മഴയിൽ ശ്രദ്ധവേണം! തെന്നി നീങ്ങിയ ബസ് എസ്യുവിയിൽ ഇടിച്ചു അപകടം: വിഡിയോ
Mail This Article
വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കുടുതലായതുകൊണ്ട് മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധ കൂടുതൽ വേണം. പെട്ടെന്നുള്ള ബ്രേക്കിങും വെട്ടിതിരിയലുകളും നടത്തിയാൽ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. മഴയത്ത് നിയന്ത്രണമില്ലാതെ വാഹനങ്ങൾ തെന്നി മറ്റു വാഹനങ്ങളും അപകടത്തിൽ പെട്ടേക്കാം. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തിരൂര്‍ വൈലത്തൂര്‍ അയ്യായ റോഡിലാണ് അപകടം നടന്നത്. മഴയിൽ തെന്നിയ ബസ് അതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ടടുന്ന പറമ്പിലേക്ക് എസ്‍യുവി മറിഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മഴക്കാല ഡ്രൈവിങ്ങിൽ ശ്രദ്ധിക്കു
വേനലൊടുങ്ങി മഴ തുടങ്ങിയാല്‍ എല്ലാവര്‍ക്കും സന്തോഷമായിരിക്കും. എന്നാലോ പിന്നീട് മഴ നിര്‍ത്താതെ തുടര്‍ന്നാല്‍ പ്രശ്‌നങ്ങള്‍ തലപൊക്കുകയായി. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെല്ലാം മഴക്കാലത്ത് പലവിധ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. അതേസമയം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് അധികം സമ്മര്‍ദമില്ലാതെ ആസ്വദിച്ചുകൊണ്ട് വാഹനം ഓടിക്കാനും ഉപയോഗിക്കാനും സാധിക്കും.
തയ്യാറെടുപ്പ്
ഏതുകാര്യം ചെയ്യുമ്പോഴും തയ്യാറെടുപ്പ് സഹായിക്കും. മഴക്കാലത്ത് എവിടേക്കെങ്കിലും വാഹനം ഓടിച്ചു പോവുമ്പോഴും തയ്യാറെടുപ്പുകള്‍ നമുക്ക് ഗുണം ചെയ്യും. പ്രത്യേകിച്ചും പോകുന്ന വഴിയുടെ പ്രത്യേകതകള്‍ മനസിലാക്കി വയ്ക്കുന്നത്. ഇത് അനാവശ്യമായ സമ്മര്‍ദങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും.
പരിചിതമല്ലാത്ത വഴികള്‍
ഡ്രൈവിങ്ങും യാത്രയും ഇഷ്ടപ്പെടുന്നവര്‍ പുതിയ പുതിയ റോഡുകള്‍ ലക്ഷ്യങ്ങളിലെത്താന്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അത്ര പരിചിതമല്ലാത്ത വഴിയിലൂടെ വണ്ടി തിരിക്കുന്നത് മഴക്കാലത്ത് അത്ര ഗുണം ചെയ്‌തേക്കില്ല. പ്രത്യേകിച്ചും മഴ മൂലം വെള്ളം കയറാനും മണ്ണിടിയാനുമൊക്കെ സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍.
റിസ്‌ക് വേണ്ട
യാത്രക്കിടെ മഴ കനത്താല്‍ പെട്ടെന്ന് വീടു പിടിക്കാനാവും ഭൂരിഭാഗം പേരും ശ്രമിക്കുക. അന്തിമലക്ഷ്യം വീട്ടിലേക്കെത്തുക എന്നതു തന്നെയാണെങ്കിലും ഇതിനായി അനാവാശ്യമായ അപകടസാധ്യതകളെ മറികടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും. അതുകൊണ്ട് സുരക്ഷിതമായ വേഗതയും വഴിയും മാത്രം സ്വീകരിക്കുന്നത് ഡ്രൈവിങ്ങിനിടെയുള്ള അനാവശ്യ സമ്മര്‍ദങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും.
സര്‍വീസ് മുടക്കരുത്
മഴക്കാലത്തിന് മുമ്പ് തന്നെ വാഹനം സര്‍വീസ് ചെയ്ത് തയ്യാറാക്കി നിര്‍ത്തുന്നതാണ് നല്ലത്. ഇനി മഴക്കാലം തുടങ്ങിയിട്ടുണ്ടെങ്കിലും സര്‍വീസ് മുടങ്ങാതെ ചെയ്യാന്‍ നോക്കണം. ഇത് അപ്രതീക്ഷിതമായി വാഹനം വഴിയില്‍ പണിമുടക്കുന്നതും മറ്റും ഒഴിവാക്കാന്‍ സഹായിക്കും. കൃത്യമായ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ബ്രേക്ക്ഡൗണ്‍ ആവാനുള്ള സാധ്യത കുറവാണ്.
ഭക്ഷണം കരുതാം
കനത്ത മഴക്കാലത്ത് പല കടകളും അടക്കാറുണ്ട്. അതുകൊണ്ടുതന്നെ നമ്മള്‍ പ്രതീക്ഷിച്ച സ്ഥലത്തും പ്രതീക്ഷിച്ച സമയത്തുമൊക്കെ ഭക്ഷണം ലഭിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ട് കുടിവെള്ളവും അത്യാവശ്യം ഭക്ഷണവും ദീര്‍ഘദൂര യാത്രകളില്‍ കൂടെ കരുതുന്നതാണ് നല്ലത്. പ്രത്യേകിച്ച് കുട്ടികള്‍ കൂടെയുണ്ടെങ്കില്‍. ഇത് യാത്രകളിലെ അനാവശ്യ സമ്മര്‍ദങ്ങളെ കുറക്കും.
English Summary: Bus Lost Control And Hit SUV In Rain