മൂന്നോ നാലോ വയസ്സിലൊക്കെ പല മേഖലകളിലും കഴിവു തെളിയിച്ച കുട്ടികളെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലര്‍ക്ക് അപാരമായ ഓർമശക്തിയാണെങ്കില്‍ മറ്റു ചിലര്‍ക്ക് ചിത്രം വരയ്ക്കാനോ പാട്ടു പാടാനോ നൃത്തം ചെയ്യാനോ ഒക്കെയാവും കഴിവ്. സൂപ്പര്‍ ബൈക്കും സ്പോർട്സ് കാറുമൊക്കെ ഓടിച്ചും ഡ്രിഫ്റ്റ് ചെയ്തും അമ്പരപ്പിക്കുന്ന കുട്ടികളുമുണ്ട്. തുർക്കിയിൽനിന്നുള്ള സയാന്‍ സൊഫോഗ്ലു എന്ന മൂന്നുവയസ്സുകാരനും ഡ്രൈവിങ്ങിലൂടെയാണ് ശ്രദ്ധപിടിച്ചുപറ്റുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നു ലക്ഷം ഫോളോവേഴ്‌സുള്ള സൂപ്പര്‍സ്റ്റാറാണ് സയാന്‍. കാര്‍ട്ട് ട്രാക്കില്‍ ചുവന്ന ഫെരാരി എസ്എഫ് 90 ഓടിക്കുന്ന സയാന്റെ വിഡിയോ പലരും കണ്ടിട്ടുണ്ടാവും. വേഗം കുറവാണെങ്കിലും മൂന്നു വയസുകാരന്‍ ഫെരാരി പോലുള്ള സൂപ്പര്‍കാര്‍ അനായാസം നിയന്ത്രിക്കുന്നതു തന്നെ അദ്ഭുതമാണ്. അനുഭവ സമ്പന്നരായ പല ഡ്രൈവര്‍മാര്‍ക്കു പോലും വെല്ലുവിളിയാണ് സൂപ്പര്‍കാറുകള്‍ ഓടിക്കുന്നത്.
ഫെരാരി എസ്എഫ് 90ല്‍ ബേബി സീറ്റിലിരുന്നാണ് കുട്ടി സയാന്‍ കാര്‍ നിയന്ത്രിക്കുന്നത്. അതിവേഗം മുന്നോട്ടു നീങ്ങുന്ന ഫെരാരി വട്ടം കറങ്ങുന്നതും ഏതാനും സെക്കൻഡ് മാത്രം നീണ്ട വിഡിയോയില്‍ കാണാം. റേസിങ് ട്രാക്കില്‍ ടയറിന്റെ പാടുകളും ടയറില്‍നിന്നു പുകയുമെല്ലാം ഇതിനിടെ ഉയരുന്നുണ്ട്.
സയാന്റെ പിതാവ് കെനന്‍ സൊഫോഗ്ലു അഞ്ചു തവണ ലോക ചാംപ്യനായ മോട്ടര്‍ സൈക്കിള്‍ റേസറാണ്. കെനനാണ് സയാന്റെ ഏറ്റവും വലിയ പിന്തുണ.
സയാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിറയെ ബൈക്കിലും കാറിലുമുള്ള സാഹസിക പ്രകടനങ്ങളാണ്. കൂറ്റന്‍ സിക്‌സ് സിലിണ്ടര്‍ ഹോണ്ട ഗോള്‍ഡ് വിങ് പോലുള്ള പലതരം മോട്ടര്‍ സൈക്കിളുകള്‍ ഓടിക്കുന്നതിന്റേയും റോഡ് ബഗ്ഗി ചാടിക്കുന്നതിന്റെയും നാലു ചക്ര ബൈക്ക് രണ്ടു ചക്രത്തില്‍ ഓടിക്കുന്നതിന്റേെയും വെള്ളത്തിലൂടെ കാവസാക്കി ജെറ്റ്‌സ്‌കി ഓടിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ അതിലുണ്ട്.
English Summary: Watch A 3 Your Old Kid Do Donuts In A 986-HP Ferrari SF90