ADVERTISEMENT

ചെറു വൈദ്യുത കാറുകളുടെ വിഭാഗത്തില്‍ രൂപംകൊണ്ടും സവിശേഷതകള്‍ കൊണ്ടും വ്യത്യസ്തമാണ് ഫിയറ്റ് അവതരിപ്പിച്ച ടോപോലിനോ. വാതിലുകള്‍ക്ക് പകരം കയര്‍! മടക്കി വെക്കാവുന്ന റൂഫ്, ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലായതുകൊണ്ടുതന്നെ പരമാവധി വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ മാത്രം... ഇങ്ങനെയൊക്കെയാണ് വൈദ്യുത കാറുകളില്‍ ഫിയറ്റ് ടോപോലിനോ വേറിട്ടു നില്‍ക്കുന്നത്. 

 

1936 മുതല്‍ 1955 വരെ നിര്‍മിച്ചിരുന്ന ഫിയറ്റ് 500ന്റെ വിളിപ്പേരാണ് ടോപോലിനോ. ഇറ്റാലിയന്‍ ഭാഷയില്‍ കുഞ്ഞനെലിയെന്നാണ് ടോപോലിനോ എന്നാല്‍ അര്‍ഥം. ഒന്നുകൂടി നോക്കിയാല്‍ എലിയുമായുള്ള സാദൃശ്യം ടോപോലിനോക്ക് കാണാനുമാവും. ഉരുണ്ട രൂപത്തിനൊപ്പം തവിട്ടു നിറത്തിലുള്ള മടക്കിവെക്കാവുന്ന മുകള്‍ഭാഗവും വെള്ള നിറത്തിലുള്ള സീറ്റുകളും ഈ വിളിപ്പേരിനെ ഉറപ്പിക്കുന്നുണ്ട്. 

 

സിട്രോണ്‍ എഎംഐ അടിസ്ഥാനമാക്കിയാണ് ഫിയറ്റ് ഈ ചെറു ഇലക്ട്രിക്ക് കാര്‍ നിര്‍മിച്ചെടുത്തിരിക്കുന്നത്. 500 ഇ ക്കു ശേഷം ഫിയറ്റ് പുറത്തിറക്കുന്ന രണ്ടാമത്തെ വൈദ്യുത കാറാണ് ടോപോലിനോ ഇവി. 5.5kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിലെ 8 PS വൈദ്യുത മോട്ടോറിന് കരുത്തു നല്‍കുന്നത്. ഒരു തവണ ചാര്‍ജു ചെയ്താല്‍ 74 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ടോപോലിനോയുടെ പരമാവധി വേഗം മണിക്കൂറില്‍ 45 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

 

രണ്ടു സീറ്റുകളുള്ള കുഞ്ഞന്‍ ടോപോലിനോയുടെ ചിത്രങ്ങള്‍ ഫിയറ്റ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 2027ഓടെ ഈ മൈക്രോ ഇലക്ട്രിക് എസ്‌യുവി നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'യൂറോപിന് യോജിച്ച വൈദ്യുത കാര്‍ നിര്‍മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സാധാരണക്കാരുടെ ടെസ്‌ലയാണിത്. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വൈദ്യുത വാഹനം' എന്നൊക്കെയാണ് ഫിയറ്റ് സിഇഒ ഒളിവിയര്‍ ഫ്രാങ്കോയിസ് ടോപോലിനോയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ വിവരിച്ചത്. 

 

യുവാക്കളും കുടുംബങ്ങളും നഗരങ്ങളിലെ യാത്രക്കാരും അടക്കമുള്ളവരെ ഫിയറ്റ് ടോപോലിനോ ലക്ഷ്യം വെക്കുന്നുണ്ട്. കുറഞ്ഞചിലവില്‍ നാടുകാണാനിറങ്ങുന്നവര്‍ക്കും യോജിച്ച പങ്കാളിയായിരിക്കും ഈ ചെറു വൈദ്യുത കാര്‍. ടോപോലിനോയെ മൊറോക്കോയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനാണ് ഫിയറ്റിന്റെ പദ്ധതി. എങ്കിലും ഇന്ത്യന്‍ വിപണിയില്‍ ടോപോലിനോയെ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഒരു സൂചനയും ഫിയറ്റ് നല്‍കിയിട്ടില്ല. 

 

English Summary: Iconic Fiat Topolino Badge Makes a Comeback as Micro-EV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com