ADVERTISEMENT

ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍ കമ്പനി, ഓല ഇലക്ട്രിക്, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയ രാജ്യത്തെ പ്രധാന വൈദ്യുത ഇരുചക്രവാഹന നിര്‍മാതാക്കള്‍ ചാര്‍ജറുകള്‍ക്ക് ഈടാക്കിയ തുക ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കാന്‍ നിര്‍ബന്ധിതരാവുന്നു. സര്‍ക്കാര്‍ ഇളവുകള്‍ ലഭിക്കുന്നതിനായി കൃത്രിമം കാണിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു നിര്‍ദേശം പ്രമുഖ വൈദ്യുത ഇരുചക്രവാഹന നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഓല ഇലക്ട്രിക് മാത്രം 130 കോടി രൂപ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരും. 

 

കേന്ദ്ര സര്‍ക്കാരിന്റെ FAME(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചുറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിയില്‍ ഉള്‍പ്പെടാന്‍ വേണ്ടി കൃത്രിമം കാണിച്ചെന്നാണ് പരാതി. ഉപഭോക്താക്കള്‍ക്ക് ചാര്‍ജറുകളുടെ പണം പ്രത്യേകം ഈടാക്കി വൈദ്യുത സ്‌കൂട്ടറുകളുടെ വില 1.50 ലക്ഷത്തിനുള്ളില്‍ കാണിച്ചുവെന്നതാണ് പ്രധാനമായും കമ്പനികള്‍ നേരിടുന്ന കുറ്റം. ഒന്നര ലക്ഷത്തിനുള്ളില്‍ വില വരുന്ന വൈദ്യുത സ്‌കൂട്ടറുകളെയാണ് ഫെയിം പദ്ധതിയില്‍ ഉള്‍പ്പെടുത്താനാവുക. പരാതിയെ തുടര്‍ന്ന് ഇ.വി കമ്പനികള്‍ക്ക് നല്‍കാനുള്ള 800 കോടി രൂപയുടെ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

ഓഫ് ബോര്‍ഡ് ചാര്‍ജറുകള്‍ക്ക് അധികമായി പണം ഈടാക്കിയ ഒരു ലക്ഷം ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് ഓല അറിയിച്ചിട്ടുണ്ട്. ഏകദേശം 130 കോടി രൂപയാണ് ഈയിനത്തില്‍ ഓല ഇലക്ട്രിക്കിന് മാത്രം ചിലവാവുക. ഓലയുടെ എസ്1 പ്രൊ സ്‌കൂട്ടറുകളുടെ ഓഫ് ബോര്‍ഡ് ചാര്‍ജറുകള്‍ക്ക് 9,000 മുതല്‍ 19,000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് ഈടാക്കിയിരുന്നു. 

 

സര്‍ക്കാരിന്റെ ഏതു നിര്‍ദേശങ്ങളും പാലിക്കാന്‍ തയ്യാറാണെന്ന് ഓല ഇലക്ട്രിക് സ്ഥാപകനും സി.ഇ.ഒയുമായ ഭവിഷ് അഗര്‍വാള്‍ പ്രതികരിച്ചിട്ടുണ്ട്. ഏഥറും ഉപഭോക്താക്കള്‍ക്ക് ചാര്‍ജറിനായി ഈടാക്കിയ പണം തിരികെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം മറ്റു കമ്പനികള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

 

വൈദ്യുത വാഹനനിര്‍മാതാക്കള്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് FAME പദ്ധതി വഴി ആനുകൂല്യങ്ങള്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ ഇളവുകള്‍ സ്വീകരിക്കുന്നതിനായി വൈദ്യുത വാഹന നിര്‍മാതാക്കള്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് FAME II പദ്ധതി ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ചിരുന്നു. 

 

ഉത്പന്നങ്ങള്‍ പ്രാദേശികമായി വാങ്ങുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഹീറോ ഇലക്ട്രിക്കും ഒകിനാവ ഓട്ടോടെക്കും ഇതുവരെ ലഭിച്ച സബ്‌സിഡി തിരിച്ചു നല്‍കണമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ അങ്ങനെയൊരു നിര്‍ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് ഹീറോ പ്രതികരിച്ചിട്ടുള്ളത്. 

 

വൈദ്യുത വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് മാനുഫാക്ചുറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്(SMEV) കഴിഞ്ഞ മാസം സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ 1,200 കോടി രൂപ നല്‍കാനുണ്ടെന്നായിരുന്നു എസ്.എം.ഇ.വിയുടെ ആരോപണം. നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ലഭ്യമാവാതെ വന്നതോടെ കമ്പനികള്‍ക്ക് ഈ പണം സ്വയം മുടക്കേണ്ടി വന്നെന്നും ഇത് രാജ്യത്തെ വൈദ്യുത വാഹന നിര്‍മാണ വ്യവസായത്തെ തന്നെ പ്രതിസന്ധിയിലാക്കുകയാണെന്നുമാണ് എസ്.എം.ഇ.വി അറിയിച്ചത്.

 

English Summary: Ola To Refund Rs 130 Crore to Owners Who Purchased Chargers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com