ചെന്നൈ - ബെംഗളൂർ യാത്രയ്ക്ക് 2 മണിക്കൂർ, ഹൈവേ അടുത്ത വർഷം; നിതിൻ ഗഡ്ക്കരി
Mail This Article
ചെന്നൈ, ബെംഗളൂരു പാതയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി. ചെന്നൈ - ബെംഗളൂരു ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തിലോ അടുത്തവര്‍ഷം തുടക്കത്തിലോ പണി പൂര്‍ത്തിയാവുമെന്നാണ് ഗഡ്ക്കരി അറിയിച്ചിരിക്കുന്നത്. ഈ പാത വഴി വെറും രണ്ടു മണിക്കൂറില്‍ ഈ രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയില്‍ റോഡ് ഗതാഗതം സാധ്യമാവും. ചെന്നൈയില്‍ നടന്ന അശോക് ലേലാന്റിന്റെ 75–ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു നിതിന്‍ ഗഡ്ക്കരിയുടെ പ്രഖ്യാപനം.
രാജ്യത്തെ 36 ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ പദ്ധതികളില്‍ പെട്ടതാണ് ബെംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേ. ഇപ്പോള്‍ റോഡു മാര്‍ഗം ഏഴു മണിക്കൂറോളം സമയമെടുക്കുന്നതാണ് വെറും രണ്ടു മണിക്കൂറില്‍ പുതിയ എക്‌സ്പ്രസ് വേ വഴി സാധ്യമാവുക. 'ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് വേ തുറക്കും. ഇതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം വെറും രണ്ടു മണിക്കൂറായി മാറും' എന്നാണ് ഗഡ്ക്കരിയുടെ പ്രഖ്യാപനം.
നിരവധി സാധ്യതകളാണ് യാത്രാ സമയത്തില്‍ ഗണ്യമായ കുറവുണ്ടാവുന്നതോടെ തുറക്കുക. ഇരുമെട്രോ നഗരങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ ആഡംബര ബസ് സര്‍വീസുകള്‍ ആരംഭിക്കാം. വിമാന-ട്രയിന്‍ യാത്രയേക്കാള്‍ റോഡ് മാര്‍ഗമുള്ള യാത്രകളും കൂടുതലായി ഇതുവഴി ആരംഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. വൈദ്യുത സ്ലീപ്പര്‍ ബസുകളും കൂടുതലായി സര്‍വീസുകള്‍ ആരംഭിക്കും. ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ കുറക്കാന്‍ വൈദ്യുത ബസുകള്‍ വഴി സാധിക്കുമെന്നും കരുതപ്പെടുന്നു. 2024 മാര്‍ച്ചില്‍ പണി പൂര്‍ത്തിയാവുമെന്ന് നേരത്തെ പ്രഖ്യാപിച്ച എക്‌സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തിലോ അല്ലെങ്കില്‍ അടുത്ത ജനുവരിയിലോ തുറക്കുമെന്നാണ് ഗഡ്ക്കരി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ ഹോസ്‌കോട്ട് മുതല്‍ ശ്രീപെരുംപുത്തൂര്‍ വരെയാണ് എക്‌സ്പ്രസ് വേയുള്ളത്. ചെന്നൈയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ശ്രീപെരുംപത്തൂര്‍. 2022 മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ എക്‌സ്പ്രസ് വേക്ക് തറക്കല്ലിട്ടത്. കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ് നാട് സംസ്ഥാനങ്ങളിലൂടെ പോവുന്ന ബാംഗളൂരു- ചെന്നൈ എക്‌സ്പ്രസ് വേക്ക് 262 കിലോമീറ്ററാണ് ദൂരം. ഇതില്‍ 240 കിലോമീറ്റര്‍ ദൂരവും എട്ടു വരിപാതയാണ്. ഈ പദ്ധതിക്കുവേണ്ടി ഏകദേശം 2,650 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വന്നത്.
മൂന്നു ഘട്ടങ്ങളായാണ് എക്‌സ്പ്രസ് വേയുടെ നിര്‍മാണം. കര്‍ണാടകയിലെ ഹോസ്‌കോട്ടെ മുതല്‍ ബേതമംഗല വരെ നീളുന്ന 62.6 കി.മീ വരെ നീളുന്നതാണ് ആദ്യഘട്ടം. ബേതമംഗല മുതല്‍ ആന്ധ്ര പ്രദേശിലെ ഗുഡിപാല വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ 85 കിലോമീറ്റര്‍ ദൂരം ഉള്‍പ്പെടുന്നു. ഗുഡിപാല മുതല്‍ ശ്രീപെരുംപിത്തൂര്‍ വരെ നീളുന്ന മൂന്നാം ഘട്ടത്തില്‍ 106 കിലോമീറ്റര്‍ പാതയാണ് നിര്‍മിക്കുക.
ബാംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേയുടെ പണി പൂര്‍ത്തിയാവുന്നതോടെ ഡല്‍ഹിയില്‍ നിന്നും ചെന്നൈ വരെ എക്‌സ്പ്രസ് വേകള്‍ തമ്മില്‍ ബന്ധമാവുമെന്നും ഗഡ്ക്കരി പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് സൂറത്ത്, നാസിക്, അഹ്‌മദ്‌നഗര്‍, കുര്‍ണൂല്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും പിന്നീട് കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ഹൈദരബാദ് എന്നിവിടങ്ങളിലേക്കും എക്‌സ്പ്രസ് വേകള്‍ വരുമെന്നും കേന്ദ്ര ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: Bangalore to Chennai in just 2 hours on new expressway by end-2023: Nitin Gadkari