ADVERTISEMENT

ടോള്‍ പാതകളില്‍ നിശ്ചിത ദൂരം യാത്ര ചെയ്യുന്നതിനാണ് നമ്മള്‍ പണം കൊടുക്കുന്നത്. ഈ ദൂരം മുഴുവനായി യാത്ര ചെയ്താലും വളരെ കുറച്ചു ദൂരം മാത്രം പോയാലും കൊടുക്കുന്നത് ഒരേ തുകയാണ്. യാത്ര ചെയ്ത ദൂരത്തിന്റെ പണം മാത്രം നല്‍കാനായിരുന്നെങ്കിലെന്ന് നമ്മളില്‍ ചിലരെങ്കിലും ചിന്തിച്ചിരിക്കും. അങ്ങനെയൊന്നാണേ ഡല്‍ഹി- ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ സംഭവിക്കാന്‍ പോവുന്നത്. 29 കിലോമീറ്റര്‍ നീളമുള്ള ഈ എക്‌സ്പ്രസ് വേയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം പണം നല്‍കിയാല്‍ മതി.

പല വിദേശ രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുള്ള ഈ സംവിധാനം ഇന്ത്യക്ക് അധികം പരിചയമുള്ളതല്ല. സാധാരണ ടോള്‍ പാതകളില്‍ ടോള്‍ ബൂത്തുകള്‍ വഴിയാണ് ടോളു പിരിക്കുന്നതെങ്കില്‍ യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം ടോള്‍ പിരിക്കുന്ന പാതകളില്‍ ഓട്ടോമാറ്റിക് ക്യാമറകളാണ് താരങ്ങള്‍. ടോള്‍ പാതകളിലെ വാഹനങ്ങളെ ക്യാമറകള്‍ തിരിച്ചറിയുകയും എത്ര ദൂരം പോയെന്ന് കണക്കുകൂട്ടി ഫാസ്റ്റ്ടാഗ് സംവിധാനം വഴി പണം ഈടാക്കുകയുമാണ് ചെയ്യുന്നത്.

ഡല്‍ഹി ഗുരുഗ്രാം എക്‌സ്പ്രസ് വേ ഇനി ഭരിക്കാന്‍ പോകുന്നത് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിങ്(ANPR) ക്യാമറകളായിരിക്കും. എക്‌സ്പ്രസ് വേയുടെ ഉള്ളിലേക്കും പുറത്തേക്കുമുള്ള എല്ലാ വഴികളിലും എഎന്‍പിആര്‍ ക്യാമറകള്‍ സ്ഥാപിക്കും. ആറുമാസത്തിനുള്ളില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ ശ്രമം. ഓടുന്ന ദൂരത്തിനനുസരിച്ച് ടോള്‍ ഈടാക്കുന്ന സംവിധാനം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഖേര്‍കി ദൗള ടോള്‍ പ്ലാസ എടുത്തു കളയുമെന്നും എന്‍എച്ച്എഐ സീനിയര്‍ മാനേജര്‍ ധ്രുവ് ഗുപ്ത പറഞ്ഞു.

ഇലക്ട്രോണിക് സംവിധാനം വഴി ടോള്‍ പിരിച്ചു തുടങ്ങിയാല്‍ എക്‌സ്പ്രസ് വേയിലെ ടോള്‍ പ്ലാസകളിലുണ്ടാവുന്ന ഗതാഗത തടസം ഒഴിവാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നേരത്തെയും എഎന്‍പിആര്‍ ക്യാമറകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ദ്വാരക എക്‌സ്പ്രസ് വേയില്‍ എഎന്‍പിആര്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ദേശീയപാതാ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ഏപ്രില്‍ മുതല്‍ ടോള്‍ നിരക്കില്‍ വര്‍ധനവ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ദേശീയപാതാ അതോറിറ്റി. അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ് വര്‍ധനവുണ്ടാവുക. റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ടോള്‍ വര്‍ധനവ് നിലവില്‍ വരും. ഇതോടെ കാറുകള്‍ അടക്കമുള്ള ചെറുകിട വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം കൂടുതല്‍ ടോളും വലിയ വാഹനങ്ങള്‍ക്ക് പത്ത് ശതമാനം കൂടുതല്‍ ടോളും നല്‍കേണ്ടി വരും.

English Summary: GPS-Based Toll System In 6 Months To Replace All Toll Plazas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com