കാർ നിർമിക്കാനും എഐ; പുത്തൻ സാങ്കേതിക വിദ്യയുമായി ബിഎംഡബ്ല്യു

bmw
Image Source: BMW
SHARE

വ്യത്യസ്തമായ മേഖലകളില്‍ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞ നിര്‍മിത ബുദ്ധി കാറുകളുടെ രൂപകല്‍പനയിലേക്കും എത്തുന്നു. ജർമൻ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ആണ് തങ്ങളുടെ കാറുകള്‍ നിര്‍മിക്കാന്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടുമെന്ന് അറിയിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന കാറുകളുടെ രൂപകല്‍പനയിലാണ് നിര്‍മിതബുദ്ധിയുടെ സേവനം ഉപയോഗിക്കുക.

നിര്‍മിത ബുദ്ധിയുടെ വരവു കൊണ്ട് തുടക്കത്തിലെങ്കിലും ആര്‍ക്കും ജോലി നഷ്ടമാവില്ലെന്ന സൂചനയും ബിഎംഡബ്ല്യു നല്‍കുന്നുണ്ട്. സമീപ ഭാവിയിലെങ്കിലും മനുഷ്യരെ പൂര്‍ണമായും മാറ്റി പൂര്‍ണമായും നിര്‍മിതബുദ്ധിയെ ആശ്രയിക്കില്ലെന്നും ബിഎംഡബ്ല്യു വ്യക്തമാക്കുന്നു. 'ആദ്യഘട്ടത്തില്‍ വീല്‍ ഡിസൈനിലാണ് നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുക. ചക്രത്തിന് അഞ്ച് അഴിയുണ്ടാവണം, ഭാരം ഇത്രയാവണം, 20 ഇഞ്ച് റിം ആയിരിക്കണം എന്നിങ്ങനെ ചില നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം അതിനനുസരിച്ച് രൂപകല്‍പന നടത്താന്‍ നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുകയാണ് ചെയ്യുക' എന്നാണ് ബിഎംഡബ്ല്യു ഡിസൈന്‍ മേധാവിയായ അഡ്രിയാന്‍ വാന്‍ ഹൂയ്‌ഡോങ്ക് വിശദീകരിക്കുന്നത്.

നിര്‍മിത ബുദ്ധി ഉപയോഗിക്കുമ്പോള്‍ തന്നെ അത് കൃത്യമായും മനുഷ്യരുടെ മേല്‍ നോട്ടത്തില്‍ മാത്രമായിരിക്കുമെന്ന് ഹൂയ്‌ഡോങ്ക് അടിവരയിടുന്നുണ്ട്. 'നിര്‍മിത ബുദ്ധിയുടെ ഡിസൈനുകള്‍ പരിശോധിക്കാന്‍ ഒരു ആര്‍ട്ട് ഡയറക്ടറുണ്ടാവും. ഏത് ഡിസൈനാണ് ഉചിതമെന്ന് തീരുമാനിക്കാനുള്ള ചുമതല ഇയാള്‍ക്കായിരിക്കും. കംപ്യൂട്ടറിന് എല്ലാം ചെയ്യാനാവുമെന്ന് കരുതുന്നില്ല. നമ്മുടെ മേല്‍നോട്ടം തീര്‍ച്ചയായും വേണം. എന്നാല്‍ മനുഷ്യന്റെ ജോലിയെ വേഗത്തിലാക്കാന്‍ നിര്‍മിത ബുദ്ധിയെക്കൊണ്ട് സഹായിക്കും' എന്നാണ് അദ്ദേഹം പറയുന്നത്.

നിലവില്‍ ബിഎംഡബ്ല്യു പുതിയ കാറുകളുടെ രൂപകല്‍പനയില്‍ മാത്രമാണ് നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുകയെങ്കിലും ഭാവിയില്‍ കൂടുതല്‍ മേഖലയിലേക്ക് നിര്‍മിത ബുദ്ധി കടന്നു വരാനുള്ള സാധ്യത തള്ളാനാവില്ല. എങ്കിലും ഒരു കാര്‍ പൂര്‍ണമായും നിര്‍മിത ബുദ്ധി ഉപയോഗിച്ച് രൂപകല്‍പന ചെയ്യുക സമീപകാലത്ത് എളുപ്പമല്ലെന്നും ഹൂയ്‌ഡോങ്ക് സൂചിപ്പിക്കുന്നുണ്ട്.

English Summary: The next-generation BMW cars may be designed by artificial intelligence

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS