ്ധേയമാണ്. ഹോണ്ട ഷൈന്‍ 100ന് നാലു സ്പീഡ് ഗിയര്‍ ബോക്‌സാണുള്ളത്.

 

ഷാസി

 

ഡയമണ്ട് ടൈപ്പ് ഫ്രെയിം ഷൈന്‍ 100നു വേണ്ടി പ്രത്യേകം നിര്‍മിച്ചതാണ്. ടെലസ്‌കോപിക് ഫോര്‍കും രണ്ട് ഷോക്ക് അബ്‌സോര്‍ബേഴ്‌സുമുള്ള മോട്ടോര്‍ സൈക്കിളിന് രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. 100 കിലോഗ്രാമില്‍ കുറവ് മാത്രം ഭാരമുള്ള ഷൈന്‍ 100ന്റെ സീറ്റ് ഹൈറ്റ് 786എംഎമ്മും ഗ്രൗണ്ട് ക്ലിയറന്‍സ് 168എംഎമ്മുമാണ്.

 

ഫാന്‍സി ഫീച്ചറുകളില്ല

 

എന്‍ട്രി ലെവല്‍ വാഹനമായതുകൊണ്ടുതന്നെ ഷൈന്‍ 100ല്‍ ഫാന്‍സിയായുള്ള ഫീച്ചറുകള്‍ കാണാനാവില്ല. എന്നാല്‍ പ്രായോഗികമായി നിര്‍ബന്ധമുള്ളതും അത്യാവശ്യമുള്ളതുമായ സൗകര്യങ്ങള്‍ ഇതിലുണ്ട്. ഹാലജന്‍ ഹെഡ്‌ലൈറ്റും സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ടുമുള്ള മോട്ടോര്‍ സൈക്കിളില്‍ ഡിസ്‌ക് ബ്രേക്കുകളില്ല. അതേസമയം നിയമം അനുശാസിക്കുന്ന കോംബി ബ്രേക്കിങ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

 

ബുക്കിങും ഡെലിവറിയും

 

മാര്‍ച്ച് 15 മുതല്‍ ഹോണ്ട ഷൈന്‍ 100ന്റെ ബുക്കിങ് ഹോണ്ട ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം മുതല്‍ നിര്‍മാണം ആരംഭിക്കുന്ന ഹോണ്ട ഷൈന്‍ 100 മെയ് മാസത്തില്‍ ഉടമകളുടെ കൈകളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

English Summary: Honda Shine 100: 5 Things To Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com