ADVERTISEMENT

ഇന്ത്യയില്‍ ഇനി റോയല്‍ എന്‍ഫീല്‍ഡ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നു തന്നെ മോട്ടോര്‍സൈക്കിളുകള്‍ വാടകയ്ക്ക് എടുക്കാം. 25 നഗരങ്ങളിലെ 40 മോട്ടോര്‍ സൈക്കിള്‍ റെന്റല്‍ ഓപറേറ്റര്‍മാര്‍ വഴിയാണ് റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി ഏതാണ്ട് 300ലേറെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളാണ് വാടകയ്ക്കു നല്‍കാനായി മാറ്റിവെച്ചിരിക്കുന്നത്. കേരളത്തിലെ രണ്ടു നഗരങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. 

ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹ്‌മദാബാദ്, മുംബൈ എന്നിങ്ങനെയുള്ള വന്‍ നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണ്. ദീര്‍ഘദൂരയാത്രകള്‍ക്ക് ബുള്ളറ്റുകള്‍ വാടകക്ക് എടുക്കുന്നതിന് വലിയ തോതില്‍ ആവശ്യക്കാരുള്ള മണാലി, ലേ, ഹരിദ്വാര്‍, ഋഷികേശ്, ഷിംല, നൈനിത്താള്‍, ബിര്‍ ബില്ലിങ്, സിലിഗുരി, ഡെറാഡൂണ്‍, ധര്‍മ്മശാല എന്നിവിടങ്ങളിലും ഇനി റോയല്‍ എന്‍ഫീല്‍ഡ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും മോട്ടോര്‍ സൈക്കിളുകള്‍ വാടകയ്ക്ക് ലഭിക്കും. 

കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും വാടകക്ക് ലഭിക്കുക. ഇവക്കു പുറമേ ചണ്ഡീഗഡ്, വിശാഖപട്ടണം, ഭുവനേശ്വര്‍, ജയ്‌സാല്‍മീര്‍, ജയ്പൂര്‍, ഉദയ്പൂര്‍, ഗോവ എന്നിങ്ങനെ സഞ്ചാരികള്‍ കൂടുതലായെത്തുന്ന നഗരങ്ങളിലും ഇത് ആരംഭിച്ചിട്ടുണ്ട്. 

റോയല്‍ എന്‍ഫീല്‍ഡിന്റെ വെബ്‌സൈറ്റ് വഴിയാണ് മോട്ടോര്‍ സൈക്കിള്‍ വാടകയ്ക്ക് എടുക്കാനാവുക. എവിടെ നിന്ന് ഏതു ദിവസമാണ് മോട്ടോര്‍സൈക്കിള്‍ വാടകയ്ക്ക് വേണ്ടതെന്നും എത്ര ദിവസത്തേക്കു വേണമെന്നതും അടക്കമുള്ള കാര്യങ്ങള്‍ വെബ് സൈറ്റ് വഴി നല്‍കണം. ഏതൊക്കെ മോഡലുകളാണ് ലഭ്യമായിട്ടുള്ളതെന്നും എത്രയാണ് വാടകയെന്നും തുടര്‍ന്ന് വെബ് സൈറ്റിലൂടെ അറിയാനാവും. 

'മോട്ടോര്‍സൈക്കിള്‍ വാടകക്കു കൊടുക്കുന്നവരും ടൂര്‍ ഓപറേറ്റര്‍മാരും മെക്കാനിക്കുകളും റൈഡര്‍മാരുമൊക്കെ ചേര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മോട്ടോര്‍ സൈക്ലിങ് സംസ്‌ക്കാരം രൂപപ്പെടുത്തിയത്. ഇന്ത്യയില്‍ എവിടെയും റൈഡര്‍മാര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയും റൈഡര്‍ ഡെസ്റ്റിനേഷനുകളിലേയും മോട്ടോര്‍സൈക്കിള്‍ റെന്റല്‍ ഓപ്പറേറ്റര്‍മാരെ പിന്തുണക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്' എന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ചീഫ് ബ്രാന്‍ഡ് ഓഫീസര്‍ മോഹിത് ധര്‍ ജയാല്‍ പുതിയ സംരംഭത്തെപ്പറ്റി പ്രതികരിച്ചത്.

English Summary: Royal Enfield Bikes For Rent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com