ശ്രദ്ധിക്കാതെ കാറിന്റെ ഡോർ തുറന്നു, ജീവൻ നഷ്ടപ്പെട്ടത് രണ്ടുവയസുകാരിക്ക്: വിഡിയോ
Mail This Article
വഴിയരികിൽ വാഹനം നിർത്തി അശ്രദ്ധമായി ഡോർ തുറക്കുന്നത് അപകടകരമാണ്. ഒന്നും നോക്കാതെ ഇങ്ങനെ ഡോർ തുറന്നാൽ അപകടത്തിൽ പെടുന്നത് മറ്റ് വഴിയാത്രക്കാരായിരിക്കും. അത്തരത്തിലുണ്ടായൊരു അപകടത്തിന്റെ വിഡിയോയാണ് സൈബർബാദ് ട്രാഫിക് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
റോഡരികിൽ കാർ നിർത്തി അശ്രദ്ധമായി ഡോർ തുറന്നത് മൂലം ജീവൻ നഷ്ടപ്പെട്ടത് രണ്ടുവയസുകാരിക്കാണ്. അപകടം നടന്ന സ്ഥലം സൈബർബാദ് ട്രാഫിക് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കാറിന്റെ ഡോർ തുറന്നപ്പോൾ പിന്നിലൂടെ വന്ന ബൈക്കിൽ തട്ടുകയായിരുന്നു. ബൈക്കിന്റെ പിൻയാത്രക്കാരിയുടെ മടിയിൽ ഇരിക്കുകയായിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീണാണ് അപകട മരണം സംഭവിച്ചത്.
ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കൂ
റോഡരികിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ചില സാമാന്യ മര്യാദകളുണ്ട്. റോഡരികിലെ ഷോൾഡർ ലൈനിന് പുറത്ത് പാർക്ക് ചെയ്തതിന് ശേഷം, ‘നിയമപരമായി പാർക്ക് ചെയ്തു’ എന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.
എന്നാൽ വാഹനം പാർക്ക് ചെയ്ത് ഇറങ്ങേണ്ടത് ഒരിക്കലും റോഡിലേക്കാകരുത്. തിരക്കേറിയതും വാഹന സാന്ദ്രത കൂടിയതുമായ കേരളത്തിലെ ശ്വാസം മുട്ടിക്കുന്ന റോഡുകളിൽ സുരക്ഷിത അകലം പാലിക്കാതെ നുഴഞ്ഞ് കയറുന്ന ഇരുചക്ര വാഹനങ്ങൾ ഒരടി പോലും അകലം പാലിക്കാതെ ഇരച്ചു പായുമ്പോൾ പ്രത്യേകിച്ചും.
വാഹനം റോഡരികിൽ നിർത്തുമ്പോൾ ഷോൾഡർ ലൈനിന്റെ പുറത്ത് വാഹനം പാർക്ക് ചെയ്തതിനു ശേഷം ‘ഞങ്ങൾ സുരക്ഷിതമായിട്ടാണ് വാഹനം പാർക്ക് ചെയ്തിട്ടുള്ളത്’ എന്ന് പറയുന്ന നല്ലൊരു വിഭാഗം നമ്മുടെ നാട്ടിൽ ഉണ്ട്. അത്തരക്കാർ അറിയേണ്ടത്... ഷോൾഡർ ലൈനിനു പുറത്ത് വാഹനം പാർക്ക് ചെയ്താൽ കാഴ്ചയിൽ റോഡിന് പുറത്താണ്. പക്ഷേ അതിൽനിന്നു ഡ്രൈവർ പുറത്തിറങ്ങുന്നത് (പലപ്പോഴും പുറകിലെ സീറ്റിലെ കുട്ടികളും) റോഡിലേക്ക് (ക്യാരിയേജ് വേ) ഡോർ തുറന്നാണ് എന്നത് നമ്മൾ ബോധപൂർവം മറക്കുന്നു.
തീർച്ചയായും ഇടതുവശം ചേർന്നു പോകുന്ന ഒരു ബൈക്ക് യാത്രികന്റെ മുൻപിലേക്ക് അയാൾ പ്രതീക്ഷിക്കാതെ വരുന്ന തടസ്സം അപകടത്തിന് ഹേതുവാകും. ഇങ്ങനെ വരുന്ന തടസം മോട്ടർസൈക്കിൾ യാത്രികന്റെ റിയാക്‌ഷൻ സമയത്തിനേക്കാൾ കുറവായിരിക്കും. അതുകൊണ്ടാണ് റോഡിലേക്ക് തുറക്കുന്ന വാതിലുകളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുന്നത്.
ഞാൻ ഒരു അപകടത്തിന് കാരണമാകില്ലെന്ന സൂക്ഷ്മതയോടെ സുരക്ഷിതമായി പാർക്ക് ചെയ്യുകയും, വാതിൽ തുറക്കുവാൻ ഡച്ച് റീച്ച് രീതി അവലംബിക്കുകയും ചൈൽഡ് ലോക്ക് ഓണാക്കുകയും ചെയ്താൽ നിരപരാധികളുടെ ചോര നിരത്തിൽ വീഴുന്നത് ഒഴിവാക്കാം.
വിവരങ്ങൾക്ക് കടപ്പാട്: കേരളാ പൊലീസ് ഫെയ്സ്ബുക്ക് പേജ്
English Summary: Things To Remember While Parking Along Roadways