ADVERTISEMENT

ഒരു സമ്മാനപ്പൊതി പതിയെ അഴിക്കുന്നതു പോലെയാണ് ചെറു എസ്‌യുവി എക്സ്റ്ററിന്റെ വിശദാംശങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിടുന്നത്. ആദ്യം എക്‌സ്റ്ററിന്റെ രേഖാചിത്രം പുറത്തുവിട്ട ഹ്യുണ്ടേയ് ഏപ്രിലില്‍ വാഹനത്തിന്റെ മുന്‍ ഭാഗത്തിന്റെ ചിത്രം പുറത്തുവിട്ടിരുന്നു ഇപ്പോഴിതാ ഔദ്യോഗികമായി പിന്‍ഭാഗത്തിന്റെ ചിത്രവും പുറത്തുവന്നിരിക്കുന്നു. ഹ്യുണ്ടേയ് ഏറ്റവും കുറഞ്ഞ വിലയില്‍ പുറത്തിറക്കുന്ന എസ്‌യുവിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എക്സ്റ്റര്‍ സുരക്ഷയുടേയും ഫീച്ചറുകളുടേയും പേരിലും നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

hyundai-exter-1

 

പുറത്തുവന്ന എക്സ്റ്ററിന്റെ പിന്‍ഭാഗത്തെ ഡിസൈനില്‍ ആദ്യം കണ്ണുടക്കുക എല്‍ഇഡി ടെയ്ല്‍ ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള കറുത്ത കനത്തിലുള്ള പട്ടയാണ്. ടെക്‌സ്റ്റേഡ് ഫിനിഷില്‍ ഹ്യുണ്ടേയ് ലോഗോ ഇതിന്റെ മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്നു. മുന്നിലെ ഡേടൈം ലാംപിലേതുപോലെ പിന്നിലെ ടെയ്ല്‍ ലാംപിലും ഹ്യുണ്ടേയുടെ 'H' എന്ന അക്ഷരം തെളിഞ്ഞു കാണാം.

Hyundai Exter
Hyundai Exter

 

ചെത്തിയെടുത്തതു പോലുള്ള രൂപകല്‍പന എക്സ്റ്ററിന് മൊത്തത്തില്‍ പരുക്കന്‍ ലുക്ക് നല്‍കുന്നുണ്ട്. കറുപ്പിലും സിൽവർ നിറത്തിലും നിര്‍മിച്ചതാണ് പിന്നിലെ ഡ്യുവല്‍ ടോണ്‍ ബംപര്‍. പിന്നിലെ റിഫ്‌ളക്ടറുകള്‍ ഈ ഡ്യുവല്‍ ടോണ്‍ ബംപറിന്റെ കറുപ്പിനും സിൽവറിനുമിടയില്‍ ചേര്‍ന്നിരിക്കുന്നു.

Hyundai Exter
Hyundai Exter

 

1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എൻജിനാണ് ഹ്യുണ്ടേയ് എക്‌സ്റ്ററിന്. 83hp കരുത്തും പരമാവധി 114Nm ടോര്‍ക്കും പുറത്തെടുക്കാന്‍ എക്സ്റ്ററിന് സാധിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുകളാണ് വാഹനത്തിലുണ്ടാകുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള സിഎന്‍ജി എക്സ്റ്ററും ഹ്യുണ്ടേയ് പുറത്തിറക്കുന്നുണ്ട്.

 

ഇപ്പോഴും എക്‌സ്റ്ററിന്റെ ഉള്ളിലെ സൗകര്യങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടില്ല. എങ്കിലും പല ഫീച്ചറുകളെക്കുറിച്ചും സൂചനയുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതായിരുന്നു അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ ബാഗുകളുടെ സുരക്ഷ നല്‍കുമെന്നത്. ഈ സെഗ്‌മെന്റില്‍ തന്നെ ആദ്യമായിട്ടാണ് ആറ് എയര്‍ബാഗുകള്‍ എന്നതും ശ്രദ്ധേയം. ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍, 2 കര്‍ട്ടന്‍, ഡ്രൈവര്‍ സൈഡ്, ഫ്രണ്ട് പാസഞ്ചര്‍ സൈഡ് എന്നിവിടങ്ങളിലാണ് എയര്‍ബാഗുകള്‍ ഉണ്ടാകുക.

 

ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, എല്ലാ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കീലെസ് എന്‍ട്രി, എ.ബി.എസ് വിത്ത് ഇ.ബി.ഡി, റിയര്‍ പാര്‍ക്കിംങ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് ഹെഡ് ലാംപ്, റിയര്‍ പാര്‍ക്കിംങ് ക്യാമറ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട പട്ടികയുണ്ട് ഹ്യുണ്ടേയ് എക്സ്റ്ററിന്. ഇഎക്‌സ്, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ്(ഒ) കണക്ട് എന്നിങ്ങനെ അഞ്ചു മോഡലുകളിലാണ് വാഹനം പുറത്തിറക്കുക.

 

ജൂലൈ ആദ്യം വില പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്ന ഹ്യുണ്ടേയ് എക്‌സ്റ്റര്‍ 11,000 രൂപക്ക് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാനും സാധിക്കും. ജൂലൈ അവസാനത്തോടെ എക്‌സ്റ്റര്‍ ഇന്ത്യന്‍ നിരത്തില്‍ ഓടി തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ എക്സ്റ്റര്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റി അയക്കാനും ഹ്യുണ്ടേയ്ക്ക് പദ്ധതിയുണ്ട്. ടാറ്റ പഞ്ച്, സിട്രോണ്‍ സി3, മാരുതി ഇഗ്‌നിസ് എന്നിവയാകും എക്‌സ്റ്ററിന്റെ എതിരാളികള്‍.

 

English Summary: hyundai Exter Design Fully Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com