എന്തൊരു ആഡംബരം! ഇത് ടൊയോട്ടയുടെ റോൾസ് റോയ്സോ? സെഞ്ചുറി എസ്‍യുവി
Mail This Article
ടൊയോട്ടയുടെ സെഞ്ചുറി എസ്‌യുവി സെപ്റ്റംബര്‍ ആറിന് ആഗോളതലത്തില്‍ അവതരിപ്പിക്കും. റോള്‍സ് റോയ്‌സ് കള്ളിനനോടും ബെന്റ്‌ലി ബെന്റെയ്ഗയോടുമൊക്കെ സാമ്യതയുള്ള ടൊയോട്ട സെഞ്ചുറി എസ്‌യുവിക്ക് പക്ഷേ വില കുറവായിരിക്കും. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബര വാഹനമായിട്ടാണ് ഫ്‌ളാഗ്ഷിപ്പ് മോഡലായ സെഞ്ചുറി എസ്‌യുവിയെ ടൊയോട്ട വിപണിയിലെത്തിക്കുന്നത്.
1967 മുതല്‍ ജപ്പാന്‍ വിപണിയിലുള്ള വാഹനമാണ് സെഞ്ചുറി. ഇപ്പോഴും സെഞ്ചുറി സെഡാന്‍ ജപ്പാനില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സെഞ്ചുറി സെഡാന്‍ ജപ്പാനാണെങ്കില്‍ സെഞ്ചുറി എസ്‌യുവി ആഗോള വിപണിക്കു വേണ്ടിയാണ് ടൊയോട്ട ഒരുക്കുന്നത്. ജാപ്പനീസ് റോള്‍സ് റോയ്‌സ് കള്ളിനന്‍ എന്ന വിളിപ്പേരും സെഞ്ചുറി എസ്‌യുവിക്കുണ്ട്.
ഗ്രാന്‍ഡ് ഹൈലാന്‍ഡര്‍ എസ്‌യുവിയുടെ മൊണോകോക്ക് ചേസിസാണ് ടൊയോട്ട സെഞ്ചുറി എസ്‌യുവിക്കും. ഓഫ് റോഡിങിനേക്കാള്‍ നഗരയാത്രകള്‍ക്കായിരിക്കും സെഞ്ചുറി എസ്‌യുവി യോജിക്കുക. ആഡംബരവും സുരക്ഷയും സൗകര്യങ്ങളും ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ള ടൊയോട്ട നിര്‍മിതിയാണിത്. ഏതാണ്ട് 5.2 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള വലിയ കാറായിരിക്കും ടൊയോട്ട സെഞ്ചുറി എസ്‌യുവി.
വി12 എന്‍ജിനുള്ള സെഞ്ചുറിക്ക് ഗ്രാന്‍ഡ് ഹൈലാന്‍ഡര്‍ എസ്‌യുവിയുടേതു പോലുള്ള പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ പ്രതീക്ഷിക്കാം. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 243 എച്ച്പി കരുത്തുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളും വാഹനത്തിലുണ്ടായിരിക്കും. അല്ലെങ്കില്‍ 2.4 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 362 എച്ച്പി കരുത്തുപുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടോറും സെഞ്ചുറി എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം.
അഞ്ചുപേര്‍ക്ക് സഞ്ചരിക്കാവുന്ന വിശാലമായ ഉള്‍ഭാഗമാണ് സെഞ്ചുറിക്കുള്ളത്. ടച്ച് സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ലെവല്‍ 2 അഡാസ് സുരക്ഷയും സെഞ്ചുറി എസ്‌യുവിലുണ്ടാവും. അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കപ്പെട്ട് ആഴ്ച്ചകള്‍ക്കകം തന്നെ ഇന്ത്യയില്‍ സെഞ്ചുറി എസ്‌യുവി എത്താനാണ് സാധ്യത.
English Summary: Toyota Century SUV Breaks Cover