ADVERTISEMENT

നമ്മുടെ നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള നിര്‍മിത ബുദ്ധി ക്യാമറകള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും ഒപ്പമുള്ളവരും ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനാവും. ഇതേ സാങ്കേതികവിദ്യ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉപയോഗിക്കുകയാണ് വാഹന നിര്‍മാതാക്കളായ ടിവിഎസ്. തങ്ങളുടെ വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ എന്ന് ക്യാമറയുടെ സഹായത്തില്‍ പരിശോധിക്കുകയും ചെയ്യുന്ന സൗകര്യം കൊണ്ടുവരുമെന്നാണ് ടിവിഎസിന്റെ ന്യു പ്രൊഡക്ട് ഡെവലപ്‌മെന്റ് വിഭാഗം പ്രസിഡന്റ് വിനയ് ഹാര്‍നെ അറിയിച്ചിരിക്കുന്നത്.

 

ഓട്ടോകാർ പ്രൊഫഷനൽ മാസിക നടത്തിയ റോഡ് സുരക്ഷാ കോണ്‍ക്ലേവില്‍ വച്ചാണ് ടിവിഎസ് തങ്ങളുടെ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് മുന്നറിയിപ്പ് സംവിധാനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. ക്യാമറ വഴി വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ഉണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കില്‍ വാഹനത്തിന്റെ സ്‌ക്രീനിലൂടെ മുന്നറിയിപ്പ് നല്‍കാനും സാധിക്കും.

 

ഒന്നിലേറെ മോഡലുകളില്‍ ടിവിഎസ് ഈ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമാനമായ സാങ്കേതികവിദ്യയെക്കുറിച്ച് ഇതുവരെ മറ്റൊരു ഇരുചക്രവാഹന നിര്‍മാതാക്കളും പ്രതികരിച്ചിട്ടില്ല. നേരത്തെ തങ്ങളുടെ മോട്ടോര്‍ സൈക്കിളുകളില്‍ ഫേഷ്യല്‍ ഐഡി ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അത് തങ്ങള്‍ ഏപ്രില്‍ ഫൂളാക്കിയതാണെന്നാണ് കമ്പനി പറഞ്ഞൊഴിയുകയും ചെയ്തു. പ്രഖ്യാപിച്ചതു പോലെ നടപ്പാക്കിയാല്‍ ലോകത്ത് ആദ്യമായി ഹെല്‍മെറ്റ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്ന ഇരുചക്രവാഹന നിര്‍മാണ കമ്പനിയെന്ന പേരും ടിവിഎസിന് സ്വന്തമാവും.

 

തങ്ങളുടെ ഫ്‌ളാഗ് ഷിപ്പ് ബൈക്കായ അപ്പാച്ചെ ആര്‍ആര്‍310 അടക്കമുള്ള മോഡലുകളില്‍ അവര്‍ ഈ ഫീച്ചര്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി.വി.എസിന്റെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറില്‍ അടക്കം ടിഎഫ്ടി ഡിസ്‌പ്ലേകളുണ്ട്. ഇരുചക്ര വാഹനങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ ടി.വി.എസിന് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ ഹെര്‍നെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ കൊണ്ടുവരുമെന്നും കൂട്ടിച്ചേര്‍ത്തു.

 

English Summary: TVS bikes, Scooters to have Cameras to Detect rider Helmet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com