സൂപ്പർബൈക്കിൽ ‘ഷോഓഫ്’; യൂട്യൂബർക്ക് പരുക്ക്, കേസെടുത്ത് പൊലീസ്

bike-accident
Image Source: ttf_vasan___official
SHARE

ഇന്ത്യൻ നിരത്തിൽ സൂപ്പർ സ്പോർട് ബൈക്ക് അഭ്യാസങ്ങളും അതിനെ തുടർന്നുണ്ടാകുന്ന വലിയ അപകടങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ പുതുമയില്ലാത്ത കാര്യങ്ങളാണ്. യൂട്യൂബിൽ കാഴ്ചക്കാരെ കൂട്ടുന്നതിന് പൊതു നിരത്തിൽ എന്ത് അഭ്യാസവും കാണിക്കാമെന്ന ധാരണയാണ് അപകടത്തിലേക്കും അതുവഴി മരണത്തിലേക്കും പോലും എത്തുന്നത്. അത്തരത്തിൽ ഇരുചക്ര വാഹനങ്ങളുടെ പേരിൽ തമിഴ്നാട്ടിൽ കുപ്രസിദ്ധി നേടിയ ടിടിഎഫ് വാസൻ എന്ന യുവാവാണ് സൂപ്പർബൈക്കുമായി അപകടത്തിൽപെട്ടത്. 

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും വലിയ തോതിലാണ് പ്രചാരം നേടിയത്. കഴിഞ്ഞ ദിവസം കാഞ്ചീപുരത്തിനടുത്ത് ഹൈവേയിലായിരുന്നു അഭ്യാസവും തുടർന്ന് അപകടവുമുണ്ടായത്. യൂട്യൂബ് സൂപ്പർബൈക്കറായ വാസൻ അദ്ദേഹത്തിന്റെ സുസുക്കി ഹയബൂസയിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. സുഹൃത്തുക്കൾക്കൊപ്പം മഹാരാഷ്ട്രയിലേക്ക് റൈഡ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ. കാഞ്ചീപുരത്തിനു സമീപം ബാലുചെട്ടി സത്രം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. 

സൂപ്പർബൈക്കിൽ മുൻവീൽ ഉയർത്തി ദീർഘദൂരം സഞ്ചരിക്കുന്ന വാസന്റെ റീലുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയിരുന്നത്. ഇതേ വിധത്തിൽ മുൻവീൽ ഉയർത്തി ‘വീലി’ സ്റ്റണ്ട് ചെയ്യുന്നതിനിടെയാണ് അപകടം. ചെന്നൈ ബെംഗളൂരു ദേശീയ പാതയിൽ സഞ്ചരിക്കുന്നതിനിടെ സർവീസ് റോഡിനു സമീപമെത്തിയപ്പോൾ ഇയാൾ മുൻവീൽ ഉയർത്താൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തുടർന്ന് ഒപ്പമുണ്ടായിരുന്ന കാർ മുന്നിലേക്ക് കയറുന്നതിനിടെ വാസൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് 4 തവണ മലക്കം മറിഞ്ഞ് സമീപത്തേക്ക് തെറിച്ചുപോയി. വാസനും സമീപമുള്ള പുരയിടത്തിലേക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. 

അപകടത്തെ തുടർന്ന് വാഹനത്തിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നതും ആളുകൾ ഓടി കൂടുന്നതുമെല്ലാം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാൾ സ‍ഞ്ചരിച്ച 2023 മോഡൽ സുസുക്കി ഹയബൂസ പൂർണമായി തകർന്നു. 17 ലക്ഷം രൂപ വിലയുള്ള ഹയബൂസ കഴിഞ്ഞ ഏപ്രിലിലാണ് വാസൻ വാങ്ങിയത്. അപകടത്തെ തുടർന്ന് റാഷ് ഡ്രൈവിങ്ങിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് പതിവായി വാഹനത്തിന്റെ റീൽസ് പങ്കുവച്ചിരുന്നുവെങ്കിലും അഭ്യാസപ്രകടനങ്ങൾക്ക് മുതിർന്നിരുന്നില്ല. ആരാധകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അഭ്യാസമെന്നാണ് സൂചന. 1340 സിസി ഇൻലൈൻ 4 സിലിണ്ടർ എൻജിനാണ് വാഹനത്തിനുള്ളത്. 190 എച്ച്പി – 150 എൻഎം ടോർക്ക് എന്നിങ്ങനെയാണ് വാഹനത്തിന്റെ പരമാവധി കരുത്ത്. 

English Summary: TTF Vasan Accident Video Reveals Stunt Attempt – Footage Goes Viral

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS