ADVERTISEMENT

അതിവേഗത്തില്‍ ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ തരംഗമായ ഓല സ്‌കൂട്ടറുകളുടെ സാങ്കേതിക, യാന്ത്രിക തകരാറുകള്‍ വലിയ തോതില്‍ ചര്‍ച്ചയാവാറുണ്ട്. തങ്ങളുടെ സ്‌കൂട്ടറുകളുടെ സസ്‌പെന്‍ഷന്‍ തകരാറുകള്‍ അടക്കമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഇപ്പോള്‍ ഓല തന്നെ തങ്ങളുടെ വെബ് സൈറ്റിലൂടെ വിശദമാക്കിയിരിക്കുന്നു. രണ്ട് ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റപ്പോള്‍ വെറും 34 എണ്ണത്തില്‍ മാത്രമാണ് ഇത്തരം തകരാറുകളുണ്ടായതെന്ന് ഓല വിശദീകരിക്കുന്നു. ഓല സ്‌കൂട്ടറുകളുടെ സുരക്ഷാ പരിശോധനകളുടേയും എൻജിനീയറിങ് മികവിനേയും കുറിക്കുന്ന ഒരു വിഡിയോ കമ്പനി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 

 

ലോക നിലവാരത്തിലുള്ള സ്‌കൂട്ടറാണ് തങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതെന്നാണ് ഓല ഇലക്ട്രിക്ക് അറിയിക്കുന്നത്. ഇന്ത്യയില്‍ സ്‌കൂട്ടര്‍ ഇറക്കുന്നതിന് മുന്നോടിയായി നിരവധി പഠനങ്ങള്‍ നടത്തുകയും ആവശ്യമായ മാറ്റങ്ങള്‍ സ്‌കൂട്ടറില്‍ വരുത്തുകയും ചെയ്തിരുന്നു. ഓല എസ്1 പ്രൊയുടെ 736 സ്‌കൂട്ടറുകളിലായി 40 ലക്ഷം കിലോമീറ്ററുകള്‍ ടെസ്റ്റ് റണ്‍ നടത്തിയിട്ടുണ്ട്. ഇത് ഇന്ത്യയില്‍ വളരെ ഉയര്‍ന്ന ടെസ്റ്റിങ് സ്റ്റാന്‍ഡേഡാണെന്നും കമ്പനി അവകാശപ്പെടുന്നു. വളരെ ഉയര്‍ന്ന താപനിലയിലും കുറഞ്ഞ താപനിലയിലും ഒല സ്‌കൂട്ടര്‍ പ്രവര്‍ത്തിക്കുന്നതിന്റെ വിശദാംശങ്ങളും ദൃശ്യത്തിലുണ്ട്. ഇതിനൊപ്പം കുണ്ടു കുഴികളും നിറഞ്ഞ റോഡുകളിലൂടെയും ഒല സ്‌കൂട്ടര്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. 

 

Image Source: Samkit Parmar | Twitter
Image Source: Samkit Parmar | Twitter

രണ്ട് ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റതില്‍ 218 എണ്ണത്തിന് മാത്രമാണ് തകരാറുകള്‍ സംഭവിച്ചിട്ടുള്ളത്. ഇതില്‍ 184 എണ്ണവും അപകടങ്ങളെ തുടര്‍ന്നായിരുന്നു. 34 എണ്ണമാണ് യാന്ത്രിക തകരാറുകള്‍. ട്വിന്‍ ഫോര്‍ക്ക് സസ്‌പെന്‍ഷനുകളില്‍ സാധാരണ സേഫ്റ്റി മാര്‍ജിന്‍ 75 ശതമാനമാണ് തങ്ങളുടെ കണക്കുകള്‍ പ്രകാരം ഓല സ്‌കൂട്ടറിന്റെ സേഫ്റ്റി മാര്‍ജിന്‍ 250 ശതമാനമാണെന്നും കമ്പനി പറയുന്നു. 

 

കമ്പനിക്കെതിരെ വലിയ തോതില്‍ മോശം പ്രചാരണം നടക്കുന്നുണ്ടെന്നും ബ്ലോഗ് പോസ്റ്റില്‍ ഓല പറയുന്നുണ്ട്. ഓലക്കെതിരെ പ്രചരിക്കുന്ന പല ചിത്രങ്ങളും മറ്റും വ്യാജമാണ്. ഇന്ത്യയിലെ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ മുന്നിലുള്ള ഒലയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇതില്‍ പലതും. ഈ പ്രചാരണം മൂലം പല ഉപഭോക്താക്കളിലും ആശങ്കയുണ്ടായിട്ടുണ്ടെന്നും ഒല പറയുന്നു. 

 

എന്തുകൊണ്ട് ഓല സ്‌കൂട്ടറുകളെ യാന്ത്രിക തകരാറിന്റെ പേരില്‍ തിരിച്ചുവിളിക്കുന്നില്ലെന്ന ചോദ്യത്തിനും കമ്പനി മറുപടി നല്‍കുന്നു. ആകെ വിറ്റ വാഹനങ്ങളില്‍ പത്തു ശതമാനത്തിലേറെ വാഹനങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലാണ് ഇന്ത്യയില്‍ വാഹനങ്ങളെ തിരിച്ചുവിളിക്കാനാവുക. എന്നാല്‍ ഓലയുടെ കാര്യത്തില്‍ പ്രശ്‌നങ്ങളുള്ള വാഹനങ്ങളുടെ എണ്ണം ഈ നിരക്കിനേക്കാള്‍ വളരെ കുറവാണ്. ഓല എസ്1 പ്രൊ സ്‌കൂട്ടറുമായി ഒരു റൈഡര്‍ സ്റ്റണ്ട് ചെയ്യുന്ന വിഡിയോയും കമ്പനി പോസ്റ്റു ചെയ്തിട്ടുണ്ട്.

 

English Summary: Ola says only 34 inconclusive suspension fails in 2 Lakh scooters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com