മരം കൊണ്ട് നിർമിച്ച സിട്രോണ്‍ 2സിവി, വിറ്റത് 1.86 കോടി രൂപയ്ക്ക്

citroen-2cv
Source: Creative Review. Photos: Citroën. citroenorigins.co.uk
SHARE

മരം കൊണ്ടു നിര്‍മിച്ച സിട്രോണ്‍ 2സിവി കാര്‍ ഫ്രാന്‍സില്‍ നടന്ന ലേലത്തില്‍ വിറ്റു പോയത് പൊന്നും വിലയ്ക്ക്. 2.10 ലക്ഷം പൗണ്ടാണ്(ഏകദേശം 1.86 കോടി രൂപ) ഈ അപൂര്‍വ വാഹനത്തിന് ലഭിച്ചത്.  ബോഡി പൂര്‍ണമായും മരംകൊണ്ടു നിര്‍മിച്ച ഒരേയൊരു സിട്രോണ്‍ 2സിവി ആണിത്. ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനം മരംകൊണ്ടു നിര്‍മിച്ചതാണെങ്കിലും സാധാരണ കാറു പോലെ തന്നെ ഉപയോഗിക്കാനും സാധിക്കും. 

വിന്റേജ് വാഹന പ്രേമിയും മ്യൂസിയം ഉടമയുമായ പാരിസില്‍ നിന്നുള്ള ഷോണ്‍ പോള്‍ ഫവാന്‍ഡാണ് ലേലത്തില്‍ ഈ മരത്തില്‍ കൊത്തിയെടുത്ത കാര്‍ സ്വന്തമാക്കിയത്. 'ഒരു കാര്‍ എന്നതിനേക്കാള്‍ കലാസൃഷ്ടി എന്ന നിലയിലാണ് ഇതിന് മൂല്യമുള്ളത്' എന്നാണ് ഫവാന്‍ഡ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചത്. 2016ല്‍ ഒരു സിട്രോണ്‍ 2 സിവി 1,72,800 യൂറോക്ക് വിറ്റുപോയിരുന്നു. അപൂര്‍വമായ 1961 മോഡല്‍  2സിവി സഹാറ മോഡലിനാണ് ഇത്രയും തുക ലഭിച്ചത്. ഈ റെക്കോഡിനേയും മറികടക്കുന്നതായി പുതിയ വില്‍പന. 

citroen-2cv-1
Source: Creative Review. Photos: Citroën. citroenorigins.co.uk

മൈക്കല്‍ റോബില്ലാര്‍ഡാണ് മരത്തില്‍ 2സിവിക്ക് അനുയോജ്യമായ ബോഡി നിര്‍മിച്ചെടുത്തത്. വാഹനത്തിന്റെ വശങ്ങളില്‍ വാള്‍നട്ട് മരത്തിന്റേയും ചേസിസ് പിയറിര്‍, ആപ്പിള്‍ മരങ്ങളുടെ തടി ഉപയോഗിച്ചുമാണ് റോബില്ലാര്‍ഡ് നിര്‍മിച്ചത്. ബോണറ്റിനായി ചെറി മരത്തിന്റെ ഒറ്റത്തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഉളിയും ഉരക്കടലാസും പോലുള്ള പണിയായുധങ്ങള്‍ മാത്രം ഉപയോഗിച്ച് കൈകൊണ്ടാണ് മൈക്കല്‍ റോബില്ലാര്‍ഡ് ഈ മരംകൊണ്ടുള്ള കാര്‍ കൊത്തിയെടുത്തത്. 2011ല്‍ ആരംഭിച്ച ഈ കാര്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ അഞ്ചു വര്‍ഷം വേണ്ടി വന്നു. ഇതിനിടെ 5,000 മണിക്കൂര്‍ വേണ്ടി വന്നു കാര്‍ ഈ രൂപത്തിലേക്ക് മാറ്റിയെടുക്കാനെന്നും റോബില്ലാര്‍ഡ് പറയുന്നു. 

അത്രയേറെ പാടുപെട്ടു നിര്‍മിച്ചതുകൊണ്ടുതന്നെ വല്ലാത്തൊരു ആത്മബന്ധം തടിയില്‍ തീര്‍ത്ത സിട്രോണ്‍ 2 സിവിയോട് റോബില്ലാര്‍ഡിനുണ്ട്. 'ഈ കാര്‍ എന്റെ മകളാണ്. മൂന്ന് ആണ്‍ മക്കളാണ് എനിക്കുള്ളത്. ഇത് എന്റെ ചെറിയ മകളാണ്' എന്നായിരുന്നു റോബില്ലാര്‍ഡ് പ്രതികരിച്ചത്. ഫോക്‌സ്‌വാഗണ്‍ ബീറ്റിലിനോട് മത്സരിക്കാന്‍ 1948ല്‍ സിട്രോണ്‍ പുറത്തിറക്കിയ മോഡലാണ് 2 സിവി. സിട്രോണ്‍ പിന്നീട് പുറത്തിറക്കിയ 3സിവി മോഡലിന്റെ എന്‍നാണ് ഈ വാഹനത്തിലുള്ളത്. 

സമാനമായ മറ്റൊരു പദ്ധതി കൂടി തന്റെ മനസിലുണ്ടെന്ന് റോബില്ലാര്‍ഡ് വെളിപ്പെടുത്തുന്നു. മറ്റൊരു ഫ്രഞ്ച് ക്ലാസിക്കായ സിട്രോണ്‍ ഡിഎസിന്റെ 70ാം വാര്‍ഷികം 2025ല്‍ ആഘോഷിക്കും. അപ്പോഴേക്കും മരം കൊണ്ട് സിട്രോണ്‍ ഡിഎസ് കൊത്തിയെടുക്കാനാണ് റോബില്ലാര്‍ഡിന്റെ പദ്ധതി. 14ാം വയസു മുതല്‍ മരപ്പണികള്‍ ചെയ്യുന്നയാളാണ് റോബില്ലാര്‍ഡ്. ലോകപ്രസിദ്ധമായ വാഹനങ്ങളുടെ ചെറു രൂപങ്ങള്‍ മരത്തില്‍ തീര്‍ത്ത് 1990കള്‍ മുതല്‍ തന്നെ റോബില്ലാര്‍ഡ് പേരെടുത്തിരുന്നു.

English Summary: Tree-mendous ride: Wooden Citroen 2CV sells for 210,000 Euros

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA