ADVERTISEMENT

ഇരുചക്രവാഹന വിപണിയിൽ ഇന്ന് ഏറ്റവുമധികം ആവശ്യക്കാരുള്ള വിഭാഗമാണ് ക്വാർട്ടർ ലീറ്റർ ബൈക്കുകൾ. നിലവിലുള്ള മോഡലുകളും ഒട്ടേറെ മാറ്റങ്ങളോടെ വിപണിയിൽ പുതുക്കി അവതരിപ്പിക്കാനും നിർമാതാക്കൾ തമ്മിൽ വലിയ മത്സരമാണ് നടക്കുന്നത്. ഹോണ്ട മോട്ടർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ ക്വാർട്ടർ ലീറ്റർ വിഭാഗത്തിലെ പ്രഥമ മത്സരാർഥിയായ സിബി300 എഫിന്റെ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ വെറുതെ അവതരിപ്പിച്ചു എന്നു പറഞ്ഞാൽ പോര. ‍ഞെട്ടിക്കുന്ന വിലക്കുറവിലാണ് ഈ 300 സിസി ബൈക്ക് ഹോണ്ട പുറത്തെത്തിച്ചിരിക്കുന്നത്. 1.70 ലക്ഷം രൂപ മാത്രമാണ് വാഹനത്തിന് വില. അതായത് മുൻപ് വിപണിയിലുണ്ടായിരുന്ന മോഡലിൽ നിന്ന് ഏകദേശം 56000 രൂപയോളം വിലയാണ് കുറ‍ഞ്ഞിരിക്കുന്നത്. 

സിബി300എഫ് ബിഎസ്6 ഫേസ് 2 സന്നാഹങ്ങളോടെയാണ് വിപണിയിലെത്തിയിട്ടുള്ളത്. 293 സിസി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എൻജിന് പരമാവധി കരുത്ത് 24 എച്ച്പിയാണ്. 25.6 എൻഎം ടോർക്കും വാഹനത്തിനു ലഭിച്ചു. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോടു കൂടിയ 6 സ്പീഡ് ഗിയർ ബോക്സാണ് വാഹനത്തിന്. 

രൂപത്തിൽ വലിയ മാറ്റങ്ങളില്ലെങ്കിലും പലയിടങ്ങളിലായി പുതുമകൾ കാണാം. പുതിയ ഷാർപ് ലുക്കിങ് എൽഇഡി ലാംപാണ് വാഹനത്തിന്റെ ഹൈലൈറ്റ്. സ്പ്ലിറ്റ് സീറ്റുകളാണ് വാഹനത്തിൽ നൽകിയിട്ടുള്ളത്. പുതിയ ഗ്രാബ് റെയിലും കാണാം. 5 ലെവലിൽ ബ്രൈറ്റ്നെസ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലും ചില പുതുമകൾ കാണാം. 

honda-cb300f-1

മുന്നിൽ കൂടുതൽ സ്പോർടിയായ ഗോൾഡൻ അപ്സൈഡ് ഡൗൺ ഫോർക്കുകളാണ്. പിന്നിൽ 5 സ്റ്റെപ് അഡ്ജസ്റ്റബിൾ മോണോ ഷോക്കുമുണ്ട്. 276 എംഎം മുൻ ഡിസ്ക് ബ്രേക്കും പിന്നിലെ 220 എംഎം ഡിസ്ക് ബ്രേക്കും വാഹനത്തിന്റെ സുരക്ഷാ വിഭാഗം വിദഗ്ധമായി കൈകാര്യം ചെയ്യും. ഡ്യുവൽ ചാനൽ എബിഎസും ഹോണ്ടയുടെ പുതിയ സെലക്ടബിൾ ടോർക്ക് കൺട്രോളും വാഹനത്തിനുണ്ട്. 

ഡീലക്സ് വകഭേദത്തിന് 2.26 ലക്ഷം രൂപയും ഡീലക്സ് പ്രോ വകഭേദത്തിന് 2.29 ലക്ഷം രൂപയുമായിരുന്നു മുൻപ് വില. പുതിയ മോഡലിൽ 56000 രൂപയാണ് കുറവ് നൽകിയത്. ഇത് പ്രാരംഭ വിലയാണെന്നാണ് സൂചന. സ്പോർട്സ് റെഡ്, മാറ്റ് മാർവെൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ 3 നിറങ്ങളിലാണ് വാഹനം ലഭ്യമായിരിക്കുന്നത്. 

English Summary: 2023 Honda CB300F Launched at Rs 1.70 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com