ADVERTISEMENT

 

കടുത്തമത്സരമുള്ള ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ കാര്‍ നിര്‍മാതാക്കളുടെ ശക്തമായ മത്സരം നടക്കുന്നുണ്ട്. ഇതിനിടെ വലിയ പ്രചാരം നൽകി അവതരിപ്പിക്കുന്ന പല കാര്‍ ഫീച്ചറുകളും അനാവശ്യമാണെന്ന കാര്യം അധികമാരും ശ്രദ്ധിക്കാറുമില്ല. ഇത്തരം അനാവശ്യ ഫീച്ചറുകളെ ഒഴിവാക്കുന്നതു വഴി നമുക്ക് പണവും ലാഭിക്കാനാവും. വലിയ തോതില്‍ പ്രചാരം ലഭിക്കുന്ന, എന്നാല്‍  ഒഴിവാക്കിയാലും ഒരു കുഴപ്പവുമില്ലാത്ത കാര്‍ ഫീച്ചറുകളെ പരിചയപ്പെടാം.

 

സണ്‍റൂഫ്

 

ഇന്ത്യയെ പോലെ ചൂടും പൊടിയുമുള്ള കാലാവസ്ഥയുള്ള നാട്ടില്‍ സണ്‍റൂഫ് ഒരു അനാവശ്യ ഫീച്ചറാണെന്നതാണ് വസ്തുത. എങ്കിലും പല കാര്‍ നിര്‍മാതാക്കളും വലിയ സംഭവമായി സണ്‍റൂഫിനെ അവതരിപ്പിക്കുകയും നിരവധി ഉപഭോക്താക്കള്‍ അതില്‍ വീണുപോവുകയും ചെയ്യുന്നുണ്ട്. സണ്‍റൂഫിന്റെ പരിപാലനവും പലപ്പോഴും തലവേദനയാവാറുണ്ട്. ട്രിപ്പു പോവുമ്പോഴും മറ്റും കുട്ടികള്‍ക്ക് തല വാഹനത്തിന് പുറത്തേക്കിട്ട് പരമാവധി ആസ്വദിക്കാനൊക്കെ സണ്‍റൂഫ് വേണ്ടേ? എന്നു വാദിക്കുന്നവരുണ്ട്. 

 

ഇത് അനാവശ്യ അപകടം ക്ഷണിച്ചു വരുത്തുന്ന കാര്യമാണെന്നതാണ് മറുപടി. അതു മാത്രമല്ല മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇങ്ങനെയുള്ള യാത്ര കണ്ടാല്‍ കയ്യോടെ പിഴയടപ്പിക്കാനും സാധ്യതയുണ്ട്. നമ്മുടെ നാട്ടില്‍ നിയമപരമായി ഉപയോഗിക്കാനാവാത്ത ഒരു സൗകര്യത്തിനു വേണ്ടി പണം ചിലവഴിക്കുന്നത് ബുദ്ധിപരമാണോയെന്ന് നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം 

 

ടച്ച് സെന്‍സിറ്റീവ് ക്ലൈമറ്റ് കണ്‍ട്രോള്‍

 

പല കാറുകളിലും ഫാന്‍സി ഫീച്ചറെന്ന നിലയില്‍ ടച്ച് സെന്‍സിറ്റീവ് ക്ലൈമറ്റ് കണ്‍ട്രോള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ചലിക്കുന്ന കാറില്‍ പ്രവര്‍ത്തിപ്പിക്കുകയെന്നത് തലവേദന പിടിച്ച പണിയാണ്. അത്രമേല്‍ സൂഷ്മതയും ക്ഷമയും വേണ്ടി വരും ടച്ച് സെന്‍സിറ്റീവ് ക്ലൈമറ്റ് കണ്‍ട്രോള്‍ ആഗ്രഹിക്കും വിധം ഉപയോഗിക്കാന്‍. 

 

വോയ്‌സ് കമാന്‍ഡ്

 

വോയ്‌സ് കമാന്‍ഡ് ഫീച്ചര്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പുരോഗമിച്ചിട്ടുണ്ടെങ്കിലും അധികം പണം നല്‍കി ഉള്‍ക്കൊള്ളിക്കാനും മാത്രം വേണ്ട സൗകര്യമാണോ ഇതെന്നത് ചിന്തിച്ചു തീരുമാനിക്കേണ്ടതാണ്. പലരും ആദ്യ ദിവസങ്ങളിലെ പുതുമ കഴിഞ്ഞാല്‍ വോയ്‌സ് കമാന്‍ഡ് ഉപയോഗിക്കുന്നതു പോലും കുറവാണ്. 

 

 

ഫോക്‌സ് റൂഫ് റെയില്‍സ്

 

മേല്‍ക്കൂരയില്‍ പിടിപ്പിക്കുന്ന ഫോക്‌സ് റൂഫ് റെയില്‍സുമായാണ് ഇന്ന് പല എസ്.യു.വികളും വരുന്നത്. പല എസ്.യു.വികളിലും അധിക ഫീച്ചറായാണ് ഇത് ഉള്‍പ്പെടുത്തുന്നത്. കാഴ്ച്ചയിലെ വ്യത്യസ്തതക്കുവേണ്ടി മാത്രമായുള്ള തികച്ചും ഫാന്‍സിയായ സൗകര്യമാണിത്. ഇത് ഒഴിവാക്കിയാല്‍ അതിന്റെ പൈസയും നിങ്ങളുടെ പോക്കറ്റിലിരിക്കും. 

 

ഹീറ്റഡ് സീറ്റുകളും സ്റ്റിയറിംങും

 

പല കാര്‍ നിര്‍മാതാക്കളും അവരുടെ ഏറ്റവും മുന്തിയ കാറുകളില്‍ നല്‍കുന്ന ഫീച്ചറാണ് ഹീറ്റഡ് സീറ്റുകളും സ്റ്റിയറിംങ് വീലും. ഇന്ത്യയെ പോലെ പൊതുവില്‍ ചൂടുള്ള കാലാവസ്ഥയുള്ള നാട്ടില്‍ സീറ്റും സ്റ്റിയറിംങ് വീലും കൂടുതല്‍ ചൂടാക്കാന്‍ പൈസ കൊടുക്കുന്നത് എന്തിനെന്ന് ആലോചിക്കണം. പലപ്പോഴും വലിയ കാര്യമായി അവതരിപ്പിക്കുന്ന ഈ ഫീച്ചര്‍ അസൗകര്യമായി മാറാറാണ് പതിവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com